X
    Categories: keralaNews

കെട്ടിട പെർമിറ്റ്, ലൈസൻസ് ഫീസ് വർധനക്കെതിരെ പ്രതിഷേധം ശക്തമാക്കും: മുസ്‌ലിംലീഗ്

കോഴിക്കോട്: കെട്ടിട പെർമിറ്റിനും ലൈസൻസിനുമുള്ള ഫീസ് നിരക്ക് കുത്തനെ കൂട്ടിയ ഇടത് സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പ്രസ്താവിച്ചു. ഒരു കാരണവശാലും നീതീകരിക്കാനാവാത്ത ഫീസ് വർധനവാണ് വന്നിരിക്കുന്നത്. ഇതോടെ സാധാരണക്കാർക്ക് വീട് നിർമ്മാണം ഒരു സ്വപ്‌നമായി മാറും. ഏപ്രിൽ 10 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ഇടത് സർക്കാറിന്റെ ജനദ്രോഹ നയത്തിനെതിരെ വിവിധ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാനത്തൊട്ടാകെ വ്യത്യസ്തമായ സമര പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. പെരുന്നാളിന് ശേഷം മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യക്ഷ സമര പരിപാടികളിലേക്ക് നീങ്ങും.

കെട്ടിട പെർമിറ്റ് ഫീസ് 150 ചതുരശ്ര മീറ്ററിന് 525 രൂപ നൽകിയിരുന്ന സ്ഥാനത്ത് ഇപ്പോൾ7500 രൂപയായിരിക്കുകയാണ്. നഗരസഭയിൽ ഇത് 10,500 ആണ്. കോർപ്പറേഷനിൽ 15,000 രൂപയും. ഒരു വീട് നിർമ്മിക്കുക എന്ന സാധാരണക്കാരന്റെ സ്വപ്‌നങ്ങൾക്ക് ഈ നിരക്ക് വർധനവ് തിരിച്ചടിയാകും. അപേക്ഷാ ഫീസിൽ നൂറ് മടങ്ങ് വരെയും കെട്ടിട പെർമിറ്റ് ഫീസിൽ 20 മടങ്ങ് വരെയും വർധനവുണ്ടായിരിക്കുന്നു. വീടിന്റെ തറ കെട്ടാനുള്ള ചെലവിന്റെ 20 ശതമാനം കെട്ടിട പെർമിറ്റ് ഫീസായി നൽകേണ്ട അവസ്ഥയിലാണ്. ഈ അനീതിക്കെതിരെ ജനം തെരുവിലിറങ്ങുമെന്നും മുസ്‌ലിംലീഗ് പ്രക്ഷോഭം ശക്തമാക്കുമെന്നും പി.എം.എ സലാം അറിയിച്ചു.

Chandrika Web: