ന്യുഡല്‍ഹി:കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ട് എഫ്.സി ഗോവയില്‍ എത്തിയ മാര്‍ക്ക് സിഫ്‌നിയോസ് ഇന്ത്യ വിട്ടു. സിഫ്‌നിയോസിനെതിരെ ഫോറിന്‍ റീജിയണല്‍ റെജിസ്‌ട്രേഷന്‍ ഓഫീസില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് പരാതി കൊടുത്തതിനെ തുടര്‍ന്നാണ് താരം ഇന്ത്യ വിട്ടത്. ഇന്നലെ നടന്ന നോര്‍ത്ത് ഈസ്റ്റ് ഗോവ മത്സരത്തിന് തൊട്ടുമുന്നേയാണ് സിഫ്‌നിയോസ് സ്വന്തം രാജ്യമായ ഹോളണ്ടിലേക്ക് പറന്നത്.
കേരള ബ്ലാസ്‌റ്റേഴ്‌സില്‍ കളിക്കാനുള്ള എംപ്ലോയ്‌മെന്റ് വിസയിലാണ് എഫ് സി ഗോവയില്‍ സിഫ്‌നിയോസ് കളിക്കുന്നത് എന്നും അത് നിയമവിരുദ്ധമാണെന്നുമായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പരാതി. പരാതിയെ തുടര്‍ന്ന് FRRO ഓഫീസ് എഫ് സി ഗോവയേയും സിഫ്‌നിയോസിനെയും ബന്ധപ്പെടുകയും താരത്തോട് രാജ്യം വിടുകയോ അതോ ഡീപോര്‍ടിംഗ് നടപടിക്ക് വഴങ്ങുകയോ മാത്രമെ പരിഹാരമുള്ളൂ എന്ന് പറയുകയായിരുന്നു.
സിഫ്‌നിയോസ് ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ട് എഫ് സി ഗോവയിലേക്ക് കൂടുമാറിയത്. താരത്തിന് ഇനി നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് തിരിച്ചുവരണമെങ്കില്‍ ചുരുങ്ങിയത് 10 ദിവസമെങ്കിലും എടുക്കുമെന്നാണ് സൂചന.
ബ്‌ലാസ്‌റ്റേഴ്‌സില്‍ കളിക്കുമ്പോള്‍ പരിക്ക് മൂലമായിരുന്നില്ല പുറത്തിരുന്നത്. കേരള ടീമിന്റെ കോച്ചിങ് സ്റ്റാഫിലെ മാറ്റങ്ങളുണ്ടായപ്പോള്‍ ടീം വിടുന്നതാണ് നല്ലതെന്ന് തോന്നി. യൂറോപ്പിലെ ഒരു മികച്ച ക്ലബ്ബില്‍ നിന്ന് വാഗ്ദ്ധാനമുണ്ടായിരുന്നു. എന്നാല്‍ അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. സീസണിന്റെ പകുതിയ ആയതിനാല്‍ അവസരങ്ങളും കുറവായിരുന്നു. പിന്നീടുള്ളത് വായ്പാ അടിസ്ഥാനത്തിലുള്ള കൈമാറ്റമാണ്. പക്ഷേ അത് സങ്കീര്‍ണമായിരുന്നു. ഈ ഒരു സന്ദര്‍ഭത്തിലാണ് എഫ്.സി ഗോവയില്‍ നിന്ന് വിളി വന്നത്. പരിശീലകന്‍ സെര്‍ജിയോ ലോബ്‌റ പ്രധാന സ്‌െ്രെടക്കറുടെ റോള്‍ ഏറ്റെടുക്കാന്‍ പറഞ്ഞപ്പോള്‍ വേണ്ടെന്നുവെച്ചില്ല. രണ്ടു സ്പാനിഷ് സ്‌െ്രെടക്കര്‍മാരേക്കാള്‍ പ്രധാന്യം എനിക്ക് നല്‍കുമെന്നും കോച്ച് പറഞ്ഞു. അതോടെ ഇന്ത്യയിലേക്ക് വീണ്ടും വരാന്‍ തീരുമാനിക്കുകയായിരുന്നു. എന്നായിരുന്നു കൂടുമാറ്റത്തെ കുറിച്ച് സിഫ്‌നിയോസ് പറഞ്ഞത്.
കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ട് എഫ്.സി ഗോവയില്‍ ചേര്‍ന്ന ഡച്ച് താരം മാര്‍ക്ക് സിഫ്‌നിയോസിന്റെ തീരുമാനം ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഒരു ലീഗില്‍ കളിച്ചുകൊണ്ടിരിക്കെ ഇടയ്ക്കുവെച്ച് അതേ ലീഗിലെ മറ്റൊരു ടീമില്‍ ചേരുന്നത് ഫുട്‌ബോളിന്റെ നീതിക്ക് നിരക്കാത്തതെന്നായിരുന്നു ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ വാദം. എന്നാല്‍ സിഫ്‌നിയോസ് ചെയ്തത് പ്രൊഫഷണലിസമാണെന്നും ചിലര്‍ വാദിച്ചിരുന്നു.