വാഷിങ്ടണ്‍: രാജ്യത്ത് ഇന്ത്യക്കാര്‍ക്കെതിരെ വംശീയാക്രമണം തുടര്‍ക്കഥയായ പശ്ചാത്തലത്തില്‍ കുറ്റക്കാര്‍ക്കെതിരായ നിയമ നടപടി വേഗത്തിലാക്കുമെന്ന് അമേരിക്ക. ആക്രമത്തിനിരയായവര്‍ക്കും ബന്ധുക്കള്‍ക്കും നീതി ഉറപ്പാക്കുമെന്നും ഇന്ത്യന്‍ സ്ഥാനപതി നവ്‌തേജ് സര്‍നക്ക് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉറപ്പ് നല്‍കി. രണ്ടാഴ്ചക്കിടെ രണ്ട് ഇന്ത്യന്‍വംശജര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതില്‍ ഇന്ത്യന്‍ എംബസി ആശങ്ക അറിയിച്ചിരുന്നു.
ഇതിനു മറുപടിയായാണ് നീതിപൂര്‍വമായ അന്വേഷണം നടത്തുമെന്നും സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയതായും അമേരിക്ക ഉറപ്പ് നല്‍കി. കന്‍സാസില്‍ യുവ എന്‍ജിനീയര്‍ ശ്രീനിവാസ് കുച്‌ബോട്‌ല കൊല്ലപ്പെട്ടതിന്റെ നടുക്കം വിട്ടുമാറുന്നതിനു മുമ്പാണ് വ്യാഴാഴ്ച രാത്രി ബിസിനസുകാരന്‍ ഹാര്‍നിഷ് പട്ടേല്‍ സൗത്ത് കരോലിനയിലെ വീടിനു പുറത്ത് വെടിയേറ്റ് മരിച്ചത്. ഇതിനു പിന്നാലെ കെന്റില്‍ സിഖ് വംശജനും വെടിയേറ്റിരുന്നു. സംഭവത്തില്‍ എഫ്.ബി.ഐ അന്വേഷണം ആരംഭിച്ചതായും ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കിയതായും ഇന്ത്യന്‍ എംബസി അറിയിച്ചു.