X

സഊദി ദേശീയ ഗെയിംസ്: കൊടുവള്ളി സ്വദേശിനിക്ക് സ്വര്‍ണ്ണ മെഡലും ഒരു മില്യണ്‍ റിയാലും സമ്മാനം

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: പ്രഥമ സഊദി ദേശീയ ഗെയിംസില്‍ ഇന്ത്യക്ക് സുവര്‍ണ്ണ തിളക്കം. കോഴിക്കോട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനി സ്വര്‍ണ്ണ മെഡലും രണ്ടേകാല്‍ കോടിയോളം രൂപയും സമ്മാനം നേടിയാണ് ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിപ്പിടിച്ചത് . റിയാദിലെ അല്‍ നജ്ദ് ക്ലബ്ബിനെ പ്രതിനിധീകരിച്ച കോഴിക്കോട് കൊടുവള്ളിയിലെ ഖദീജ നിസയാണ് ബാഡ്മിന്റണ്‍ വ്യക്തിഗത ചാമ്പ്യന്‍ ഷിപ്പില്‍ സുവര്‍ണ്ണ നേട്ടം സ്വന്തമാക്കിയത്. റിയാദിലെ ന്യൂ മിഡില്‍ ഈസ്റ്റ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ഖദീജ നിസ റിയാദിലെ ഐ ടി എന്‍ജിനീയറായ കൊടുവള്ളി സ്വദേശി കൂടത്തിങ്ങല്‍ ലത്തീഫ് കോട്ടൂരിന്റെയും ഷാനിദയുടെയും മൂന്നാമത്തെ മകളാണ്. സഊദി ഇതാദ്യമായി സംഘടിപ്പിച്ച ദേശീയ ഗെയിംസില്‍ മത്സരിച്ച ഏക മലയാളി താരമാണ് ഖദീജ നിസ. സഊദിയില്‍ ജനിച്ച വിദേശികള്‍ക്കും ഗെയിംസില്‍ പങ്കാളികളാകാം എന്ന ആനുകൂല്യമാണ് മത്സരത്തില്‍ പങ്കെടുക്കാനും സ്വപ്‌നതുല്യമായ നേട്ടം കൈവരിക്കാനും ഖദീജയെ തുണച്ചത്. ഖദീജ നിസയെ കൂടാതെ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹൈദരാബാദ് സ്വദേശിയായ ശൈഖ് മെഹദ് ഷായും മത്സരത്തില്‍ സ്വര്‍ണ്ണ മെഡലും ഒരു മില്യണ്‍ റിയാലും സമ്മാനം നേടിയിട്ടുണ്ട്.

സഊദിയില്‍ ഒക്‌ടോബര്‍ 28 നാണ് ദേശീയ ഗെയിംസ് ആരംഭിച്ചത്. ബാഡ്മിന്റണ്‍ മത്സരങ്ങള്‍ക്ക് തുടക്കമായത് നവംബര്‍ ഒന്നിനായിരുന്നു. വിവിധ ക്ലബുകളുടെ പൂളുകള്‍ തമ്മിലുള്ള ആദ്യ മത്സരത്തില്‍ അനായാസം ജയിച്ചുകയറിയ ഖദീജ നിസ ബുധനാഴ്ച്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനലിലും വ്യാഴാഴ്ച്ച നടന്ന സെമിഫൈനലിലും വിജയിച്ചതോടെ ഫൈനലില്‍ നേരിട്ട സെറ്റുകള്‍ക്ക് തന്റെ എതിരാളിയെ പരാജയപ്പെടുത്തി വിജയകിരീടം ചൂടുകയായിരുന്നു. ഫൈനലില്‍ അല്‍ ഹിലാല്‍ ക്ലബിന്റെ ഹലാല്‍ അല്‍ മുദരിയ്യയെ 2111, 2110 എന്ന സ്‌കോറിനാണ് അടിയറവ് പറയിച്ചത്.ദേശീയ ഗെയിംസിന്റെ മുന്നോടിയായി രണ്ടര മാസം മുമ്പേ ആരംഭിച്ച പ്രീ ക്വാളിഫിക്കേഷന്‍ മത്സരങ്ങളില്‍ സഊദിയിലെയും വിദേശങ്ങളിലെയും പ്രഗത്ഭരായ മത്സരാര്‍ത്ഥികളുമായി പോരാടിയാണ് ദേശീയ ഗെയിംസിലേക്ക് നിസ യോഗ്യത നേടിയത്.

സഊദിയിലെ ഇന്ത്യന്‍ സമൂഹത്തിനും പ്രത്യേകിച്ച് മലയാളികള്‍ക്കും അഭിമാനകരമായ രീതിയില്‍ വിജയം കൊയ്ത ഖദീജ നിസ പിതാവ് ലത്തീഫില്‍ നിന്ന് ലഭിച്ച പ്രോത്സാഹനമാണ് സുവര്‍ണ്ണ നേട്ടത്തിലേക്ക് എത്തിച്ചത് . ലത്തീഫിന്റെ പിതാവ് കൊടുവള്ളിയില്‍ കൂടത്തിങ്ങല്‍ ഇബ്രാഹിം ഹാജിയും പഴയ കാല ബാഡ്മിന്റണ്‍ , വോളിബാള്‍ താരമായിരുന്നു. സഊദിയില്‍ സിന്‍മാര്‍ ബാഡ്മിന്റണ്‍ അക്കാദമിയില്‍ അംഗമായ ലത്തീഫ് നാട്ടിലും വിവിധ ക്ലബ്ബുകളില്‍ താരമായിരുന്നു. നേരത്തെ വയനാട് ജില്ലാ ചാമ്പ്യനും സഊദിയില്‍ ദേശീയ സബ്ജൂനിയര്‍ സിംഗിള്‍സ് ചാമ്പ്യനും ജിസിസി ചാമ്പ്യനുമായിരുന്നു ഖദീജ നിസ.

ഇന്ത്യയില്‍ നിന്ന് ഖദീജ നിസയെ കൂടാതെ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹൈദരാബാദ് സ്വദേശിയായ ശൈഖ് മെഹദ് ഷായും മത്സരത്തില്‍ സ്വര്‍ണ്ണ മെഡലും ഒരു മില്യണ്‍ റിയാലും സമ്മാനം നേടിയിട്ടുണ്ട്. റെയ ഫാത്തിമ, നേഹ , ഹയ്‌സ് മറിയം , മുഹമ്മദ് നസ്മി എന്നിവര്‍ സഹോദരങ്ങളാണ്. മില്യണ്‍ തിളക്കമുള്ള വിജയത്തിന് ഖദീജ നിസയെ തേടി അനുമോദന പ്രവാഹമാണ് . അദ്ഭുതകരമായ വിധത്തില്‍ വിജയിച്ച ഖദീജ നിസയെ കെഎംസിസി സഊദി നാഷനല്‍ കമ്മിറ്റി, കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി, റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി, കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മിറ്റി, കോഴിക്കോടന്‍സ് തുടങ്ങിയ സംഘടനകള്‍ അഭിനന്ദിച്ചു.

Test User: