X
    Categories: CultureFeatures

കണ്ണുനീരിന്റെ വെളിച്ചം

 

സജയ്.കെ.വി/ചിത്രീകരണം: സിഗ്നി ദേവരാജ്

നിത്യജീവിതത്തിന്റെ പ്രാരബ്ധപ്പതിവുകളിൽപ്പെട്ടുഴലുന്ന ശരാശരി മനുഷ്യന്റെ അഴലും ആത്മീയതയുമായിരുന്നു അക്കിത്തം കവിതയിൽ ആവർത്തിച്ചുകൊണ്ടേയിരുന്ന പ്രമേയങ്ങളിൽ ഒന്ന്. ഉള്ളിലൂറുന്ന കണ്ണീരിലും മെയ്യിലൂറുന്ന വിയർപ്പുനീരിലും സ്‌നാനപ്പെട്ടുനിൽക്കുന്ന കവിതയാണത്. ‘നരനായിങ്ങനെ’, ‘ധർമ്മസമരം’, ‘മുഖത്തോടു മുഖം’ തുടങ്ങിയ കവിതകളിൽ ദരിദ്രനോ സമ്പന്നനോ അല്ലാത്ത, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെടുന്ന ഈ ദയനീയനെ നമ്മൾ നേർക്കുനേർ കാണുന്നു.
‘ഇത്തിരി നേരമെഞ്ചിനീയറായ്
ഇത്തിരിനേരം പ്യൂണായും
ഇത്തിരിനേരം കണക്കപ്പിള്ളയായ്
ഇത്തിരിനേരം കവിയായും
ഉദിച്ച സൂര്യനെ വലിച്ചിഴച്ചു ഞാ-
നുദധിയിൽത്തള്ളിയുറങ്ങുന്നൂ;
അവനാട്ടേ വീണ്ടും കിഴക്കുദിപ്പൂ; ഞാ-
നതു കണ്ടാൽ പിടഞ്ഞെഴുന്നേൽപ്പൂ’ (നരനായിങ്ങനെ) എന്നതാണയാളുടെ ജീവിതക്രമം.
‘നരനായിങ്ങനെ മരിച്ചുഭൂമിയിൽ/ നരകവാരിധി നടുവിൽ ഞാൻ’ എന്നു കരുതുന്ന ഒരാൾ. ‘മുഖത്തോടുമുഖം’ എന്ന കവിതയിൽ ഇയാളുടെ ആത്മഗതം നമ്മൾ കൂടുതൽ തെളിമയോടെ ഇങ്ങനെ ഉയർന്നു കേൾക്കുന്നു.
‘ആവുമെങ്കിൽ ഭഗവാനെന്റെ
വിയർപ്പംഗീകരിക്കുക:
സത്യസന്ധതയുണ്ടെങ്കിൽ-
ക്കൺതുറന്നിതു കാണുക:
എന്റെ വേർപ്പിൻ സമുദ്രത്താൽ
ചൂഴപ്പെട്ടവനാണു ഞാൻ.
ഞാനിതിൽ താണുപോയാലും
നിലനിൽക്കുമിതക്ഷയം.’ ജീവിത സമുദ്രം എന്നതിന് അക്കിത്തത്തിന്റെ ഭാഷയിൽ വിയർപ്പിന്റെ വറ്റാക്കടൽ എന്നാണർത്ഥം.
‘അബ്ദുള്ള’ എന്ന അക്കിത്തം കവിത ലളിതമാണ്; ഒപ്പം അത്രമേൽ ഹൃദയസ്പർശിയും. ഒരിക്കൽ ഒരു തീവണ്ടി യാത്രയ്ക്കിടെ, യാദൃച്ഛികമായി കണ്ടുമുട്ടിയതാണ് കവി പണ്ടത്തെ സഹപാഠിയും അന്നത്തെ സമ്പന്ന വിദ്യാർത്ഥിയുമായിരുന്ന അബ്ദുള്ളയെ. ഇപ്പോളയാൾ ഒരു ‘മുച്ചൂടും പ്രാകൃതനായ രോഗി’. ഒന്നുരണ്ടു കുശലോക്തികൾ പരസ്പരം കൈമാറാനേ ഇടകിട്ടിയുള്ളൂ. അടുത്ത സ്റ്റേഷനിൽ അബ്ദുള്ള ഇറങ്ങി. ‘നിർഭരാശ്രുക്കളായ് കെട്ടിപ്പുണരുന്നു/ നിസ്സഹായാത്മാക്കൾ രണ്ടു പേരും!’ അബ്ദുള്ള പറയാതെ പോയ ജീവിത വേദനയുടെ കടുംകയ്പു മുഴുവൻ കവി തനിച്ചിരുന്ന്, ഭാവനയാൽ, അയവിറക്കി. കവിത അവസാനിക്കുന്നതിങ്ങനെ-
‘പിന്നത്തെ സ്റ്റേഷനിൽ തീവണ്ടി നിൽക്കെ ഞാൻ
കണ്ണു മിഴിച്ചുടൻ വാച്ചു നോക്കി
കണ്ണെവിടെപ്പോയി, വാച്ചെവിടെപ്പോയി?
കണ്ണീരു മാത്രമാണീ പ്രപഞ്ചം!’
ആത്മമിത്രത്തെയോർക്കുമ്പോൾ പ്രപഞ്ചം മുഴുത്ത ഒരു കണ്ണുനീർത്തുള്ളിയായി മാറുന്ന ഈ ഹൃദയാലുത്വമാണ് അക്കിത്തം കവിതയുടെ കാതൽ.
‘നീലിയാട്ടിലെ തണ്ണീർപ്പന്തൽ’ എന്ന കവിതയിലെ ‘വളവിങ്കൽ മൂസ്സ’യേയും ഓർക്കാം, ഇതോടൊപ്പം. നീലിയാട്ടിലെ തണ്ണീർപ്പന്തൽ ഈ കവിതയിൽ ഒരു സ്ഥലവും സ്ഥാവരബിംബവും രൂപകവുമാണ്. അവിടെ ബസ്സു കാത്തിരിക്കുകയാണ് ആയിടെ വിവാഹതനായ കവി. ഒരു നാളേയ്ക്കു പോലും നവവധുവിനെ പിരിഞ്ഞിരിക്കാനാവാത്തതിലുള്ള പൊറുതിമുട്ടലിലാണയാൾ. അപ്പോഴാണ് വൃദ്ധനും പ്രസാദവാനും പരോപകാര തൽപ്പരനുമായ മൂസ്സയുടെ വരവ്.
‘ആറടിയിലും മീതെപ്പൊങ്ങിയ ശരീരത്താ-
ലാജാനുബാഹുക്കളാ, ലാഹ്‌ളാദ സൗലഭ്യത്താൽ,
വാരിയാലൊടുങ്ങാത്ത സേവനൗത്സുക്യത്താലും,
വായിലെപ്പുളിങ്കുരു പോലെഴും പൽപ്പുറ്റാലും,
ജീവിതം സുസമ്പന്നം, സുഭിക്ഷം, സുസന്തൃപ്ത-
മീവയോവൃദ്ധന്നാരും സ്വന്തമാളാണീ മന്നിൽ’.
-മൂസ്സ കൊടുത്ത മുറുക്കാനാസ്വദിച്ച്, നർമ്മസംഭാഷണത്തിലേർപ്പെട്ട് പിരിയാൻ നേരം ‘കുട്ടികളില്ലേ മൂസ്സയ്ക്ക്?’ എന്ന കവിയുടെ ചോദ്യം കേട്ട് ഞെട്ടിത്തരിക്കുകയാണ് ചെയ്യുന്നത് വൃദ്ധൻ. അയാളുടെ സ്വകാര്യ സങ്കടങ്ങളെക്കുറിച്ച് ഒന്നുമുരിയാടാതെ, ആ ദുഃഖത്തെയും ദുഃഖത്തെ ഇന്ധനമാക്കുന്ന നന്മയുടെ വെളിച്ചത്തെയും ഏതാനും ചില ഈരടികളിൽ, മുഴങ്ങുന്ന പദാവലികളാൽ ആവിഷ്‌കരിച്ച് പിൻവാങ്ങുകയാണ് അക്കിത്തം. അപ്പോഴും നന്മയുടെ തണ്ണീർപ്പന്തലായി മൂസ്സ വായനക്കാരുടെ മനസ്സിൽ തങ്ങുന്നു; ദുഃഖത്തിന്റെ വെളിച്ചമാണ് നന്മ എന്ന അധികാർത്ഥദീപ്തിയോടെ.
മനുഷ്യനിലും മനുഷ്യ നന്മയിലുമുള്ള ഈ അചഞ്ചല വിശ്വാസത്തോടൊപ്പം പരദുഃഖത്തെ ആത്മദുഃഖമാക്കാനും അപരനുവേണ്ടി തപിക്കാനുമുള്ള ശേഷിയാലുമാണ് അക്കിത്തം കവിത, മലയാള കവിതയിലെ ഒറ്റപ്പെട്ട പ്രകാശഗോപുരമായി മാറുന്നത്. പ്രസിദ്ധമായ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിൽ അത് ബോംബിനായ് ‘ദുർവ്യയം ചെയ്യേണ്ട’ ആണവശക്തിയുപയോഗിച്ച് ‘അന്ധഗ്രാമക്കവല’യിൽ ‘സ്‌നേഹദീപം’ കൊളുത്താനുള്ള ആഹ്വാനമായി മാറുന്നു. അണുഭേദനത്താൽ അപാരമായ ഊർജ്ജവും സംഹാരോർജ്ജവും സൃഷ്ടിക്കാമെന്ന് ശാസ്ത്രം; കേവലമൊരു കണ്ണുനീർത്തുള്ളി പിളർന്നാൽ അതിനെയും നിഷ്പ്രഭമാക്കുന്ന സ്‌നേഹോർജ്ജം കണ്ടെത്താമെന്ന് അക്കിത്തം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: