സ്‌നേഹം നഷ്ടപ്പെടുമോയെന്ന ഭയം; പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയതിനു പിന്നില്‍ 12 വയസ്സുകാരി

കണ്ണൂര്‍ പാപ്പിനിശ്ശേരി പാറക്കലില്‍ നാലു മാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുഞ്ഞിനെ കിണറ്റിലേക്ക് എറിഞ്ഞത് പിതൃസഹോദരന്റെ മകളായ 12 വയസ്സുകാരിയാണെന്ന് പൊലീസ് കണ്ടെത്തിയതിനു പിന്നാലെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍.

അച്ഛന്‍ മരിക്കുകയും അമ്മ ഉപേക്ഷിക്കുയും ചെയ്ത കുഞ്ഞിനെ പിതൃ സഹോദരന്‍ മുത്തു ഏറ്റെടുത്ത് വളര്‍ത്തുകയായിരുന്നു. ഇതിനിടെയാണ് മുത്തു- അക്കലു ദമ്പതികള്‍ക്ക് കുഞ്ഞുണ്ടാവുന്നത്. കുഞ്ഞുണ്ടായതോടെ തന്നോടുള്ള സ്‌നേഹം ഇരുവര്‍ക്കും നഷ്ടപ്പെടുമോയെന്ന ഭയം കുട്ടിയെ കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു.

വാടക ക്വാര്‍ട്ടേഴ്‌സിനു സമീപത്തെ ആള്‍മറയുള്ള കിണറ്റിലാണ് അര്‍ധരാത്രി കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്ത് പെണ്‍കുട്ടി കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു. ശേഷം പെണ്‍കുട്ടി തന്നെയാണ് കാണാനില്ലെന്ന വിവരം വീട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

12 മണിയോടെ കുഞ്ഞിനെ കിണറ്റില്‍ നിന്ന് കണ്ടെത്തുകയും തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വളപട്ടണം പൊലീസാണ് കേസ് അന്വേഷിക്കുന്നത്. എന്നാല്‍ വീട്ടിനകത്തേക്ക് മറ്റാരും പ്രവേശിച്ചതായ ലക്ഷണങ്ങളൊന്നും പൊലീസിന് കണ്ടെത്താനായില്ല. കൃത്യത്തിനു പിന്നില്‍ വീട്ടിലുള്ളവര്‍ തന്നെയാണെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. ദമ്പതികളുടെ മൊഴിയെടുക്കുമ്പോഴും പൊലീസ് കുട്ടിയെ സംശയിച്ചിരുന്നില്ല.

രക്ഷിതാക്കള്‍ ജോലിക്ക് പോകുന്ന സമയത്ത് പെണ്‍കുട്ടി തന്നെയാണ് കുഞ്ഞിനെ നോക്കിയിരുന്നത്. പെണ്‍കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കും.

 

webdesk17:
whatsapp
line