നിയമന്ത്രി പി രാജീവിനെതിരെയും കോടിയേരി ബാലകൃഷ്ണനെതിരെയും രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ലോകായുക്ത നിയമം ഭേദഗതി നടത്താനുളള സര്‍ക്കാരിന്റെ നീക്കത്തെ ന്യായീകരിച്ചുള്ള ഇരുവരുടെയും പ്രതികരണം വസ്തുതകള്‍ക്ക് നിരക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ഹൈക്കോടതി വിധിയെ കൂട്ടിപിടിച്ചുള്ള ന്യായീകരണം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ‘കോടതിയിലെ കേസ് 12 ാം വകുപ്പുമായി ബന്ധപ്പെട്ടതാണ്, സര്‍ക്കാരിന്റെ നിലവിലെ നടപടി 14 ാം വകുപ്പുമായി ബന്ധപ്പെട്ടാണ്’, സതീശന്‍ ഓര്‍മപ്പെടുത്തി.
മുന്‍ മന്ത്രി കെ ടി ജലീലിനെതിരെ 14ാം വകുപ്പ് പ്രകാരമായിരുന്നു പരാതിയെന്നും നിലവിലുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദുവിനെതിരെയും ഈ വകുപ്പ് പ്രകാരമാണ് പരാതിയെന്ന് സതീശന്‍ ഓര്‍മപ്പെടുത്തി. മന്ത്രിയെ പുറത്താക്കാനുള്ള അധികാരം കോടതികള്‍ക്കില്ലെന്ന വാദവും തെറ്റാണെന്നും നിയമമന്ത്രി ആര്‍ട്ടിക്കിള്‍ 164 തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും സതീശന്‍ കൂട്ടിചേര്‍ത്തു. ‘എക്‌സിക്യുട്ടീവ് അല്ല മന്ത്രിക്കെതിരെയുള്ള നടപടി പുനരാലോചിക്കേണ്ടത്, ഇതിനെ ലംഘിച്ചുള്ളതാണ് പുതിയ ഭേദഗതി’, വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി
കോടിയേരി ബാലകൃഷ്ണനും സിപിഎമ്മും മുഖ്യമന്ത്രിക്കെതിരായ കേസുകളിലെ ലോകായുക്ത വിധിയെ ഭയപ്പെടുന്നുണ്ടെന്നും കേസ് പരിഗണിക്കുന്നതിന് മുന്‍പ് തന്നെ ലോകായുക്തയുടെ അധികാരം എടുത്ത് കളയുകയാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അപ്പീല്‍ പോകാന്‍ സാധിക്കില്ലെന്ന സര്‍ക്കാര്‍ വാദം തെറ്റാണെന്നും ഹൈക്കോടതിയില്‍ ലോകായുക്തയ്ക്ക് അഭിഭാഷകനുണ്ടെന്ന കാര്യം ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ശക്തമായ നിയമ നടപടികളുമായി പ്രതിപക്ഷം മുന്നോട്ട് പോകുമെന്നും വി ഡി സതീശന്‍ അറിയിച്ചു.