എഴുത്തും ചിത്രങ്ങളും/കെ.എസ് മുസ്തഫ
2019 ആഗസ്ത് 08
വയനാട് ജില്ലയിലെ മേപ്പാടി പുത്തുമല എസ്റ്റേറ്റില്‍ ദിവസങ്ങളായി തുടരുന്ന തോരാമഴക്ക് കനംകൂടി വന്നു. തിരിമുറിയാത്ത മഴയിലും കലിയൊടുങ്ങാത്ത കാറ്റിലും തേയില തളിര്‍ത്തുനില്‍ക്കുന്ന പച്ചക്കുന്നുകള്‍ ഇളകിത്തുടങ്ങി. ലയങ്ങളില്‍ നിന്ന് സുരക്ഷിസ്ഥാനത്തേക്ക് മാറാന്‍ കഴിയാത്തവര്‍ക്കായി എസ്റ്റേറ്റ് വക സ്റ്റോര്‍ തുറന്ന് കൊടുക്കാന്‍, വര്‍ഷങ്ങളായി എസ്‌റ്റേറ്റില്‍ ജോലി നോക്കുന്ന കര്‍ണാടക സ്വദേശി സ്റ്റോര്‍ കീപ്പര്‍ അണ്ണയ്യനെത്തേടി ആളുകളെത്തി. കുന്നിറക്കം അപകടമാണെന്ന് അറിയാമായിരുന്നിട്ടം അയാള്‍ക്ക് സൂപ്പര്‍വൈസറുടെ നിര്‍ദ്ദേശം അവഗണിക്കാനായില്ല. പുത്തുമലയുടെ ഓരം ചേര്‍ന്ന് കെട്ടിപ്പൊക്കിയ കശ്മീര്‍ കോളനിയിലെ പാടിമുറിയില്‍ നിന്ന് സ്റ്റോര്‍ റൂമിലേക്ക് പോകവേ, എതിര്‍ഭാഗത്ത് നിന്ന് വന്‍മരങ്ങളെയും പാറക്കൂട്ടങ്ങളെയും വഹിച്ച് മലയൊഴുകിവരുന്നത് അണ്ണയ്യന്‍ കണ്ടു. ഒരു നിമിഷം മാത്രം. അറ്റം കാണാത്ത വന്‍മരങ്ങള്‍ക്കും പാറക്കൂട്ടങ്ങള്‍ക്കുമൊപ്പം കുതിച്ചെത്തിയ ചളിമണ്ണ് അണ്ണയ്യനെ പുണര്‍ന്നു. അയാള്‍ക്കൊപ്പം പലയിടങ്ങളില്‍ നിന്നായി 16 മനുഷ്യജീവനുകളും മണ്ണിനടിയിലായി.
2019 ആഗസ്ത് 18
ദുരന്തം നടന്ന് പത്താംനാള്‍ പുത്തമുലയില്‍ നിന്നും ആറു കിലോമീറ്റര്‍ മാറി സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നും ഒരു പുരുഷന്റെ മൃതദേഹം ലഭിച്ചു. തിരിച്ചറിയാന്‍ പാകത്തില്‍ കാര്യമായൊന്നുമില്ലാത്ത, മണ്ണില്‍ പൂണ്ടൊട്ടിയ മനുഷ്യശരീരാവശിഷ്ടങ്ങള്‍. സാധ്യതകള്‍ പ്രകാരം അത് കര്‍ണാടക സ്വദേശിയും പുത്തുമല എസ്റ്റേറ്റിലെ ജീവനക്കാരുനുമായ അണ്ണയ്യന്റെ(54)താണെന്ന് മകന്‍ സുനിലും സഹോദരന്‍ ഗൗരിങ്കനും അധികൃതരെ അറിയിച്ചു. ഇതേത്തുടര്‍ന്ന് സബ്കലക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു.
ഔദ്യോഗിക നടപടിക്രമങ്ങള്‍ക്ക് ശേഷം സന്ധ്യയോടെ മേപ്പാടി മാരിയമ്മന്‍ ക്ഷേത്ര വക ശ്മശാനത്തില്‍ അവസാനവട്ട പൂജകളും പ്രാര്‍ത്ഥനകളും കഴിഞ്ഞ് മൃതദേഹം ചിതയിലേക്കെടുക്കാന്‍ നേരം പൊലീസ് ഓടിയെത്തി. സംസ്‌കാരം നിര്‍ത്തിവെക്കണമെന്നും മൃതദേഹത്തെക്കുറിച്ച് അവകാശവാദവുമായി അപകടത്തില്‍ കാണാതായ തമിഴ്‌നാട് സ്വദേശി ഗൗരീശങ്കറിന്റെ ബന്ധുക്കള്‍ എത്തിയിട്ടുണ്ടെന്നും അണ്ണയ്യന്റെ ബന്ധുക്കളെ പൊലീസ് അറിയിച്ചു. ചിതയില്‍ എണ്ണപടര്‍ന്ന ദേഹം അതോടെ താഴെയിറക്കി. അത് വരെ പ്രാര്‍ത്ഥനകളോടെ അടുത്ത് നിന്ന യശോദ തന്റെ ഭര്‍ത്താവിന്റേതെന്ന് ഉറപ്പിച്ച മൃതദേഹം പൊലീസ് ആംബുലന്‍സിലേക്ക് മാറ്റുന്നത് നിറഞ്ഞുതുളുമ്പിയ കണ്ണുനീരാല്‍ കാഴ്ച മങ്ങിയ മിഴികളോടെ നോക്കി നിന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ മൃതദേഹം ആരുടേതെന്നറിയാന്‍ ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ തീരുമാനമെടുത്തു. ഡി.എന്‍.എ പരിശോധനക്കായി ആഗസ്ത് 19ന് സാമ്പിള്‍ കണ്ണൂരിലെ റീജിയണ്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്കയച്ചു. ആത്മസംഘര്‍ഷങ്ങളുടെ എട്ടുനാളുകള്‍ക്ക് ശേഷം ഫലം വന്നത് ഗൗരിശങ്കറിന്റെ ബന്ധുക്കള്‍ക്ക് അനുകൂലമായായിരുന്നു. നടപടികള്‍ക്ക് ശേഷം മൃതദേഹം ഗൗരിയുടെ ജന്മദേശമായ ഉദുമല്‍പേട്ടിലേക്ക് കൊണ്ടുപോയി. ദിവസങ്ങള്‍ക്കകം തിരച്ചില്‍ അവസാനിപ്പിച്ച് രക്ഷാപ്രവര്‍ത്തകര്‍ പുത്തുമല വിടുകയും ചെയ്തു.
2020 സെപ്തംബര്‍ 08
കശ്മീര്‍ കോളനിയിലെ ഒറ്റമുറിപ്പാടിയില്‍ കഴിയുന്ന യശോദയെത്തേടി ഞങ്ങളെത്തി. പുത്തുമലക്ക് തൊട്ടടുത്ത് ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പണിത ലയങ്ങളിലൊന്നിലാണ് യശോദയിപ്പോഴും താമസിക്കുന്നത്. കല്യാണം കഴിഞ്ഞ് മൂന്നാം നാള്‍ ആദ്യമായി പാര്‍ക്കാനെത്തിയ അതേ പാടിമുറിയില്‍. കുറച്ച് വര്‍ഷങ്ങള്‍ മുമ്പ് വരെ ശബ്ദമുഖരിതമായിരുന്ന ലയങ്ങളില്‍ ഇപ്പോള്‍ ആളനക്കമില്ല. അടുത്ത് താമസിച്ചിരുന്നവരൊക്കെ ലയം വിട്ടു മറ്റിടങ്ങളിലേക്ക് ചേക്കറി. രണ്ട് പാടികള്‍ തകര്‍ന്നുപോവുകയും ചെയ്തു. ലയങ്ങളിലേക്ക് ഇപ്പോഴും റോഡായിട്ടില്ല. കുന്ന് വെട്ടിയൊരുക്കിയ നടവഴി മാത്രം. മഴയൊഴുകിയ വഴികളില്‍ മണല്‍മണ്ണ് അടിഞ്ഞുകൂടിയിരിക്കുന്നു. ചൂരല്‍മലയില്‍ നിന്നെത്തിയ അണ്ണയ്യന്റെ സഹോദരന്‍ ഗൗരിങ്കന് ഒന്നിലധികം തവണ വിളിക്കേണ്ടിവന്നു യശോദ പുറത്തേക്ക് വരാന്‍.
ശോകാര്‍ദ്രമായിരുന്നു അവരുടെ മുഖം. സംസാരിക്കാന്‍ ആദ്യമൊക്കെ മടികാണിച്ചെങ്കിലും അണ്ണയ്യനെക്കുറിച്ച് ചോദിച്ചതോടെ പാതി കന്നടയില്‍ യശോദ മറുപടി പറഞ്ഞ് തുടങ്ങി. കര്‍ണാടകയിലെ ഹാസന്‍ ജില്ലക്കാരാണ് അണ്ണയ്യനും യശോദയും. ചമ്രാപട്ടണം സ്വദേശികള്‍. ദാരിദ്രം നിര്‍ത്തിപ്പൊരിച്ചതോടെ 54 വര്‍ഷങ്ങള്‍ക്ക് മുമ്പ് അണ്ണയ്യന്റെ കുടുംബം വയനാട്ടിലേക്ക് കുടിയേറുകയായിരുന്നു. പുത്തുമലയടിവാരത്തെത്തുമ്പോള്‍ ആറുമാസമായിരുന്നു അണ്ണയ്യന് പ്രായം. അവിടന്നങ്ങോട്ട് അയാള്‍ പുത്തുമലക്കാരനായി. ഇരുപത്തിനാലാം വയസ്സില്‍ കല്യാണം കഴിക്കാന്‍ അണ്ണയ്യന്‍ ഒരിക്കലൂടെ ചാമ്രപട്ടണത്തേക്ക് പോയി. അടുത്ത ഗ്രാമത്തിലെ യശോദയെ താലികെട്ടി. മൂന്ന് ദിവസത്തെ മാത്രം പരിചയമുള്ളൊരു പുരുഷനൊപ്പം ആ 19കാരി പുത്തുമലയിലെ ഒറ്റമുറിപ്പാടിയിലെത്തി. ഭര്‍ത്താവ് ദിവസവും തേയിലത്തോട്ടത്തില്‍ ജോലിക്ക് പോവും. ഭാഷയറിയാത്ത അവള്‍ മലകളെ നോക്കിയും അരിവെച്ചും പാടിയില്‍ കഴിയും. ഇതിനിടെ യശോദ ഗര്‍ഭിണിയായി. ശ്രുതിയുടെയും സുനിലിന്റെയും അമ്മയായി.
വര്‍ഷങ്ങള്‍ കൂടുമ്പോള്‍ മാത്രം നാട്ടില്‍ പോയിരുന്ന അണ്ണയ്യന്റെ കുടുംബത്തിന് പുത്തമുലയായിരുന്നു ഒന്നാം വീട്. തുഛമായ വരുമാനത്തിലും കുടുംബം സന്തോഷത്തോടെ കഴിഞ്ഞു. മകളെ ബെംഗലൂരുവിലേക്ക് കല്യാണം കഴിച്ചയച്ചു. മകന്‍ എഞ്ചിനീയറിംഗ് പാസായി. ജോലിയിലെ ആത്മാര്‍ത്ഥത കാരണം അണ്ണയ്യനെ സ്‌റ്റോര്‍കീപ്പറായി മാനേജ്‌മെന്റ് നിയമിക്കുകയും ചെയ്തു.
അപകടം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് തൊട്ടേ പുത്തുമലയില്‍ അതിശക്തമായ മഴയായിരുന്നുവെന്ന് യശോദ ഓര്‍ക്കുന്നു. ആഗസ്ത് എട്ടിന് രാവിലെ മുതല്‍ നാട്ടുകാരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാനുള്ള ഓട്ടത്തിലായിരുന്നു അണ്ണയ്യന്‍. ഉച്ചയോടെ വീട്ടിലെത്തി ഭക്ഷണം കഴിച്ചു. മലയിലെവിടെയോ ഉരുള്‍പൊട്ടിയിട്ടുണ്ടെന്നാണ് തോന്നുന്നതെന്നും ഇനി പുറത്തേക്ക് പോകുന്നത് അപകടമാണെന്നും അയാള്‍ ഭാര്യയോട് പറഞ്ഞു. ആരും വിളിക്കാതിരിക്കാന്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഉച്ചയുറക്കത്തിനായി കിടന്നു.
അല്‍പം കഴിഞ്ഞതോടെ വീട് മാറാന്‍ കഴിയാതിരുന്ന കുറച്ച് പേര്‍ക്ക് കയറി നില്‍ക്കാന്‍ സ്റ്റോര്‍ റൂമിന്റെ താക്കോല്‍ വാങ്ങാനായി സൂപ്പര്‍വൈസര്‍ പറഞ്ഞയച്ച രണ്ട് മൂന്നുപേര്‍ അണ്ണയ്യനെ തേടി ലയത്തിലെത്തി. താക്കോല്‍ കൊടുത്തയക്കാന്‍ മടിച്ച അണ്ണയ്യന്‍ അവരോടൊപ്പം താഴേക്ക് പോയി. പോവാന്‍ നേരം പിന്തിരിഞ്ഞ് ഭാര്യയോടെ ഉടന്‍ മടങ്ങിവരാമെന്ന് ഉറപ്പിച്ച് പറഞ്ഞു. പക്ഷെ അണ്ണയ്യന്‍ തിരിച്ചുവന്നില്ല.
അപകടം നടന്ന് ദിവസങ്ങളും മാസങ്ങളും പിന്നിട്ടിട്ടും യശോദ ഭര്‍ത്താവിനായി ഇപ്പോഴും പാടിമുറിയില്‍ കാത്തിരിക്കുകയാണ്. സര്‍ക്കാര്‍ സഹായമായ 10 ലക്ഷം രൂപ ലഭിച്ചതോടെ കൂടെയുള്ളവര്‍ സ്വന്തം നാടുകളിലേക്കും സുരക്ഷിതമായ മറ്റിടങ്ങളിലേക്കും മടങ്ങിയിട്ടും യശോദ കര്‍ണാടകത്തിലേക്ക് മടങ്ങാന്‍ കൂട്ടാക്കിയില്ല. ബെംഗലൂരുവിലെ ഭര്‍ത്തൃവീട്ടിലേക്ക് മടങ്ങാന്‍ മകള്‍ കരഞ്ഞുവിളിച്ചിട്ടും പോയില്ല. തന്നോട് ഇപ്പോ വരാമെന്ന് പറഞ്ഞ് പോയ ഭര്‍ത്താവ് എന്നെങ്കിലുമൊരിക്കല്‍ ലയത്തിലേക്ക് തിരികെ വരുമെന്ന് തന്നെ അവരിപ്പോഴും കരുതുന്നു.
‘അണ്ണയ്യനെ കാണാതായിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഇനിയും കാത്തിരിക്കുന്നത് വെറുതെയാണെന്നാണ് അടുത്തുള്ളവരൊക്കെ പറയുന്നത്. എന്നാല്‍ എന്നോട് ഉടന്‍ മടങ്ങിവരാമെന്ന് പറഞ്ഞാണ് അണ്ണയ്യന്‍ പോയത്. നാട്ടുകാരേക്കാള്‍ എനിക്ക് വിശ്വാസം എന്റെ അണ്ണയ്യനേയാണ്’ യശോദ ഞങ്ങളോട് ആവര്‍ത്തിച്ചു.
നേരത്തേ മൂന്ന് കുടുംബങ്ങള്‍ താമസിച്ചിരുന്ന ലയത്തില്‍ ഇപ്പോള്‍ യശോദ ഒറ്റക്കാണ്. ഉപരിപഠനം പൂര്‍ത്തിയാക്കിയിട്ടും മകന് ജോലിയൊന്നും ശരിയാവാത്തതില്‍ അവര്‍ ദു:ഖിതയാണ്. ജോലിയൊന്നുമില്ലാതെ അമ്മയും മകനും എങ്ങനെ കഴിയുമെന്നതിനെക്കുറിച്ച് അവര്‍ക്ക് നിശ്ചയവുമില്ല. എങ്കിലും പുത്തുമല വിടാന്‍ യശോദ ഒരുക്കമല്ല. മേപ്പാടി മാരിയമ്മന്‍ ക്ഷേത്ര ശ്മശാനത്തില്‍ അഛനായി മകന്‍ ചൊല്ലിയ അവസാനപ്രാര്‍ത്ഥനകള്‍ കേട്ട് പുത്തുമലയുടെ ഉള്‍മണ്ണിലെവിടെയോ ഇനിയും മടങ്ങാതെ ഉറങ്ങുന്ന അണ്ണയ്യനെ കാത്തുകഴിയുകയാണ് അവരിപ്പോഴും.
മടങ്ങാന്‍ നേരം നടവഴികള്‍ പാതിയിറങ്ങി ഞങ്ങള്‍ തിരിഞ്ഞ് നോക്കി. അപ്പോഴും യശോദ റോഡില്‍ നിന്ന് വെട്ടിയൊതുക്കിയ മണ്‍വഴിയിലേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു. വെയിലുറക്കുന്നതോടെ അണ്ണയ്യന്‍ ചോറുണ്ണാന്‍ ലയത്തിലേക്ക് ഒരിക്കല്‍ കൂടെ കയറി വന്നാലോ…