X
    Categories: MoreViews

പ്രണബിന്റെ സാരോപദേശം കൊണ്ട് ആര്‍.എസ്എ.സ് അടിമുടി മാറുമോ?

പി.എം സാദിഖലി

പ്രണബിന്റെ സാരോപദേശം കൊണ്ട് ആര്‍ എസ് എസ് അടിമുടി മാറുമോ?
ചെയ്ത് കൂട്ടിയ പാപങ്ങള്‍ മുഴുവന്‍ ഗംഗയില്‍ മുങ്ങി കഴുകി കളയുമോ?
ഹിന്ദുത്വ രാഷ്ട്രം തങ്ങളുടെ ലക്ഷ്യമല്ലന്ന് രാജ്യത്തോട് പ്രഖ്യാപിക്കുമോ?
മുസ്ലിംകളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകളും ഉള്‍പ്പെടെ തങ്ങളുടെ ലക്ഷ്യത്തിന് വിഘാതമാകുന്നവരെയാകമാനം ശ്രത്രുക്കളാക്കുന്ന ഗോള്‍വാള്‍ക്കറുടെ ‘വിചാരധാര’യെ അവര്‍ തള്ളിപ്പറയുമോ?

പുള്ളിപ്പുലിയുടെ പുള്ളി മാറിയാലും ആര്‍ എസ് എസിന്റെ വര്‍ഗീയത മാറില്ലെന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ പ്രസ്താവന ഇനിയും എത്രവട്ടമാണാവോ ഈ രാജ്യത്ത് ആവര്‍ത്തിക്കേണ്ടി വരിക….?

ആദ്യത്തേതും അവസാനത്തേതുമായി ഒരു വട്ടം മാത്രമാണ് നമ്മുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി ആര്‍ എസ് എസ് ശാഖ സന്ദര്‍ശിച്ചിട്ടുള്ളത്.
ഗുരു ഗോവിന്ദ് സിംഗ്, റാണാ പ്രതാപ സിംഗ്, ശിവജി എന്നീ ഹിന്ദു യോദ്ധാക്കളുടെ ചിത്രങ്ങള്‍ ശാഖ മന്ദിരത്തില്‍ കണ്ട ഗാന്ധി, ഭഗവാന്‍ ശ്രീരാമ ചന്ദ്രന്റെ ചിത്രം ഇവിടെ കാണുന്നില്ലല്ലോ എന്ന് സംഘ് നേതാക്കളോട് ചോദിക്കുകയുണ്ടായി.
‘രാമന്‍ യോദ്ധാവല്ല, മൃദുലനാണ്, നേതാവാക്കാന്‍ പറ്റില്ല ‘ എന്ന ഉത്തരമാണ് അന്ന് അവര്‍ ഗാന്ധിജിക്ക് നല്‍കിയത് .

ഗാന്ധിജിയുടെ ആ സന്ദര്‍ശനം തെറ്റായിരുന്നുവെന്ന് പിന്നീട് കാലം തെളിയിച്ചു.
രാമനെ ഹൃദയത്തിലേറ്റി രാമരാജ്യം സ്വപ്‌നം കണ്ട ആ മഹാത്മാവിന്റെ നെഞ്ചിലേക്ക് തന്നെ അക്കൂട്ടര്‍ നിറയൊഴിച്ചു.
ഗോഡ്‌സെയുടെ വെടിയേറ്റ് പിടയുമ്പോഴും ആ അതിമാനുഷന്റെ ചുണ്ടുകള്‍ റാം റാം എന്ന് ഉരുവിട്ടു കൊണ്ടിരുന്നുവെന്നത് ചരിത്ര സത്യം.
ഗാന്ധിജിയുടെ ആ രാമന്‍ ഇന്ത്യയിലെ വര്‍ഗീയത തൊട്ടു തീണ്ടിയിട്ടില്ലാത്ത അനേക കോടി ഹിന്ദു കുടുംബങ്ങളില്‍ ഇന്നും ജീവിക്കുന്നു.

ആദ്യ കാലങ്ങളില്‍ സംഘ് പരിവാരം ഒരു ഘട്ടത്തിലും മുന്നില്‍ നിര്‍ത്താതിരുന്ന അതേ രാമന്റെ പേരില്‍ തന്നെ പിന്നീട് അവര്‍ പള്ളി പൊളിച്ചതും കലാപങ്ങള്‍ നടത്തി കുരുതിക്കളങ്ങള്‍ തീര്‍ത്തതും രാജ്യത്തെ നിരന്തരം മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടിരിക്കുന്നതും പില്‍ക്കാല ചരിത്രം.

അനേക വര്‍ഷത്തെ മതേതര രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ രാജ്യത്തിന്റെ പ്രഥമ പൗരന്റ കസേരയിലിരുന്ന പ്രണബ് മുഖര്‍ജിക്ക് ഈ ചരിത്ര പശ്ചാത്തലമൊന്നും അറിയാതിരിക്കാന്‍ വഴിയില്ല.

പിന്നെന്തേ പ്രണബ് ദാ ഇങ്ങനെ?

ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനതയുടെയും ഈ ചോദ്യത്തിന് തൃപ്തികരമായ ഒരു ഉത്തരം നല്‍കാന്‍ ഒരു കോടി ജന്മമെടുത്താലും കഴിയുമോ പ്രണബ് താങ്കള്‍ക്ക്?

അങ്ങയുടെ മകളുടെ വാക്കുകള്‍ തന്നെ ഉദ്ധരിക്കട്ടെ!
‘അങ്ങയുടെ പ്രസംഗം ആളുകള്‍ മറക്കും,
എന്നാല്‍ അവിടെ പോയതിന്റെ ചിത്രങ്ങള്‍ മാത്രം ബാക്കിയാകും’.

Sadiq Ali

chandrika: