കോഴിക്കോട്: ആരോഗ്യത്തിന് ദോഷകരമെന്ന് കണ്ടെത്തിയ മുന്നൂറില്‍ പരം കോംബിനേഷന്‍ മരുന്നുകളുടെ ഉല്‍പാദനവും വില്‍പ്പനയും ആരോഗ്യമന്ത്രാലയം നിരോധിച്ചു. ചുമക്കുള്ള സിറപ്പുകള്‍ അടക്കം വേദനസംഹാരി, ആന്റിബയോട്ടിക്കുകള്‍ തുടങ്ങി 328 എഫ്.ഡി.സി (ഫിക്‌സഡ് ഡോസ് കോംബിനേഷന്‍) മരുന്നുകളുടെ ഉപയോഗത്തിനാണ് ഇതോടെ ആരോഗ്യമന്ത്രാലയം നിരോധനം കൊണ്ടുവെന്നത്.
രണ്ടോ മൂന്നോ തരം രോഗങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന രീതിയില്‍ വ്യത്യസ്ത ഔഷധ മൂലകങ്ങള്‍ പ്രത്യേക അളവില്‍ ചേര്‍ത്ത് തയാറാക്കുന്ന മരുന്നു രൂപമാണ് ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍. നിലവില്‍ നിരോധിക്കപ്പെട്ടവ മരുന്നു കൂട്ടുകള്‍ ചേര്‍ത്ത് അശാസ്ത്രീയമായി ഉല്‍പാദിപ്പിച്ചവയാണ് ഇതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണു നടപടി.
മരുന്നുകള്‍ക്ക് നിരോധനം വന്നതോടെ കേരളത്തില്‍ മാത്രം മൂവായിരത്തോളം ബ്രാന്‍ഡഡ് മരുന്നുകള്‍ ഇനി വിപണിയിലുണ്ടാവില്ല. ശരാശരി 350 കോടിയിലേറെ രൂപയുടെ വില്‍പനയാണു കേരളത്തില്‍ നടന്നിരുന്നത്.