യുക്രൈനില്‍ കഴിയുന്ന ഇന്ത്യക്കാരോട് തിരികെ വരാന്‍ ആവശ്യപ്പെട്ട് ഇന്ത്യ.യുദ്ധ ഭീതി നില നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നടപടി.അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ എംബസയുമായി ബന്ധപ്പെടണമെന്നും ഇന്ത്യ നിര്‍ദേശം നല്‍കി.25000ത്തോളം പേര്‍ ഇന്തയില്‍ നിന്ന് യുക്രൈനില്‍ ഉണ്ടാന്നൊണ് വിവരം. ഇവരില്‍ കൂടതല്‍ പേരും വിദ്യാര്‍ഥികളുമാണ്.പൗരന്മാര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എംബസി നല്‍കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം അതിര്‍ത്തിയിലെ സൈനിക സന്നാഹങ്ങളെത്തുടര്‍ന്നുള്ള യുദ്ധഭീതി ഒഴിവാക്കാന്‍ റഷ്യയെ അടിയന്തര ചര്‍ച്ചക്ക് ക്ഷണിച്ച് യുക്രെയ്ന്‍. യൂറോപ്പിലെ സുരക്ഷാ സഹകരണ സംഘടന വഴി യുക്രെയ്ന്‍ നേരത്തെ നല്‍കിയ അപേക്ഷയോട് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിര്‍ത്തിയിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ എന്തിനാണെന്ന് വിശദീകരിക്കാന്‍ അടുത്ത 48 മണിക്കൂറിനിടെ റഷ്യ കൂടിക്കാഴ്ചക്ക് തയാറാകണമെന്ന് യുക്രെയ്ന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ ആവശ്യപ്പെട്ടു.
ഫ്രാന്‍സിനു പിന്നാലെ ജര്‍മനിയും നയതന്ത്ര നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ സെലന്‍സ്‌കിയുമായി ചര്‍ച്ച നടത്തുന്നതിന് ജര്‍മന്‍ ചാന്‍സ്‌ലര്‍ ഒലാഫ് ഷോള്‍സ് തലസ്ഥാനമായ കീവിലെത്തി. യൂറോപ്യന്‍ മണ്ണില്‍ യുദ്ധം ഒഴിവാക്കാന്‍ സാധിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ജര്‍മനിയെന്ന് ഷോല്‍സ് പറഞ്ഞു.
സംഘര്‍ഷം കണക്കിലെടുത്ത് അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ യുക്രെയ്‌ന്റെ വ്യോമാതിര്‍ത്തി ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. 2014ലെ സംഘര്‍ഷങ്ങള്‍ക്കിടെ റഷ്യന്‍ മിസൈലാക്രമണത്തില്‍ മലേഷ്യന്‍ യാത്രാ വിമാനം തകര്‍ന്ന് 298 പേര്‍ മരിച്ചതിന്റെ ഓര്‍മകളാണ് വിമാനങ്ങള്‍ തിരിച്ചുവിടാന്‍ കാരണം. യുക്രെയ്‌നെ കടന്നാക്രമിച്ചാല്‍ ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ജി7 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ റഷ്യക്ക് മുന്നറിയിപ്പ് നല്‍കി. അമേരിക്ക, ബ്രിട്ടന്‍, ജപ്പാന്‍, ഇറ്റലി, ജര്‍മനി, ഫ്രാന്‍സ്, കാനഡ എന്നീ രാജ്യങ്ങളാണ് ജി7 കൂട്ടായ്മയിലുള്ളത്.
അതേസമയം കൂടുതല്‍ രാജ്യങ്ങള്‍ യുക്രെയ്‌നില്‍നിന്ന് തങ്ങളുടെ പൗരന്മാരെ തിരിച്ചുവിളിച്ചു തുടങ്ങി.എത്രയും വേഗം യുക്രെയ്‌നില്‍നിന്ന് മടങ്ങണമെന്ന് ഗ്രീസും പൗരന്മാരോട് ആവശ്യപ്പെട്ട്. അത്യാധുനിക ആയുധങ്ങളുമായി 1.30 ലക്ഷം റഷ്യന്‍ സൈനികരാണ് യുക്രെയ്‌ന് ചുറ്റുമുള്ളത്.