പരീക്ഷയേയും പേടി; യു.പിയിലെ യൂണിവേഴ്സിറ്റി പരീക്ഷയിൽ ആർ.എസ്.എസിനെതിരെ ചോദ്യമുണ്ടാക്കിയെന്ന് ആരോപണം; പരീക്ഷാ മൂല്യനിർണയ ജോലികളിൽ നിന്നും അധ്യാപികക്ക് വിലക്ക്

ഉത്തര്‍പ്രദേശിലെ യൂണിവേഴ്‌സിറ്റിയില്‍ ആര്‍.എസ്.എസിനെയും തീവ്രവാദ സംഘടനയെയും ബന്ധിപ്പിച്ച് ചോദ്യമുണ്ടാക്കിയെന്ന് ആരോപിച്ച് അധ്യാപികക്ക് നേരെ നടപടി. മീററ്റിലെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടത്തുന്ന ചൗധരി ചരണ്‍ സിങ് സര്‍വകലാശാലയിലാണ് സംഭവം.

ഏപ്രില്‍ രണ്ടിന് നടന്ന രണ്ടാം സെമസ്റ്റര്‍ പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷയില്‍ രാഷ്ട്രീയ സ്വയംസേവക് സംഘത്തെ തീവ്രവാദ സംഘടനകളുമായി ബന്ധപ്പെടുത്തുന്ന ഒരു ചോദ്യപേപ്പര്‍ ഉണ്ടായിരുന്നതായി ആരോപണങ്ങളുയര്‍ന്നു. പിന്നാലെ വലിയ വിവാദം പൊട്ടിപ്പുറപ്പെട്ടു. പിന്നാലെ ചോദ്യപേപ്പര്‍ തയ്യാറാക്കിയ പ്രൊഫസറെ, ചൗധരി ചരണ്‍ സിങ് സര്‍വകലാശാല അധികൃതര്‍ എല്ലാ പരീക്ഷാ, മൂല്യനിര്‍ണയ ജോലികളില്‍ നിന്നും വിലക്കി.

ചോദ്യ പേപ്പറില്‍ ജാതിയും മതവും രാഷ്ട്രീയ ഉയര്‍ച്ചക്കായി ഉപയോഗിക്കുന്ന സംഘടനകളെക്കുറിച്ച് ചോദ്യം ചോദിക്കുകയും അതില്‍ ആര്‍.എസ്.എസിനെ ഉള്‍പ്പെടുത്തുകയും ചെയ്തുവെന്നാണ് വിമര്‍ശനം. ചോദ്യത്തില്‍ നക്‌സലൈറ്റുകള്‍, ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട്, ദാല്‍ ഖല്‍സ എന്നിവയ്‌ക്കൊപ്പം ആര്‍.എസ്.എസിന്റെ പേരും ഉള്‍പ്പെടുത്തിയിരുന്നുവെന്നാണ് പറയുന്നത്.

സംഭവം പ്രചരിച്ചതോടെ ആര്‍.എസ്.എസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് (എ.ബി.വി.പി) അംഗങ്ങള്‍ ചൗധരി ചരണ്‍ സിങ് സര്‍വകലാശാലയുടെ കാമ്പസില്‍ പ്രതിഷേധ പ്രകടനം നടത്തുകയും രജിസ്ട്രാര്‍ക്ക് മെമ്മോറാണ്ടം സമര്‍പ്പിക്കുകയും ചെയ്തു.

മീററ്റ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപികയായ സീമ പന്‍വാര്‍ ആണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയതെന്ന് സര്‍വകലാശാല കണ്ടെത്തി. സീമ പന്‍വര്‍ രേഖാമൂലം ക്ഷമാപണം നടത്തിയതായി സര്‍വകലാശാല രജിസ്ട്രാര്‍ ധീരേന്ദ്ര കുമാര്‍ വര്‍മ പറഞ്ഞു. ഭാവിയില്‍ ഇനി സീമ പന്‍വര്‍ ചോദ്യപേപ്പറുകള്‍ തയ്യാറാക്കുകയോ വിലയിരുത്തുകയോ ചെയ്യില്ലെന്നും വര്‍മ പറഞ്ഞു.

ആര്‍.എസ്.എസിനെക്കുറിച്ചുള്ള ചോദ്യമുള്ള ചോദ്യപേപ്പര്‍ സോഷ്യല്‍ മീഡിയയിലും പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് അന്വേഷണം പുരോഗമിക്കുകയാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും സര്‍വകലാശാല പറഞ്ഞു.

webdesk13:
whatsapp
line