ഡോ. അന്‍വര്‍ അമീന്‍
രാജ്യത്തിന് ഒട്ടേറെ മികവുറ്റ കായികതാരങ്ങളെ സംഭാവന ചെയ്ത കേരളത്തില്‍ 25 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത് ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ് അരങ്ങേറുന്നത്. അത് വിജയകരമായി നടത്താന്‍ കഴിഞ്ഞുവെന്ന അംഗീകാരം കായികമേഖലയില്‍ നമ്മുടെ കരുത്തിന്റെ അടയാളമാണ്. ഇന്ന് സമാപിക്കുന്ന മീറ്റിനായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ വരുത്തിയിട്ടുള്ള ഒരുക്കങ്ങള്‍ ഗംഭീരമാണ്. ചാംപ്യന്‍ഷിപ്പിനായി രൂപീകരിച്ച കമ്മിറ്റി മികച്ച കാഴ്ചപ്പാടുകളിലൂടെ, വലിയ മാറ്റങ്ങളോടെയാണ് ഇത്തവണ കായിക മേള നടത്തുന്നത്. ഈ മേഖലയില്‍ ഭാവിയില്‍ വലിയ മാറ്റങ്ങള്‍ക്ക് ഇത് കാരണമാവുകയും ചെയ്യും. അതിന്റെ തെളിവാണ് താരങ്ങളുടെ വലിയ പങ്കാളിത്തം. 500ലേറെ താരങ്ങളാണ് ഇത്തവണ മാറ്റുരക്കാന്‍ എത്തിയത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മേധാവി സക്കീര്‍ ഹുസയ്ന്‍ ഉള്‍പ്പെടെയുള്ളവരുടെ കഴിവുറ്റ നേതൃത്വവും സമര്‍പ്പണ ബോധവുമാണ് ഈ കായികമേളയെ വന്‍ വിജയത്തിലേക്ക് നയിച്ചത് . അതേസമയം കേരളത്തിലെ കായികമേഖല നേരിടുന്ന പരിമിതികളേറെയാണ്. വിദഗ്ധപരിശീലനം നല്‍കാനുള്ള സംവിധാനം ഇല്ലാത്തത് തന്നെ പ്രധാന പ്രശ്‌നം. മുതിര്‍ന്ന കായിക താരങ്ങള്‍ പോലും യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയം ആണ് എല്ലാ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത്. സംസ്ഥാനത്തിന്റെ കായികമുന്നേറ്റത്തിന് ഭൂമി കിട്ടാന്‍ കേരള സംസ്ഥാന അത് ലറ്റിക്‌സ് അസോസിയേഷന്‍ പരമാവധി പരിശ്രമിച്ചു വരികയാണ്. അസോസിയേഷന്റെ കീഴില്‍ വിവിധ വികസന പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ആഷിക്ക് ഐനിക്കര നയിക്കുന്ന പ്ലാനിംഗ് കമ്മറ്റി സജീവമാണ്.
കായിക മേഖലയില്‍ കേരളത്തിന്റെ സാദ്ധ്യതകള്‍ അപാരമാണ്. ഇപ്പോഴത്തെ തലമുറയില്‍ തന്നെ ടിന്റു ലൂക്ക, ജിസ്‌നാ മാത്യു, ഇര്‍ഫാന്‍, മുഹമ്മദ് അനസ്, കുഞ്ഞുമുഹമ്മദ്, ആന്‍സി സോജന്‍ എന്നിവരൊക്കെ അഭിമാനതാരങ്ങളാണ്. ഇന്ത്യയില്‍ ഏറ്റവും അധികം ബഹുമതികള്‍ പത്മശ്രീയും അര്‍ജുന അവാര്‍ഡും ഉള്‍പ്പെടെ വാരിക്കൂട്ടിയ പ്രതിഭകള്‍ നമുക്കുണ്ടായിരുന്നു. അഞ്ജു ജോര്‍ജ്, എം.ഡി വല്‍സമ്മ, മെഴ്‌സിക്കുട്ടന്‍, സാറാമ്മ, ഷൈനി വില്‍സന്‍, സുരേഷ് ബാബു, അങ്ങനെ എത്രയെത്ര മഹാ താരങ്ങള്‍ അസൗകര്യങ്ങള്‍ക്കിടയിലും നമുക്ക് അഭിമാനവും അന്തസും നേടിത്തന്നു.
ഇന്ത്യന്‍ അത്‌ലറ്റിക്‌സിലും കേരളത്തിന്റെ പങ്ക് നിര്‍ണായകമാണ്. ടി.സി യോഹന്നാന്‍ മുതല്‍ ശങ്കര്‍ വരെയും പി.ടി ഉഷ മുതല്‍ ആന്‍സി സോജന്‍ വരെയുമുള്ള നീണ്ട താരനിര ഇതിന് സാക്ഷ്യം വഹിക്കുന്നു. കേരളത്തിന്റെ ഈ പാരമ്പര്യമാണ് ഇന്ത്യന്‍ അതിറ്റിക്‌സിനെ സമ്പന്നമാക്കുന്ന പ്രധാന ഘടകം. അത് ലറ്റിക്‌സിലെ ഈ മികവ് സീനിയര്‍സില്‍ മാത്രമല്ല ജൂനിയര്‍ വിഭാഗത്തിലും പ്രകടമാണ്. അന്തര്‍ദേശിയ തലത്തില്‍ ഇന്ത്യയുടെ നേട്ടങ്ങള്‍ക്ക് പിറകിലെല്ലാം കേരളത്തിന്റെ കയ്യും കാലും കാണാം. എന്നാല്‍ കേരളത്തിനു ഈ രംഗത്ത് ഇതിനേക്കാള്‍ ഇനിയും ഒരു പാട് ഉയരാന്‍ കഴിയും. ഇപ്പോള്‍ ഒരു വര്‍ഷമായി അധികാരമേറ്റ സംസ്ഥാന അത് ലറ്റിക്‌സ് അസോസിയേഷന്റെ പുതിയ കമ്മറ്റി നവീന കാഴ്ച്ചപ്പാടിലൂടെ വിവിധങ്ങളായ മാറ്റങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും നാന്ദി കുറിച്ചിരിക്കുന്നു. എല്ലാ നിലക്കും മികവാര്‍ന്ന നല്ലൊരു കായിക ട്രെയിനിങ് അക്കാദമി എല്ലാ ആധുനിക സൗകാര്യങ്ങളോടും കൂടി സ്ഥാപിക്കാനാണ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്. കായിക രംഗത്ത് ഒരു കാലത്തു നാം ആര്‍ജിച്ച വന്‍ നേട്ടങ്ങള്‍ ഇപ്പോള്‍ കാണാനില്ല. അര്‍ജുന അവാര്‍ഡുകളും മറ്റും നേടിയ ജേതാക്കളുടെ നാട്ടില്‍ അടുത്ത തലമുറ ഇതിനേക്കാള്‍ മികവുറ്റ രീതിയില്‍ വളരണം. ഇതിനായി അത് ലറ്റിക്‌സ് അസോസിയര്‍ഷന്‍ പ്ലാന്‍ ചെയ്യുന്ന സ്‌പോര്‍ട്‌സ് അക്കാദമി എല്ലാം കൊണ്ടും മികവുറ്റതാക്കണം എന്നാണ് ആഗ്രഹം . അത് ലറ്റിക്‌സ് അക്കാദമിക്ക് പുറമെ ഒരു ഇന്റര്‍നാഷണല്‍ സ്‌കൂളും അസോസിയേഷന്‍ ആസ്ഥാനവും ഉള്‍ക്കൊള്ളുന്നതാണ് പുതിയ പദ്ധതി. കുട്ടികളുടെ സര്‍വതോന്‍മുഖമായ വികസനം ലക്ഷ്യം വെച്ചുള്ള ഈ പദ്ധതിക്കായി ചുരുങ്ങിയത് 25 ഏക്കര്‍ സ്ഥലം വേണ്ടി വരും. മികവുറ്റ ട്രെയിനിങ് സംവിധാനം ഉണ്ടെങ്കില്‍ നമ്മുടെ താരങ്ങള്‍ ഇതിനേക്കാള്‍ വേഗത്തിലും ഉയരത്തിലും പറക്കുമെന്നതില്‍ സംശയമില്ല. ഇതിനായി സര്‍ക്കാറും മറ്റു അധികൃതരും സഹകരിക്കുകയും സഹായിക്കുകയും വേണമെന്നാണ് ഞങ്ങളുടെ അപേക്ഷ.