മഡ്ഗാവ്: സീക്കോ എന്ന ഇതിഹാസ പരിശീലകന്‍ തല ഉയര്‍ത്തി മടങ്ങുന്നു. ടീമിന്റെ തോല്‍വികളില്‍ തല താഴ്ത്താന്‍ നിര്‍ബന്ധിതനായ ബ്രസീലുകാരന്‍ ഇന്നലെ അവസാന പോരാട്ടത്തില്‍ ചാമ്പ്യന്മാരായ ചെന്നൈയെ 5-4ന് തകര്‍ത്ത് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കി. ഒമ്പത് ഗോള്‍ പിറന്ന പോരാട്ടത്തില്‍ മാര്‍ക്കോ മറ്റരേസിയുടെ സംഘത്തിന് പലപ്പോഴും ഗോവക്ക് ഒപ്പമെത്താനായി. പക്ഷേ അവസാനത്തില്‍ പിഴച്ചു. വിമാനാപകടത്തില്‍ കൊലപ്പെട്ട ബ്രസീല്‍ ടീം അംഗങ്ങളെ അനുസ്മരിച്ചാണ് ഗോവ കളിക്കാനിറങ്ങിയത്.
മൂന്ന് തവണ പിറകിലായിരുന്നു ഗോവക്കാര്‍. സ്വന്തം മൈതാനത്ത് ഇത്തവണ ഒരു വിജയം പോലുമുണ്ടാവില്ലേ എന്ന ആശങ്കയായിരുന്നു കാണികള്‍ക്ക് . പക്ഷേ പതറാതെ പൊരുതിയ ടീം അവസാനത്തില്‍ ജയിച്ചു കയറുകയായിരുന്നു. നാലാം മിനുട്ടില്‍ ജെറി ലാല്‍സുലിയുടെ ചെന്നൈയാണ് മുന്നില്‍ കയറിയത്. പക്ഷേ ആറാം മിനുട്ടില്‍ റാഫേല്‍ കൊയ്‌ലോയിലുടെ ഗോവ ഒപ്പമെത്തി, ഗ്രിഗറി അര്‍നോളിന്റെ സെല്‍ഫ് ഗോളില്‍ ചെന്നൈ ലീഡ് നേടിയപ്പോള്‍ ജോഫ്രെ ഗോവയെ ഒപ്പമെത്തിച്ചു. ഇരുപത്തിയെട്ടാം മിനുട്ടില്‍ ഡുഡുവിലൂടെ ചെന്നൈ വീണ്ടും ലീഡ് നേടി. സാഹില്‍ ടെവേര ഗോവയെ ഒപ്പമെത്തിച്ചു. റാഫേല്‍ കൊയ്‌ലോയിലൂടെ ഗോവ ലീഡ് നേടിയപ്പോള്‍ ജോണ്‍ റിജ് സെയുടെ പെനാല്‍ട്ടിയില്‍ ചെന്നൈ ഒപ്പമെത്തി.
4-4 ല്‍ അവസാനിക്കുമെന്ന് കരുതിയ മല്‍സരത്തിലാണ് അവസാന ടെവേര തന്നെ അധികസമയത്ത് ഗോവയെ വിജയത്തിലെത്തിച്ചു.ജയിച്ചെങ്കിലും ടേബിളില്‍ അവസാന സ്ഥാനവുമായാണ് നിലവിലെ രണ്ടാം സ്ഥാനക്കാര്‍ മടങ്ങുന്നത്. ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആന്റോണിയോ ഹബാസിന്റെ പരിശീലനത്തിന്‍ കീഴില്‍ പൂനെ സിറ്റി ഇന്ന് തങ്ങളുടെ അവസാന മത്സരത്തില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ നേരിടും. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ ആദ്യ സീസണില്‍ കീരീടത്തിലേക്കു നയിച്ച ഹബാസിനു കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയെ സെമിഫൈനല്‍ വരെ കൊണ്ടുചെന്നേത്തിക്കുവാനും കഴിഞ്ഞിരുന്നു.ഇത്തവണ പൂനെ സിറ്റിയുടെ ചുമതല ഏറ്റെടുത്ത ഹബാസിന്റെ ഡ്യൂട്ടി ഇന്നത്തെ മത്സരത്തോടെ അവസാനിക്കുകയാണ്. 13 മത്സരങ്ങളില്‍ നിന്നും നാല് ജയം, മൂന്നു സമനില, ആറ് തോല്‍വി എന്നീ നിലയില്‍ 15 പോയിന്റുമായി ആറാം സ്ഥാനത്തു നില്‍ക്കുന്ന പൂനെ സിറ്റിക്കു ഇന്നത്തെ മത്സരം ജയിച്ചാലും സെമിഫൈനലില്‍ എത്തുവാന്‍ കഴിയില്ല.
എന്നാല്‍ കൊല്‍ക്കത്തയ്ക്കു തലവേദന സൃഷ്ടിക്കാന്‍ കഴിഞ്ഞേക്കും. ഈ സീസണില്‍ ഹബാസിനെ പരിശീലകനായി ലഭിച്ചതില്‍ പൂനെ സിറ്റിക്ക് ഒരു കണക്കില്‍ നഷ്ടമാണ് സംഭവിച്ചത്. കഴിഞ്ഞ സീസണില്‍ കിട്ടിയ സസ്‌പെന്‍ഷന്റെ കാലാവധി ഹബാസ് പൂര്‍ത്തിയാക്കിയത് ഈ സീസണിലാണ്. അതുകൊണ്ടു തന്നെ ഹബാസിനെ പുറത്തിരുത്തിയാണ് പൂനെ സിറ്റിക്ക് ആദ്യ നാല് മത്സരവും കളിക്കേണ്ടി വന്നത്. ഹബാസ് തിരിച്ചുവന്നതിനു ശേഷവും പൂനെ സിറ്റിക്ക് കാര്യമായ നേട്ടങ്ങള്‍ ഒന്നും സമ്പാദിക്കാന്‍ കഴിഞ്ഞില്ല. വിജയകരമായി മൂന്നാം വര്‍ഷവും പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ ഹബാസ് ആകട്ടെ ഇത്തവണത്തെ നിരാശരായ പരിശീലകരുടെ പട്ടികയുടെ കൂട്ടത്തില്‍ ഇടംപിടിച്ചിരിക്കുകയാണ്.