X

എ പ്ലസ് നല്ലത്, പക്ഷേ ഓവറാക്കി ചളമാക്കരുതെന്ന് കളക്ടര്‍ ബ്രോ

കോഴിക്കോട്: ഇത്ര കണ്ട് ആദരിക്കാന്‍ മാത്രം വലിയ ഹൈപ്പുള്ളതല്ല പത്താം ക്ലാസ് പരീക്ഷയെന്ന് മുന്‍ കളക്ടര്‍ എന്‍. പ്രശാന്ത് നായര്‍. ജീവിത വിജയവുമായി പത്താം ക്ലാസ് പരീക്ഷക്ക് വലിയ ബന്ധമൊന്നുമില്ലെന്നും ഗ്രേഡിങ് നടത്തുന്നതു വഴി കുട്ടികളെ സാമൂഹികമായി വേര്‍തിരിക്കാനേ അത് ഉപകരിക്കൂ എന്നും കളക്ടര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:


എ പ്ലസ് നല്ലത് തന്നെ. പക്ഷേ ഓവറാക്കി ചളമാക്കരുത്. എന്റെ ചെറിയ ബുദ്ധിയിലെ അഭിപ്രായം, മാര്‍ക്ക്ഷീറ്റ് ഒരു കുട്ടിയുടെ സ്വകാര്യതയാണ് എന്നാണ്. കാണിക്കേണ്ട സ്ഥലത്ത് മാത്രം കാണിക്കേണ്ടത്.

വലിയ കൊമ്പത്തെ ഗ്രേഡ് കിട്ടാത്ത കുഞ്ഞുങ്ങളില്‍ ഈ മാര്‍ക്ക് ഷീറ്റ് പ്രദര്‍ശനം ഇടുന്ന പ്രഷര്‍ എന്തായിരിക്കും… ഇത്രമാത്രം ഹൈപ്പ് അര്‍ഹിക്കാത്ത ഒരു പരീക്ഷയാണ് പത്താംതരം എന്നു കൂടെ ഓര്‍ക്കണം. ജീവിത വിജയവുമായിട്ട് വലിയ ബന്ധവുമില്ല. പത്താം തരത്തിലെ ഗ്രേഡിംഗ് നടത്തുന്നത് കുട്ടികളെ സാമൂഹികമായി വേര്‍തിരിക്കാനല്ല, അക്കാദമിക് ചോയ്‌സുകള്‍ പ്രാവര്‍ത്തികമാക്കാന്‍ മാത്രമാണ്.

A+ ആഘോഷങ്ങളിലും സ്വീകരണങ്ങളിലും പങ്കെടുക്കാന്‍ വിളിക്കുന്നവരോട് സ്‌നേഹത്തോടെ വരാന്‍ നിര്‍വാഹമില്ല എന്നേ പറയാന്‍ പറ്റൂ. ഇവര്‍ക്ക് സ്വീകരണവും ആഘോഷവും ഒരുക്കുമ്പോള്‍ അപമാനിക്കപ്പെടുകയും അവഗണനയുമായി ഓരത്ത് മാറി നില്‍ക്കുകയും ചെയ്യുന്ന ബാക്കി കുട്ടികളുടെ മനസ്സാര് വായിക്കും? അവരും മിടുക്കരും മിടുക്കികളും തന്നെയാണ്. ഇത്തരത്തില്‍ സിസ്റ്റമാറ്റിക്കായി സമൂഹം ഒന്നടങ്കം അവരെ മാനസികമായി തളര്‍ത്താതിരുന്നാല്‍ മതി. സ്‌കൂളിലും, റെസിഡന്റ് അസോസിയേഷനിലും, വീട്ടിലും, ബന്ധുഗൃഹങ്ങളിലും, പത്രത്തിലും ടിവിയിലും, ഫേസ്ബുക്കിലും, കവലയിലെ ഫ്‌ലെക്‌സിലും ഒക്കെ ഇവരെ തളര്‍ത്താനുള്ള എല്ലാം നമ്മള്‍ ചെയ്യുന്നുണ്ട്. ഈ രക്തത്തില്‍ പങ്കാളിയാവാന്‍ വയ്യ ഉണ്ണീ.

വിജയങ്ങള്‍ നമ്രതയോടെ ഏറ്റ് വാങ്ങാനാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. വള്‍ഗറായി ആഘോഷിക്കാനല്ല. പരാജയങ്ങളെ ഗ്രേസ്ഫുളായി കൈകാര്യം ചെയ്യാനും. ഗൗരവമുള്ള ഉന്നത പരീക്ഷകളും ശരിക്കുള്ള ജീവിതപരീക്ഷണങ്ങളും ഇനി വരാനിരിക്കുന്നേ ഉള്ളൂ.

ബ്രോസ്വാമി

web desk 1: