X

ബ്ലൂവെയില്‍ ഗെയിമിന് പിന്‍ഗാമിയായി മറ്റൊരു കൊലയാളി ഗെയിം; നിരവധിപേര്‍ ഗെയിമിന് ഇരകളായെന്ന് റിപ്പോര്‍ട്ട്

ബ്യൂണോസ് ഐറിസ്: ലോകം മുഴുവന്‍ നിരവധി കുട്ടികളുടെ ജീവനെടുത്ത കൊലയാളി ഗെയിം ബ്ലൂവെയില്ലിന് പിന്‍ഗാമിയായ മറ്റൊരു അപകട ഗെയിം രംഗത്തെത്തിയതായി റിപ്പോര്‍ട്ട്. മോമൊ എന്ന് പേരില്‍ അറിയപ്പെടുന്ന ഗെയിം ബ്ലൂവെയില്ലിന്റെ പുതിയ പതിപ്പാണെന്നാണ് ആദ്യനിഗമനങ്ങള്‍.വാട്‌സ് ആപ്പിലൂടെയാണ് മോമൊ ഗെയിം പ്രചരിക്കുന്നത്. പ്രധാനമായും കുട്ടികള്‍ക്കിട്ടയിലാണ് ഗെയിം പ്രചരിക്കുന്നത്. നിരവധി പേര്‍ ഇതിനോടകം തന്നെ ഗെയിമിന്റെ ഇരകളായെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ജപ്പാനില്‍ നിന്നുള്ള ഫോണ്‍ നമ്പരില്‍ നിന്നാണ് സന്ദേശങ്ങള്‍ എത്തുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. എല്ലാ ഭാഷകളും മോമൊയ്ക്ക് വഴങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രൂപത്തിലും ഭാവത്തിലും കുട്ടികളെ പേടിപ്പിക്കുകയാണ് മോമൊ. ഒരു അന്യഗ്രഹജീവിയുടേത് പോലെ തോന്നിപ്പിക്കുന്ന രൂപമാണ് മോമൊയ്ക്കുള്ളത്. കണ്ണുകള്‍ പുറത്തേയ്ക്ക് തള്ളി നീളം കൂടിയ ചുണ്ടുകളുമൊക്കെയുള്ള വികൃതരൂപമാണ് മൊമോയുടേത്. നിരവധി ആളുകളാണ് മോമൊ കളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ജാപ്പനീസ് ചിത്രകാരനായ മിദോരി ഹയാഷിയുടെ ഒരു ചിത്രവുമായി മോമൊയ്ക്ക് സാമ്യമുണ്ടെന്ന് സൂചനകളുണ്ട്. ലഭിച്ച വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ മോമെയുടെ ജനനം ജപ്പാനിലാണെന്നാണ് പലരുടേയും വിലയിരുത്തല്‍.

 

നിങ്ങളെ കുറിച്ച് എനിക്ക് എല്ലാം അറിയാം എന്നാണ് മോമൊയുടെ ആദ്യ സന്ദേശം. പിന്നീട് കളിയില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നു. കളിയില്‍ തുടരാന്‍ തയ്യാറായില്ലെങ്കില്‍ മോമൊ ഭീഷണി തുടങ്ങും. നേരത്തെ ഇരയായവര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ ചിത്രങ്ങള്‍ അയച്ചുകൊടുക്കും. മോമൊയുടെ പേടിപ്പെടുത്തുന്ന രൂപം കുട്ടികളില്‍ ഭീതിയുണ്ടാക്കുമെന്നും നിഷേധാത്മക നിലപാടുകളുണ്ടാക്കുമെന്നും മനശാസ്ത്രവിദഗ്ധര്‍ പറയുന്നു. കുട്ടികള്‍ ക്രമേണ സ്വയം മുറിവുകളുണ്ടാക്കി വേദനിപ്പിക്കുകയും ജീവനൊടുക്കുകയും ചെയ്യുന്ന അസ്ഥയിലേക്ക് പോകുകയും ചെയ്യുമെന്ന് വിദഗ്ധര്‍ പറയുന്നു. ഓരോ ഘട്ടം കഴിയുമ്പോഴും കുട്ടികള്‍ കൊലയാളി ഗെയിമിന് അടിമയാകും.

റഷ്യയില്‍ മാത്രം 130 അധികം കുട്ടികളാണ് മോമെ ഗെയിമിന്റെ ഇരകളായി ജീവന്‍ നഷ്ടമായത്. അര്‍ജന്റീന, മെക്‌സികോ തുടങ്ങി പലരാജ്യങ്ങളിലും മോമൊ ഗെയിം കളിച്ച് കുട്ടികള്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.വൈകാരികമായി വേഗത്തില്‍ കീഴടങ്ങുന്ന കൗമാരക്കാരാണ് ഇത്തരം മരണക്കളികളില്‍ വേഗം അകപ്പെടുകയെന്നാണ് മനശാസ്ത്രവിദഗ്ധര്‍ പറയുന്നത്. കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം മാതാപിതാക്കള്‍ നിരീക്ഷിക്കണമെന്നും ഇത്തരം കളികളുടെ ദോഷവശങ്ങളെ കുറിച്ച് കുട്ടികളെ പറഞ്ഞ് മനസിലാക്കുകയും അമിത ഫോണ്‍ ഉപയോഗം വിലക്കുകയും ചെയ്യണമെന്നും മനശാസ്ത്രവിദഗ്ധര്‍ പരയുന്നു.

നിരവധി കുട്ടികളുടെ ജീവനെടുത്ത കൊലയാളി ഗെയിം ബ്ലൂവെയില്‍ ഗെയിമിന്റെ ഭീഷണി വിട്ടുമാറുന്നതിന് മുമ്പാണ് മറ്റൊരു അപകട ഗയിമിന്റെ രംഗപ്രവേശനം. 50 ഘട്ടങ്ങളുള്ള അപകടകാരിയായ ഗെയിമായിരുന്നു ബ്ലൂവെയില്‍. അതിരാവിലെ എഴുന്നേറ്റ് പ്രേത സിനിമകള്‍ കാണുക ,വിജനമായ സ്ഥലങ്ങളിലൂടെ രാത്രിയില്‍ നടക്കുക തുടങ്ങിയ സാഹസിക കാര്യങ്ങള്‍ ചെയ്യാന്‍ കുട്ടികളെ പ്രേരിപ്പിക്കും. ഓരോ ഘട്ടത്തിലും ചെയ്തതിന്റെ തെളിവുകളും സമര്‍പ്പിക്കണം. കയ്യിലോ മറ്റ് രഹസ്യഭാഗങ്ങളിലോ മുറിവേല്‍പ്പിച്ച് ഇതിന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യണം .എങ്കില്‍ മാത്രമെ അടുത്ത സ്റ്റേജിലേക്ക് പ്രവേശിപ്പിക്കു. ഒടുവില്‍ ജീവനൊടുക്കാന്‍ ആവശ്യപ്പെടും. സമാനരീതിയില്‍ സ്വയം ജീവനെടുക്കാന്‍ മൊമോയും കുട്ടികളെ പ്രേരിപ്പിക്കുകയാണെന്നാണ് സൂചന.

chandrika: