X

നാളെ ഭാരത് ബന്ദ്; വാണിജ്യ കേന്ദ്രങ്ങള്‍ നിശ്ചലമാവും

ഡല്‍ഹി: ഇന്ധന വില വര്‍ധന പിന്‍വലിക്കണമെന്ന് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ ആഹ്വാനം ചെയ്തിട്ടുള്ള ഭാരത് ബന്ദില്‍ വാണിജ്യ കേന്ദ്രങ്ങള്‍ നിശ്ചലമാവുമെന്ന് വ്യാപാരികളുടെ ദേശീയ സംഘടന. ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളും ബന്ദില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

ചരക്കുസേവന നികുതിയിലെ സങ്കീര്‍ണതകള്‍ പരിഹരിച്ച് ലളിതമാക്കുക, ഇ വേ ബില്‍ അപാകതകള്‍ പരിഹരിക്കുക, അടിക്കടിയുള്ള ഇന്ധന വില വര്‍ധന പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് ഫെബ്രുവരി ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്. വാഹന ഗതാഗത രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ സംഘടനായ ഓള്‍ ഇന്ത്യ ട്രാന്‍സ്പോര്‍ട്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ബന്ദിന്റെ ഭാഗമായി റോഡ് ഉപരോധിക്കുമെന്ന് കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് പ്രസ്താവനയില്‍ അറിയിച്ചു.

ചരക്കുസേവന നികുതി സങ്കീര്‍ണതകള്‍ നിറഞ്ഞ നികുതി ഘടനയാണ്. വ്യാപാരികള്‍ക്ക് ദുരിതം മാത്രമാണ് ഇത് സമ്മാനിക്കുന്നതെന്ന് കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് പ്രസ്താവനയില്‍ പറഞ്ഞു. കഷ്ടപ്പാടുകള്‍ വ്യക്തമാക്കി ജിഎസ്ടി കൗണ്‍സിലിലിന് നിരവധി പരാതികള്‍ നല്‍കിയിട്ടും ഇതുവരെ പ്രതികരിച്ചിട്ടില്ല. ജിഎസ്ടി കൗണ്‍സില്‍ സ്വന്തം അജന്‍ഡയുമായി മുന്നോട്ടുപോകുന്നു എന്ന തോന്നലാണ് ഇത് സൃഷ്ടിക്കുന്നത്. കൗണ്‍സിലിന്റെ വ്യാപാരി വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് ബന്ദ് നടത്താന്‍ തീരുമാനിച്ചതെന്നും സംഘടന അറിയിച്ചു.

 

Test User: