X

‘അഹമ്മദ് സാഹിബിന് ആരുമില്ലെന്ന് നിങ്ങള്‍ കരുതരുത്’,അഹമ്മദ് പട്ടേല്‍ ആര്‍എംഎല്‍ ആശുപത്രിയുടെ ഐസിയു ചവിട്ടിപൊളിച്ച് അകത്ത് കയറിയ ധീരന്‍

ഒടുവില്‍ അഹമ്മദ് പട്ടേലും യാത്രയാകുന്നു. ആരായിരുന്നു ആ വലിയ മനുഷ്യനെന്ന് ഡല്‍ഹിക്കാരായ ഞങ്ങള്‍ക്ക് കൃത്യമായി മനസ്സിലാക്കിത്തന്ന ഒരു പാതിരാവ് ഇന്നും ഓര്‍മ്മയില്‍ ഉണ്ട് 2017 ല്‍ പാര്‍ലമെന്റ് സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യുന്നതിനിടയില്‍ സെന്‍ട്രല്‍ ഹാളില്‍ പ്രിയപ്പെട്ട ഇ.അഹമ്മദ് സാഹിബ് കുഴഞ്ഞു വീഴുന്നത്. രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്ക് ഞങ്ങള്‍ പാഞ്ഞു ചെന്നു. നിര്‍ണ്ണായക നിമിഷങ്ങള്‍. സമയമേറെ കഴിഞ്ഞിട്ടും ആശങ്കകള്‍ക്ക് അറുതിയായില്ല. ഒടുവില്‍ , എല്ലാ പ്രാര്‍ത്ഥനകള്‍ക്കുമൊടുവില്‍ അഹമ്മദ് സാഹിബ് നമ്മെ വിട്ടു പിരിഞ്ഞു. മരണം സംഭവിച്ചിട്ടും ആശുപത്രി അധികൃതര്‍ അത് മറച്ചു വെച്ചു. ഞങ്ങളുടെ നേതാവിന്റെ ഭൗതിക ശരീരത്തോടുള്ള അനാദരവ് ഞങ്ങള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ആ നിസ്സഹായവേളയില്‍ ആര്‍. എം. എല്‍ ഹോസ്പിറ്റലിലേക്ക് പാഞ്ഞെത്തി ഐ. സി. യുവിന്റെ വാതിലുകള്‍ തള്ളിത്തുറന്നു അകത്തേക്ക് കയറാന്‍ ആദ്യമായി ധൈര്യം കാണിച്ച ഒരു വലിയ മനുഷ്യനുണ്ടായിരുന്നു അഹമ്മദ് പട്ടേല്‍.

മലയാളി എം പി മാര്‍ പോലും ഫാസിസ്സ് ഗവണ്മെന്റ് ഐ.സി. യുവിന് മുമ്പില്‍ കാവല്‍ നിര്‍ത്തിയ ഗുണ്ടകള്‍ക്ക് മുന്നില്‍ നിസ്സഹായരായി നിന്നപ്പോള്‍ ഗുണ്ടകളോട് പോയി പണി നോക്കാന്‍ പറഞ്ഞ് ഐസിയുവിന് അകത്തേക്ക് കയറിപ്പോയ അഹമ്മദ് പട്ടേല്‍ സാബിന്റെ ചങ്കൂറ്റത്തെ ഒരിക്കലും വിസ്മരിക്കാനാവില്ല.

ഐ.സി.യുവില്‍ നിന്ന് പുറത്തു വന്ന ശേഷം അവിടെ നിന്ന് കൊണ്ടു തന്നെ അദ്ദേഹം സോണിയാ ഗാന്ധിയെ ആര്‍ എം എല്‍ ആശുപത്രിയിലേക്ക് വിളിച്ചു വരുത്തി. ‘അഹമ്മദ് സാഹിബിനു ചോദിക്കാനും പറയാനും ആരുമില്ലെന്നു നിങ്ങള്‍ ധരിക്കരുതെന്ന്’ അദ്ദേഹം ആശുപത്രി അധികൃതരെ ഓര്‍മിപ്പിച്ചു കൊണ്ടേയിരുന്നു.

ഇരുപത്തി എട്ടാം വയസ്സില്‍ ഗുജറാത്തിലെ ബറൂച്ചില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ശേഷം ആ ജീവിതം കോണ്‍ഗ്രസ് പാര്‍ട്ടിക്കും, രാജ്യത്തിനും വേണ്ടി സമര്‍പ്പിക്കുകയായിരുന്നു, എട്ടു തവണ പാര്‍ലമെന്റില്‍ എത്തിയ നേതാവാണ്, രാജീവ് ഗാന്ധിയുടെ പാര്‍ലമെന്ററി സെക്രട്ടറിയായും, സോണിയാ ഗാന്ധിയുടെയും പൊളിറ്റിക്കല്‍ സെക്രട്ടറിയായും വിശ്വസ്ത തേരാളിയായി കൂടെ നിന്നു. വര്‍ത്തമാന കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടി നേരിടുന്ന പ്രതിസന്ധിയുടെ ആഴങ്ങളിലേക്ക് പരതുമ്പോള്‍ അതില്‍ മുഴച്ചു നില്‍ക്കുക അഹമ്മ് പട്ടേലും, ഗുലാം നബി ആസാദുമടക്കം ആത്മാര്‍ത്ഥമായി പാര്‍ട്ടിക്കു വേണ്ടി പണിയെടുത്തവരെ അവഗണിച്ച തീരുമാനങ്ങളായിരിക്കും.

കൃത്യമായി മതനിഷ്ഠ പുലര്‍ത്തിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. എത്രയേറെ തിരക്കുകളുണ്ടെങ്കിലും വെള്ളിയാഴ്ചകളില്‍ പാര്‍ലമെന്റ് മസ്ജിദിന്റെ സ്വഫ്ഫുകളിലൊന്നില്‍ അഹ്മദ് പട്ടേല്‍ ഉണ്ടാകുമായിരുന്നു.
പ്രിയപ്പെട്ട അഹ്മദ് പട്ടേല്‍ സാബ്. അനേകം പ്രതിസന്ധികള്‍ക്ക് പരിഹാരം നിര്‍ദ്ദേശിച്ചു മദര്‍ തെരേസ റോഡിലെ വീട്ടില്‍ അങ്ങ് ഇനി ഉണ്ടാവില്ല എന്നോര്‍ക്കുമ്പോള്‍ വല്ലാത്തൊരു നടുക്കം. ഈ ഇരുണ്ട കാലത്ത് ആരോടും പറയാതെ പെട്ടെന്നൊരു നാള്‍ അങ്ങു കൂടി വിട പറയുമ്പോള്‍ ഞങ്ങള്‍ക്ക് നഷ്ടമാകുന്നത് പ്രതീക്ഷയുടെ ഒരു മഹാ തുരുത്താണ്.

കെ. കെ മുഹമ്മദ് ഹലീo,
ജനറല്‍ സെക്രട്ടറി, ഡല്‍ഹി കെ. എം. സി. സി

 

Test User: