X

പെരുന്നാളുകളുടെ പെരുന്നാള്‍-ടി.എച്ച് ദാരിമി

Taj Mahal Agra India

ആത്മീയ വികാരങ്ങള്‍ ആകാശച്ചുവടാകെ നിറയുന്ന ഒരേയൊരു ദിനമേ ഇസ്‌ലാമിക ദര്‍ശനത്തിലുള്ളൂ. അത് അറഫാദിനമാണ്. കാരണം അറഫാദിനത്തിന്റെ പുണ്യങ്ങളും കര്‍മങ്ങളും സത്യവിശ്വാസികളെ മുഴുവനും ഉള്‍ക്കൊള്ളുകയാണ്. ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നുമായി ഹജ്ജിന് വന്നവരെ സംബന്ധിച്ചിടത്തോളം അവരുടെ കര്‍മത്തിന്റെ കാണ്ഠം അറഫയാണ്. കാരണം നബി(സ) പറഞ്ഞു: അറഫയാണ് ഹജ്ജ്. ദുല്‍ഹജ്ജ് ഒമ്പതിന് അറഫ എന്ന സ്ഥലത്ത് എത്തിച്ചേരാന്‍ കഴിയാത്തവര്‍ക്ക് ഹജ്ജ് ഇല്ല. വിവിധ ഉത്തരവാദിത്തങ്ങളുള്ള മാലാഖമാര്‍ അവയെല്ലാം മാറ്റിവെച്ച് അല്ലാഹുവോടൊപ്പം വിശ്വാസികളുടെ കര്‍മങ്ങള്‍ക്ക് സാക്ഷികളാകുന്നു. അല്ലാഹുവിന്റെ മുന്നില്‍ തലകുനിച്ച്, കൈ ഉയര്‍ത്തി, കണ്ണീരൊലിപ്പിച്ച് പ്രാര്‍ഥനകളില്‍ അലിഞ്ഞുചേരുന്ന അറഫയിലെ വിശ്വാസികളെ കണ്ട് അല്ലാഹു ആനന്ദിക്കും എന്ന് ഹദീസില്‍ വന്നിട്ടുണ്ട്. ഇത് കാണുന്ന സന്ദര്‍ഭത്തില്‍ അല്ലാഹു മാലാഖമാരോട് ഇപ്രകാരം അഭിമാനത്തോടെപറയും: എന്റെ അടിമകളിലേക്ക് നോക്കൂ, അവര്‍ പൊടിപുരണ്ട്, മുടി ജഢപിടിച്ച്, മലമ്പാതകള്‍ താണ്ടി എന്റെ അടുത്ത് വന്നിരിക്കുന്നു. ഞാനവരുടെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കിയിരിക്കുന്നുവെന്നതിന് നിങ്ങളെ സാക്ഷികളാക്കുന്നു. അവര്‍ക്ക് വേണ്ടതെല്ലാം ഞാന്‍ നല്‍കുന്നതാണ് (ബുഖാരി). അതിനാലാണ് നബി(സ) ഇപ്രകാരം പറഞ്ഞത്: അറഫയില്‍ വന്ന് നിന്നതിന്‌ശേഷം അല്ലാഹു തനിക്ക് പൊറുത്ത് തന്നില്ലെന്ന് കരുതുന്നതാണ് ഏറ്റവും വലിയ തെറ്റ്. അല്ലാഹു അവര്‍ക്ക് എല്ലാ പാപങ്ങളും പൊറുത്ത് കൊടുക്കുന്നു. അവര്‍ അറഫയില്‍ വെച്ച് ഉയര്‍ത്തുന്ന പ്രാര്‍ഥനയുടെ സവിശേഷതയാണ് ഈ പാപമോചനം. അവരുടെ അന്നത്തെ പ്രാര്‍ഥന അത്രക്കും ശ്രേഷ്ഠമാണ്. നബി (സ) പറയുന്നു: ഏറ്റവും ഉത്തമമായ പ്രാര്‍ഥന അറഫാ ദിനത്തിലെ പ്രാര്‍ഥനയാണ് (ബുഖാരി, മുസ്‌ലിം). അറഫയില്‍ ഹാജിമാര്‍ക്ക് ചെയ്യാനുള്ള ഏക കര്‍മവും ഈ മനസ്സറിഞ്ഞ തേട്ടം തന്നെയുണ്ടല്ലോ. നമസ്‌കാരങ്ങള്‍ ജംആക്കിയും ഖസ്‌റാക്കിയും നമസ്‌കരിച്ച് അവര്‍ ബാക്കി സമയം മുഴുവനും പ്രാര്‍ഥനയില്‍ മുഴുകുകയുമാണ് ചെയ്യുന്നത്. നബി(സ) തന്റെ ഹജ്ജ് യാത്രയില്‍ മണിക്കൂറുകളോളമാണ് തിരു കൈകള്‍ മേലോട്ടുയര്‍ത്തി റബ്ബിനോട് പ്രാര്‍ഥിച്ചുനിന്നത്. ആ പ്രാര്‍ഥനക്ക് അല്ലാഹു നല്‍കുന്ന പ്രത്യേകത നരക മോചനമാണ്. നബി(സ) പറഞ്ഞു: അറഫാദിനത്തെപ്പോലെ അല്ലാഹു തന്റെ ദാസന്‍മാരെ നരകത്തില്‍നിന്ന് മോചിപ്പിക്കുന്ന മറ്റൊരു ദിവസവുമില്ല (അബൂദാവൂദ്). നരകത്തില്‍നിന്ന് മോചിപ്പിക്കുക എന്നതിന് വിശാലമായ അര്‍ഥമാണ് ഇസ്‌ലാമികാദര്‍ശത്തിലുള്ളത്. അത് നരകത്തിലേക്ക് നയിക്കുന്ന എല്ലാ സംഗതികളില്‍നിന്നും സാഹചര്യങ്ങളില്‍നിന്നും അകറ്റിനിറുത്തുക എന്നതാണ്.

ഈ ദിനത്തിന്റെ മറ്റൊരു സവിശേഷമായ കാഴ്ച നബി (സ) പറഞ്ഞത് ത്വല്‍ഹത്ത് ബിന്‍ ഉബൈദില്ല(റ) ഇങ്ങനെ ഉദ്ധരിക്കുന്നു: അറഫാദിനത്തേക്കാളേറെ നിന്ദിതനും നീചനും കോപാകുലനുമായി പിശാചിനെ മറ്റൊരു ദിവസത്തിലും കാണാനാവുകയില്ല. കാരണം, ആ ദിവസത്തിലാണല്ലോ അല്ലാഹുവിന്റെ കാരുണ്യം വര്‍ഷിക്കുന്നതും അതുവഴി ഒരുപാട് ദോഷങ്ങള്‍ പൊറുക്കപ്പെടുന്നതും. മനുഷ്യനെ സൃഷ്ടിക്കുമ്പോള്‍ പിശാച് ജല്‍പ്പിച്ച ജല്‍പ്പനങ്ങള്‍ തകര്‍ന്നുവീഴുന്ന കാഴ്ചയാണ് അറഫയിലുടനീളം കാണപ്പെടുന്നത്. അവന്‍ അഹങ്കാരിയായിരിക്കും രക്തദാഹിയായിരിക്കും എന്നൊക്കെയാണ് അവനന്ന് പറഞ്ഞത്. എങ്കില്‍ നീ അത് തെളിയിക്കൂ എന്ന നിലക്ക് പരിമിതവും നിയന്ത്രിതവുമായ ചില സ്വാതന്ത്ര്യങ്ങള്‍ അല്ലാഹു നല്‍കിയതുമാണ്. മോഹങ്ങള്‍, ഇഛകള്‍, മനോരാജ്യങ്ങള്‍ തുടങ്ങിയവ കാണിച്ചു കൊടുത്ത് അവന്‍ മനുഷ്യനെ വഴിപിഴപ്പിക്കാന്‍ നിരന്തരം ശ്രമിച്ചതുമാണ്. പക്ഷേ, എന്നിട്ടും അവന് വിജയിക്കാനായില്ല. കാരണം അറഫയില്‍ അലയടിക്കുന്ന ജനലക്ഷങ്ങള്‍ എല്ലാം മറന്നും ത്യജിച്ചും അല്ലാഹുവില്‍ അലിഞ്ഞുനില്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. അവരില്‍ പ്രഭുവും ദരിദ്രനുമുണ്ട്. പണ്ഡിതനും പാമരനുമുണ്ട്. അടിമയും ഉടമയുമുണ്ട്. ഭരണാധികാരിയും ഭരണീയനുമുണ്ട്. പക്ഷേ, അവരൊന്നും അല്ലാഹു എന്ന വികാരത്തിനപ്പുറത്തേക്ക് എത്തിനോക്കുന്നില്ല. അവര്‍ക്ക് അവരല്ല, അല്ലാഹുവാണ് പ്രധാനം. അതു കാണുമ്പോള്‍ തന്റെ ശ്രമങ്ങളെല്ലാം വിഫലമാകുന്ന മാനക്കേടിന്റെ മുമ്പിലാണ് പിശാച് എത്തുന്നത്. പിന്നെ എങ്ങനെ അവന്‍ മാനം കെടാതിരിക്കും.
പരസ്പര കക്ഷി മാല്‍സര്യങ്ങളും വര്‍ഗ, വര്‍ണ, ദേശ വെറികളും മറന്ന് ഐക്യത്തിന്റെയും സഹിഷ്ണുതയുടെയും ഉയര്‍ന്ന ചിന്തയുള്ള, ഏകനായ റബ്ബിനെ ആരാധിക്കുന്ന ഒരൊറ്റ സമുദായമാണ് തങ്ങള്‍ എന്ന സന്ദേശമാണ് അറഫയില്‍ വിശ്വാസികള്‍ നല്‍കുന്നത്. തങ്ങളുടെ ജീവിതത്തെ സുരക്ഷിതമായി നയിക്കാന്‍ ആവശ്യമായ സമ്പൂര്‍ണ മതം അല്ലാഹു തന്നിരിക്കുന്നു എന്നും അതില്‍ ഞങ്ങള്‍ സംപ്രീതരും സംതൃപ്തരുമാണ് എന്ന സന്ദേശം അവര്‍ വിളിച്ചുപറയുകയാണ്. ആ സന്ദേശം പ്രഘോഷണം ചെയ്യുന്നതാവട്ടെ ലബ്ബൈക്ക എന്ന പ്രഖ്യാപനം വഴിയാണ്. ലബ്ബൈക്കയുടെ അര്‍ഥം ഒരു പ്രസ്താവനയല്ല, ഒരു പ്രഖ്യാപനമാണ്. അല്ലാഹുവേ, നീ ഇഛിക്കുന്നതിനെല്ലാം ഞങ്ങള്‍ ഒരുക്കമാണ് എന്ന പ്രഖ്യാപനം. അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി സ്വന്തം മകന്റെ കഴുത്തില്‍ കത്തിവെക്കുവാന്‍ സന്നദ്ധനായ ഇബ്രാഹീം നബിയും നിഷ്‌കളങ്കമായി ത്യാഗത്തിന്റെ ബലിക്കല്ലില്‍ തലവെച്ചു കൊടുത്ത ഇസ്മാഈല്‍ നബിയുമാണ് അവരുടെ വികാരത്തെ ചൂടുപിടിപ്പിക്കുന്ന ഘടകങ്ങള്‍. അതിനാല്‍ അവരുടേത് അഭിനയമല്ല. വിധേയത്വമാണ്.

ഈ ദിനം ഇവ്വിധം അറഫയിലുള്ളവരെ സ്വാധീനിക്കുമ്പോള്‍ ഇതേ വികാരങ്ങളുമായി ലോകമെമ്പാടുമുള്ള സത്യവിശ്വാസികള്‍ അവരുടെ വികാരത്തിനൊപ്പം നില്‍ക്കുന്നു. അറഫയില്‍ ഹാജിമാര്‍ പ്രാര്‍ഥനയില്‍ അലിഞ്ഞുചേരുമ്പോള്‍ സത്യവിശ്വാസികള്‍ സുന്നത്ത് നോമ്പനുഷ്ഠിച്ച് അവരോട് ഐക്യപ്പെടുന്നു. ഹജ്ജ് കര്‍മം നിര്‍വഹിക്കാത്തവര്‍ക്കാണ് അറഫാദിനത്തില്‍ നോമ്പനുഷ്ഠിക്കല്‍ ശക്തമായ സുന്നത്തുള്ളത്. കഴിഞ്ഞുപോയ ഒരു വര്‍ഷത്തെയും വരാനിരിക്കുന്ന ഒരു വര്‍ഷത്തെയും ചെറിയ ദോഷങ്ങള്‍ പൊറുപ്പിക്കുന്നതാണ് ഈ സുന്നത്ത് നോമ്പ് എന്ന് നബി(സ) പറഞ്ഞിരിക്കുന്നു. അറഫയില്‍ ഹാജിമാര്‍ക്ക് അല്ലാഹു നല്‍കുന്നതിനു സമാനമായ സവിശേഷ പുണ്യം അല്ലാത്തവര്‍ക്കും നല്‍കപ്പെടുന്നു എന്നര്‍ഥം. മാത്രമല്ല, പിറ്റേന്ന് ഹാജിമാര്‍ കല്ലേറ് നടത്തിയും ബലി ദാനം നല്‍കിയും മിനാ താഴ്‌വാരത്തെ ആത്മപ്രകമ്പനം കൊള്ളിക്കുമ്പോള്‍ തക്ബീറുകള്‍ ഉച്ചത്തില്‍ ഉയര്‍ത്തിയും ഉളുഹിയ്യത്ത് അറുത്തും പുണ്യങ്ങളില്‍ വിശ്വാസികള്‍ പങ്കുചേരുന്നു. ലോകത്തിലെ എല്ലാ വിശ്വാസികളെയും ഉള്‍ക്കൊള്ളുന്ന ഇങ്ങനെ ഒരു ചിത്രം ഈ ദിനങ്ങളില്‍ രൂപപ്പെടുന്നതുകൊണ്ടാണ് ലോകത്തെ ഏറ്റവും വലിയ പെരുന്നാളും സന്തോഷവും ആത്മീയാനന്ദനുമായി അറഫ മുതല്‍ ദിനങ്ങള്‍ മാറുന്നത്.

ഈ ദിനമാണ് വിശ്വാസികളുടെ ഏറ്റവും വലിയ പെരുന്നാള്‍ എന്ന് പറയുന്നതിന് മറ്റൊരു ദൈവ ദാനത്തിന്റെ സ്വാധീനം കൂടിയുണ്ട്. ഇതുപോലെ ഒരു അറഫാദിനത്തില്‍ വെച്ചായിരുന്നു അല്ലാഹു തന്റെ ദീന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നുവെന്ന് അറിയിച്ച് സൂറ മാഇദയിലെ മൂന്നാമത്തെ വചനം അവതരിച്ചത്. അല്ലാഹു പറഞ്ഞു: നിങ്ങള്‍ക്കു ഇന്നു ഞാന്‍ നിങ്ങളുടെ മതം പൂര്‍ത്തീകരിച്ചു തരികയും എന്റെ അനുഗ്രഹം സമഗ്രമാക്കുകയും ഇസ്‌ലാമിനെ മതമായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു. ഹജ്ജത്തുല്‍ വിദാഇല്‍ അറഫാത്തിലെ കുന്നില്‍ നബി(സ) നില്‍ക്കവേയാണ് ഈ സൂക്തം അവതരിച്ചത്. ജാഹിലിയ്യത്തിന്റെയും ശിര്‍ക്കിന്റെയും യുഗമവസാനിപ്പിച്ച് ഇസ്‌ലാം പൂര്‍ത്തീകരിച്ചു; മക്കയും അറേബ്യയും ഇസ്‌ലാമിന്റെ കൊടിക്കൂറക്കു കീഴിലായി; ജനങ്ങള്‍ കൂട്ടം കൂട്ടമായി പുണ്യമതത്തിലണിനിരന്നു; മറ്റു മതങ്ങളുടെയൊക്കെ സാധുതയും സ്വീകാര്യതയും അവസാനിപ്പിച്ച് ഇസ്‌ലാം മാത്രം സ്വീകരിക്കപ്പെട്ട മതമാക്കി ഇവയത്രയും അതിമഹത്തായ അനുഗ്രഹങ്ങളാണ്. ഓരോ മുസ്‌ലിമിനെ സംബന്ധിച്ചും ഏറെ അഭിമാനാര്‍ഹമായ ഒരു ഖുര്‍ആന്‍ സൂക്തമാണിത്. ഈ സൂക്തത്തോടെ പൂര്‍ണമാകുന്നത് അല്ലാഹു മനുഷ്യനെ ഈ പ്രപഞ്ചത്തിലേക്ക് അയക്കുമ്പോള്‍ നടത്തിയ ഒരു വാഗ്ദാനമാണ്. അന്ന് അല്ലാഹു പറഞ്ഞു: നാം അരുളി: നിങ്ങളെല്ലാവരും സ്വര്‍ഗത്തില്‍ നിന്നിറങ്ങുക. ഇനി എന്റെയടുത്തുനിന്നുള്ള വല്ല മാര്‍ഗദര്‍ശനവും നിങ്ങള്‍ക്ക് വന്നെത്തുകയും അതാരെങ്കിലും പിന്തുടരുകയും ചെയ്യുന്നുവോ, അവര്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ ചെയ്യേണ്ടി വരില്ല (അല്‍ ബഖറ 38). ഭൂമിയിലെത്തിയാല്‍ മനുഷ്യര്‍ക്ക് അല്ലാഹുവിന്റെ ദീനും ശരീഅത്തും വരുമെന്നു സൂചിപ്പിച്ചിരിക്കുകയാണ് ഈ സൂക്തം. അത് പിന്‍പറ്റുന്നവര്‍ ഇഹപര വിജയികളാകും. പരലോകത്തെ സംഭീതാവസ്ഥകളില്‍നിന്നും ദുഃഖങ്ങളില്‍നിന്നും അവര്‍ വിമുക്തരായിരിക്കും. അല്ലാഹുവിന്റെ കല്‍പനകള്‍ തള്ളിക്കളയുന്ന നിഷേധികളാകട്ടെ എന്നെന്നും നരകത്തിലാകുന്നു. അന്ന് ആദം നബിയില്‍ തുടങ്ങി ഒന്നേ കാല്‍ ലക്ഷം പ്രവാചകന്‍മാര്‍ പിന്നിട്ട് ആദര്‍ശം പൂര്‍ത്തീകരിക്കപ്പെട്ടു എന്നു പറയുമ്പോള്‍ അതൊരു ശ്രദ്ധേയമായ മുഹൂര്‍ത്തം തന്നെയാണല്ലോ.

ഹ. ഉമറുബ്‌നുല്‍ ഖത്താബി(റ) നോട് ഒരിക്കല്‍ ജുതന്മാര്‍ പറഞ്ഞു: നിങ്ങള്‍ പാരായണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു ഖുര്‍ആന്‍ സൂക്തം ഞങ്ങള്‍ ജൂതസമുദായത്തിനാണ് അവതരിച്ചിരുന്നതെങ്കില്‍ ഞങ്ങള്‍ അതൊരു ആഘോഷദിനമാക്കിയിരുന്നേനേ! അതു കേട്ട ഉമര്‍ (റ) ചോദിച്ചു: ഏതാണാ സൂക്തം? അവര്‍: അല്‍ യൗമ… എന്ന് തുടങ്ങുന്ന സൂക്തം. ഉമര്‍(റ) മറുപടി നല്‍കി: എന്തു പശ്ചാത്തലത്തിലായിരുന്നു, എവിടെയാണ് അതിറങ്ങിയത്, തത്സമയം നബി (സ) എവിടെയായിരുന്നു എന്നൊക്കെ എനിക്കു നന്നായറിയാം. അറഫ ദിനത്തില്‍ ഞങ്ങള്‍ അറഫ മൈതാനിയിലായിരിക്കെ വെള്ളിയാഴ്ചയാണ് അത് അതവതരിച്ചത്. (ബുഖാരി) അറഫദിനവും വെള്ളിയാഴ്ചയുമായതുകൊണ്ട് ഇരട്ട ആഘോഷമാണെന്നര്‍ഥം. അതിനാല്‍ അറഫാദിനം പെരുന്നാളുകളുടെ പെരുന്നാളാണ് സത്യവിശ്വാസികള്‍ക്ക്. അവര്‍ക്കന്ന് അല്ലാഹു കൈയും മനസും ജീവിതവും നിറയെ സമ്മാനങ്ങള്‍ നല്‍കുന്നു. ഏറ്റവും വിലപ്പെട്ട സമ്മാനങ്ങള്‍.

Chandrika Web: