ലോകായുക്തയെ പേടിച്ച് സർക്കാർ നിയമഭേദഗതിക്ക് ഒരുങ്ങുന്നു. ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറക്കാനാണ് നീക്കം. സി.പി.എം പാർട്ടി നേതൃതലത്തിലും ഇതുസംബന്ധിച്ച് ധാരണയായി. പൊതു പ്രവർത്തകർ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ രാജി അനിവാര്യമാക്കുന്ന പതിനാലാം വകുപ്പിൽ മാറ്റം വരുത്താനാണ് ലക്ഷ്യം. മുൻ മന്ത്രി കെ.ടി ജലീൽ രാജിവെക്കാൻ ഇടയായ സംഭവമാണ് പുതിയ നീക്കങ്ങൾക്ക് പിന്നിൽ. അടുത്ത നിയമസഭാ സമ്മേളനത്തിന് ശേഷം ഓർഡിനൻസ് കൊണ്ടു വരാനാണ് നീക്കം.
ഇന്ത്യൻ സംസ്ഥാനങ്ങളിലെ അഴിമതിവിരുദ്ധ ഓംബുഡ്‌സ്മാൻ സംഘടനയാണ് ലോകായുക്ത. കേരളത്തിൽ ലോകായുക്ത നിലവിൽ വരുന്നത് 1998 നവംബർ 15നാണ്. നിയമപ്രകാരം രൂപംകൊണ്ട ഒരു അഴിമതി നിർമ്മാർജ്ജന സംവിധാനമാണ് ലോകായുക്ത. അഴിമതി, സ്വജനപക്ഷപാതം, മനഃപൂർവം മറ്റുള്ളവർക്ക് ഉപദ്രവമുണ്ടാക്കുന്ന നടപടികൾ, വ്യക്തിപരമായോ മറ്റുള്ളവർക്കോ നേട്ടമുണ്ടാക്കാൻ വേണ്ടി വ്യവസ്ഥാപിത താല്പര്യത്തോടെയുള്ള നടപടികൾ, മനപൂർവം നടപടികൾ താമസിപ്പിക്കൽ തുടങ്ങിയ ക്രമക്കേടുകൾ ലോകായുക്ത മുഖേന ചോദ്യം ചെയ്യാം. സംസ്ഥാനത്തെ മന്ത്രിമാർ എല്ലാം ലോകായുക്തയുടെ അന്വേഷണ പരിധിയിൽ വരും