സിന്ധു മരിയ നെപ്പോളിയന്‍
ഇന്നലെ പൂന്തുറയിലായിരുന്നു; അതെ, ഓഖി ചുഴലിക്കാറ്റിൽ ഏറ്റവുമധികം ജീവനഷ്ടം ഉണ്ടായ പൂന്തുറയിൽത്തന്നെ. അവിടെത്തിയപ്പോൾ തൊട്ടേ കണ്ടതൊക്കെയും അസ്വസ്ഥമായ, സമാധാനം നഷ്ടപ്പെട്ട മുഖങ്ങളായിരുന്നു. നാട്ടുകാരിൽ മുക്കാൽപങ്കും വഴിയോരത്തു തന്നെയാണ്. കടപ്പുറത്ത് പോവുന്ന വഴിയിൽ അവിടവിടായി, പല വീടുകൾക്കു മുന്നിലും വെള്ളത്തുണി വിരിച്ച മേശകളും അതിലെ ഫ്രെയിം ചെയ്ത മുഖങ്ങളും കാണുന്നുണ്ടായിരുന്നു. ചിലയിടങ്ങളിൽ പടങ്ങളില്ല, കത്തിച്ചു വെച്ച മെഴുകുതിരികൾ മാത്രം. നാലാം പക്കമായിട്ടും തിരിച്ചെത്താത്ത മുഖങ്ങളുടെ അനിശ്ചിതത്വം നിറഞ്ഞ ശൂന്യതയായിരുന്നു അവിടെ കണ്ടത്.
കടപ്പുറത്ത് വല്ലാത്തൊരു ആൾക്കൂട്ടമുണ്ടായിരുന്നു. ദുരന്തമുഖങ്ങളെ മുൻപു ടി.വി. യിൽ മാത്രമേ കണ്ടിരുന്നുള്ളൂ. ഫോൺ ക്യാമറകളും തുറന്ന് പിടിച്ച് തലങ്ങും വിലങ്ങും നടക്കുന്ന കുറേ വികാരരഹിതരായ മനുഷ്യരെ കണ്ട് സഹതപിച്ചു പോയി!
പൂന്തുറയിൽ നിന്നും തിരച്ചിലിനു പോയ നാല്പതോളം ബോട്ടുകളും അവയിലെ മത്സ്യത്തൊഴിലാളികളും ഓരോരുത്തരായി തിരിച്ചെത്തിക്കൊണ്ടിരുന്നു. കടലിൽ പോയി വലയെറിഞ്ഞ് വള്ളം നിറയെ മീനുമായി വരുന്ന മുക്കുവന്മാരെയല്ലേ നമുക്ക് കണ്ടു പരിചയമുള്ളൂ. ഇന്നലെ കടലിൽ നിന്നുമെത്തിയ ഓരോ വള്ളത്തിലും ജീവനില്ലാത്ത ശരീരങ്ങളെയാണ് ഞാൻ കണ്ടത്. തിരിച്ചറിയാതായി തുടങ്ങിയ ശരീരങ്ങൾ.
നിങ്ങളൊന്നു സങ്കല്പിച്ചു നോക്കൂ, കടലിൽ നിന്നൊരു വള്ളം വരുന്നതു കാണുന്നു. എല്ലാവരും തീരത്തേക്കോടുന്നു. വള്ളം വലിച്ചു കരയ്ക്കു കയറ്റുന്നു. അതിൽ നിന്നൊരു വികൃതമായിക്കഴിഞ്ഞ ശരീരത്തെ തൂക്കിയെടുത്ത് ആംബുലൻസിൽ കയറ്റി കൊണ്ടു പോവുന്നു. ഇതിങ്ങനെ മണിക്കൂറിലൊന്നെന്ന കണക്കിൽ കണ്ടു നിൽക്കുകയാണ്.
ഒരർത്ഥത്തിലും തടുക്കാനാവാത്തൊരു ഷോർട് സർക്യൂട്ട് തീപിടുത്തമോ മലവെള്ളപാച്ചിലോ ആയിരുന്നു ആ ജീവനുകളെ കൊണ്ടുപോയതെങ്കിൽ മനസിലാക്കാമായിരുന്നു. ഇതങ്ങനെയല്ല. തുടക്കം മുതലേ ആരൊക്കെയോ സ്വീകരിച്ചു പോന്ന അലംഭാവമാണ് ഇത്രയധികം പേരെ കൊന്നതെന്നോർക്കുമ്പൊ…
കൈ വിറച്ചു പോവുന്നു, ഇതെഴുതുമ്പോൾ.
ബുധനാഴ്ച്ച ഉച്ച കഴിഞ്ഞ് കടലിൽ പോയവരുടെ കൂട്ടത്തിൽ എൻ്റെ പപ്പയുമുണ്ടായിരുന്നു. എന്തോ ഭാഗ്യത്തിന് കുറച്ച് ദൂരം പോയപ്പോൾ തന്നെ വള്ളത്തിലെ ലൈറ്റിൻ്റെ ചാർജ് തീർന്നു തുടങ്ങിയതു കൊണ്ടു മാത്രമാണ് അവർ കാറ്റിനെ വക വയ്ക്കാതെ കിട്ടിയ പങ്കും പെറുക്കിയിട്ട് കരയിലേക്കോടി എത്തിയത്. ഒരു പക്ഷേ കാറ്റൊന്നു ശമിക്കുന്നതു വരെ ഉൾക്കടലിൽത്തന്നെ തുടർന്നിരുന്നെങ്കിൽ കടലു പോലൊരുവൾക്ക് സ്വപ്നം കാണാൻ ധൈര്യം തന്ന മനുഷ്യനും, ഓഖിയെടുത്ത ജീവനുകളിലൊന്നു മാത്രമായിത്തീർന്നേനെ.
ഇത്രയധികം ഭീതി പരത്തിയൊരു കാറ്റിൻ്റെ വരവിനെപ്പറ്റി മത്സ്യത്തൊഴിലാളികൾക്ക് ഒരു സൂചന കൊടുക്കാൻ പോലും സാധിക്കാതെ പോയ ഇവിടുത്തെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തോടും അവിടുത്തെ കേവല ജന്മങ്ങളോടുമുള്ള അമർഷം പ്രകടിപ്പിക്കാതിരിക്കാനാവുന്നില്ല. അല്ലെങ്കിൽത്തന്നെ ഇന്നേ വരെ തെറ്റായ വിവരം നല്കാനല്ലാതെ വേറൊന്നിനും കൊള്ളാത്തവരാണ് അവിടിരിക്കുന്നവരെന്ന് മുൻപ് കേട്ടിട്ടുണ്ടെങ്കിലും ഇപ്പൊ ശരിക്കും മനസിലായി.
കാറ്റും മഴയും വന്നു പോയതിനു ശേഷമുണ്ടായ രക്ഷാപ്രവർത്തനത്തിനത്തിലെ ഏകോപനമില്ലായ്മയാണ് മരണസംഖ്യ കൂട്ടാനും ഇപ്പോഴും തിരിച്ചെത്താത്ത മത്സ്യത്തൊഴിലാളികളുടെ എണ്ണം കൂട്ടാനും കാരണമായതെന്നു തന്നെ പറയേണ്ടി വരും. നേരെ ചൊവ്വേ കടൽ കണ്ടിട്ടു പോലുമില്ലാത്തവരാണ് കോസ്റ്റ് ഗാർഡുകാരെന്നും പറഞ്ഞ് രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. അവർക്ക് ആരെയും രക്ഷിക്കാനായില്ലെന്നല്ല, അവരോടൊപ്പം അനുഭവജ്ഞാനമുള്ള മത്സ്യത്തൊഴിലാളികളെക്കൂടി തുടക്കം മുതലേ ഉൾപ്പെടുത്തിയിരുന്നെങ്കിൽ ഇത്രയധികം അത്യാഹിതങ്ങൾ ഉണ്ടാവില്ലായിരുന്നു.
ഇന്നേ വരെ ഉൾക്കടലിൽ വെച്ച് ഇവിടുള്ളവരാരും കണ്ടിട്ടേയില്ലാത്ത കൂട്ടരാണ് കോസ്റ്റ്ഗാർഡെന്നു പറയുന്നു. കരയോടു ചേർന്നു മാത്രം ദിവസവും റോന്തു ചുറ്റി ശീലമുള്ള ഇവരെയാണ് മണിക്കൂറുകൾ സഞ്ചരിച്ച് ഉൾക്കടലിൽ പണിക്കു പോയി, കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനയച്ചത്. വീണ്ടും ആവർത്തിക്കുന്നു, കോസ്റ്റ് ഗാർഡിനൊപ്പം രക്ഷാപ്രവർത്തനത്തിൻ്റെ ആദ്യഘട്ടം മുതലേ, കടലറിയുന്ന മത്സ്യത്തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിൽ രണ്ടക്കങ്ങളെ ഒരക്കത്തിലെങ്കിലും എത്തിക്കാൻ സാധിച്ചേനെ.
തിരച്ചിലിനു പോയ മത്സ്യത്തൊഴിലാളികൾ ഇന്നലെ രാത്രി ഏകദേശം എട്ടു മണിയോടെ പൂന്തുറയിൽ എത്തിച്ച മൃതദേഹം മരണം നടന്ന് കഷ്ടിച്ച് രണ്ടു മണിക്കൂർ പോലുമാവാത്ത നിലയിലാണ് അവർക്ക് കിട്ടിയത് എന്നു പറയുമ്പോഴെങ്കിലും മിനിട്ടുകളും മണിക്കൂറുകളും ഒരു ജീവനെ തിരികെയെത്തിക്കുന്നതിൽ നിർണായകമാണെന്ന് നിങ്ങൾക്ക് മനസിലാക്കാൻ പറ്റുന്നുണ്ടോ?
കടപ്പുറത്തു കിടക്കുന്ന കുറേ മുക്കുവന്മാരെയല്ലാതെ മറ്റാരെയും ഈ അപകടം ബാധിച്ചിട്ടേയില്ലെന്ന് മനസിലാവുന്നിടത്താണ് ഞങ്ങളുടെയൊക്കെ പ്രസക്തി തിരിച്ചറിയുന്നത്. ഇന്നലെയൊരു സുഹൃത്ത് പറഞ്ഞതു പോലെ, വല്ല ശബരിമലയിലോ മറ്റോ ആയിരിക്കണം, ഇന്നേരം കേന്ദ്രവും കേരളവും ഇവിടെ മിനിറ്റിനൊന്നു വെച്ച് ഹെലിക്കോപ്റ്റർ പറപ്പിച്ചേനെ. വൈകാരികമായ് പോവുന്നുണ്ടെന്നറിയാം. പക്ഷേ പുറത്തേക്കു വരുന്ന വാക്കുകളെ തടുക്കാനാവുന്നില്ല.
ഒരു പക്ഷേ കടലിനെ അവഗണിച്ച് കരയിലൊന്നു കറങ്ങി വന്നേക്കാം എന്നായിരുന്നു ഓഖിക്കു തോന്നിയിരുന്നതെങ്കിൽ തിരുവന്തപുരം, കന്യാകുമാരി ജില്ലകൾ നാമാവശേഷമായിപ്പോയേനെ. എന്നു വച്ചാൽ കടലു വഴിയങ്ങു പോയതു കൊണ്ടും അനാഥമായത് കുറേ മുക്കുവ കുടുംബങ്ങളായതു കൊണ്ടും നമുക്കിവിടെ സെലക്റ്റീവ് മൗനം പാലിക്കുകയോ വൺ മിനിറ്റ് സൈസൻസിനു ശേഷം അടുത്ത ഫാസിസ്റ്റ് ആക്രമണത്തെപ്പറ്റി സംസാരിച്ചു തുടങ്ങുകയോ ചെയ്യാമെന്നു സാരം.
കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി കടലിൽ പോയവരേയും കാണാതെ പോയവരേയും തിരക്കി പോയവരേയും തിരിച്ചെത്തിയവരേയും തിരികെ ഇനിയുമെത്താനുള്ളവരേയും മരിച്ചവരേയും അടക്കിയവരേയും പറ്റിയല്ലാതെ മറ്റൊന്നിനെ പറ്റിയും ഞങ്ങൾക്ക് സംസാരിക്കാനാവുന്നില്ല..
പൂവാറും പുല്ലുവിളയും പൂന്തുറയും വെട്ടുകാടും വിഴിഞ്ഞത്തും ഇനിയും കാത്തിരിക്കുന്ന കുടുംബങ്ങളേയും സ്ത്രീകളേയുമല്ലാതെ മറ്റാരെയും ഞങ്ങൾക്ക് കാണാനുമാവുന്നില്ല.
അതുകൊണ്ടാവാം നിങ്ങടെയൊക്കെ ശ്രദ്ധ കടകംപള്ളി ഹെലികോപ്റ്ററിൽ കേറിയതിലും പിണറായിയുടെ കാറു തടഞ്ഞതിലും നിർമല സീതാരാമൻ കന്യാകുമാരിക്കു പോയതിലുമുടക്കി നിൽക്കുമ്പോൾ, ഞങ്ങൾക്ക് പരസ്പരം കൈകോർത്ത് പിടിച്ച് ഞങ്ങളുടെ വാർത്ത പറയാൻ ഇറങ്ങേണ്ടി വരുന്നത്.
കടപ്പുറത്തുള്ളവരുടെ പ്രശ്നങ്ങൾ പറയാൻ മുക്കുവരിലൊരാൾ തന്നെയുണ്ടായേ മതിയാവൂ എന്നെല്ലാവരും നിർബന്ധം പറഞ്ഞതിൻ്റെ പൊരുൾ ഇപ്പൊഴാണ് മനസിലാവുന്നത്.
കടൽ ശാന്തമായ് തുടങ്ങി. ഇനിയും കണ്ടു കിട്ടാനുള്ളവരെ ഓർത്ത് സമാധാനമായി ഇരിക്കാനാവുന്നില്ല. ഇന്നലെയൊക്കെ കണ്ടെത്തിയ ശരീരങ്ങൾ തിരിച്ചറിഞ്ഞ്, എത്തേണ്ടയിടങ്ങളിൽ എത്തണം. നേരിട്ടറിയാവുന്ന പല സുഹൃത്തുക്കളുടെ ഉറ്റവരും ബന്ധുക്കളും കാണാതായവരുടെ കൂട്ടത്തിലുണ്ട്. അവരെയൊക്കെ എന്തു പറഞ്ഞാണ് ആശ്വസിപ്പിക്കാനാവുക എന്നറിയില്ല.
ഇന്നലെ ഏതോ ഒരു നിമിഷത്തിൽ വല്ലാതെ മനസാന്നിധ്യം നഷ്ടപ്പെട്ടു പോയപ്പോൾ, ഇനി പപ്പയോട് കടലിൽ പോവരുതെന്ന് പറയണം, ആർക്കും ഒരുറപ്പുമില്ലാത്ത ഈ ജോലി നമുക്ക് വേണ്ടെന്ന് പറയണം, ഇങ്ങനെ കടലിൽ നോക്കി കാത്തിരിക്കുന്നവരുടെ ഭാരം താങ്ങാനായെന്നു വരില്ലെന്നു പറയണം എന്നൊക്കെ തോന്നിയിരുന്നു. പക്ഷേ പിന്നെ മനസിലായി, ഇതു ഞങ്ങളുടെ ജീവിതത്തിൻ്റെ ഭാഗമാണെന്ന്; ഈ അനിശ്ചിതാവസ്ഥ. ഏതാനും ദിവസങ്ങൾക്കുള്ളിൽ എല്ലാം വീണ്ടും പഴയതു പോലാവും. ഇതൊന്നും ഓർക്കാനാഗ്രഹിക്കാതെ വീണ്ടും ഞങ്ങടെ അപ്പനപ്പൂപ്പന്മാർ കടലിൽ പോവും. കാരണം ഞങ്ങൾ മുക്കുവരാണ്.