X

ജില്ലക്ക് ഒരു ‘കലക്ടര്‍’ വേണോ?; കാസര്‍കോടിന് വര്‍ഗീയ മുഖം നല്‍കിയ കലക്ടര്‍ക്ക് മറുപടിയുമായി യൂത്ത് ലീഗ് നേതാവ്

ശരീഫ് കരിപ്പൊടി

കാസര്‍കോട്: സംസ്ഥാനമൊട്ടുക്കും നേരിടുന്ന പ്രശ്‌നങ്ങളിലൊന്നായ മാലിന്യപ്രശ്‌നം പരാമര്‍ശിക്കുന്നിടത്ത് കാസര്‍കോട് ജില്ലക്കാരെ അപമാനിക്കുംവിധം വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ കലക്ടര്‍ക്കെതിരെ യൂത്ത് ലീഗ് ജില്ലാ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. സജിത് ബാബു അവസരത്തിലും അനവസരത്തിലും തന്റെ വ്യക്തിപ്രഭാവം കൂട്ടുന്നതിന് വേണ്ടി കാസര്‍കോടിനെയും ഇവിടത്തെ ജനങ്ങളെയും ജനപ്രതിനിധികളെയും അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് തുടരുകയാണെന്നും കഴിഞ്ഞ ദിവസം കാസര്‍കോട് നടന്ന ഒരു പരിപാടിക്കിടെയുണ്ടായ ചോദ്യോത്തര വേളയില്‍ ശരിക്കും കാസര്‍കോടിനെ അപമാനിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ തിരുവനന്തപുരത്തുകാരനാണ്, എന്റെ വീട്ടില്‍ മാലിന്യ പ്രശ്‌നമില്ല. കാരണം ഭക്ഷണം വേസ്റ്റ് ആയാല്‍ എന്റെ വീട്ടില്‍ വളര്‍ത്തുന്ന മൂന്ന് പട്ടികള്‍ക്ക് കൊടുക്കും. ഇല്ലെങ്കില്‍ ഞങ്ങളുടെ നാട്ടിലൊക്കെ ഒരുപാട് പന്നി ഫാമുകള്‍ ഉണ്ട്, അങ്ങോട്ട് കൊണ്ട് പോകും. ഇവിടെ മതപരമായ പ്രശ്‌നം കാരണം പട്ടിയെ വളര്‍ത്താനോ പന്നി ഫാം ഉണ്ടാക്കാനോ പറ്റില്ലല്ലോ. കാസര്‍കോട് ജില്ലയിലെ മാലിന്യ പ്രശ്‌നത്തില്‍ പോലും മതവും ജാതിയുമുണ്ട് എന്നായിരുന്നു കലകട്‌റുടെ വിവാദ പ്രസ്താവന.

മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയിലാണ് കലക്ടര്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി ജില്ലയിലെ ജനങ്ങളെ അപമാനിച്ചത്. ജില്ലയിലെ പല ഭാഗങ്ങളിലുമുള്ള മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ കലക്ടറുടെ നേതൃത്വത്തില്‍ എന്തെങ്കിലും മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ശ്രോതാക്കളിലൊരാള്‍ ആവശ്യപ്പെട്ടു. ഇതിനു മറുപടി പറയുകയായിരുന്നു കലക്ടര്‍.

പോസ്റ്റിന്റെ പൂര്‍ണരൂപം:

കാസര്‍കോടിനെ അപമാനിക്കാന്‍
ജില്ലയ്ക്ക് ഒരു ‘കളക്ടര്‍’ വേണോ?

കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ. സജിത് ബാബു അവസരത്തിലും അനവസരത്തിലും തന്റെ വ്യക്തിപ്രഭാവം കൂട്ടുന്നതിന് വേണ്ടി കാസര്‍കോടിനെയും ഇവിടത്തെ ജനങ്ങളെയും ജനപ്രതിനിധികളെയും,അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് തുടരുകയാണ്.
കഴിഞ്ഞ ദിവസം കാസര്‍കോട് നടന്ന ഒരു പരിപാടിക്കിടെയുണ്ടായ ചോദ്യോത്തര വേളയില്‍ ശരിക്കും കാസര്‍കോടിനെ അപമാനിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കാസര്‍കോടിന്റെ മാലിന്യ പ്രശ്‌നത്തെക്കുറിച്ചുള്ള ചേദ്യത്തിന് നല്‍കിയ ഉത്തരം,ഇവിടത്തെ മാലിന്യപ്രശ്‌നത്തില്‍ പോലും ജാതിയും മതവുമുണ്ടെന്നാണ്.
സര്‍….
ഇരുണ്ട മനസ്സും, ഇടുങ്ങിയ ചിന്താഗതിയും കൊണ്ട് എങ്ങനെയാണ് നിങ്ങള്‍ക്ക് കാസര്‍കോടിനെ കാണാന്‍ കഴിയുന്നത്?
ഒരു ചെറിയ വിഭാഗം ആളുകള്‍ മതത്തിന്റെ പേര് പറഞ്ഞ് നടത്തുന്ന തെമ്മാടിത്തരങ്ങളെ ഒരു നാടിന്റെ തലയില്‍കെട്ടി അപമാനിക്കുന്നത് ശരിയല്ല.
ഇവിടത്തെ ഏത് കാര്യത്തിലും മാഫിയകളില്‍ കാരണം കണ്ടെത്തി തടിയൂരുന്ന നിങ്ങളുടെ ചങ്ങാത്തം ഏത് തരം മാഫിയകള്‍ക്കൊപ്പമാണെന്ന് പൊതുജനങ്ങള്‍ അറിഞ്ഞു തുടങ്ങിയിട്ടുണ്ട്. രാത്രി എട്ട് മണി കഴിഞ്ഞാല്‍ നഗരം ഉറങ്ങുന്നതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ മണലും കഞ്ചാവും പറയുന്ന താങ്കള്‍ അതിനെതിരെ എന്ത് നടപടി സ്വീകരിച്ചു എന്ന് പറയാനും ബാധ്യതയുണ്ട്.
കാസര്‍കോട്ടെ ജനങ്ങളുടെ കാഴ്ച്ചപ്പാട് മാറണമെന്നുപറയുന്ന ജില്ലയുടെ ഭരണാധികാരി…..
ആദ്യം മാറ്റേണ്ടത് കാസര്‍കോടിനെ കുറിച്ചുള്ള അങ്ങയുടെ കാഴ്ച്ചപ്പാടാണ്. പലപ്പോഴും ഒരു കളക്ടറുടെ നിലവാരത്തില്‍ നിന്ന് വില്ലേജ് ഓഫീസറുടെ നിലയിലേക്ക് അങ്ങ് താഴുകയാണ്.
ജില്ലയുടെ വിദ്യാഭ്യാസ പ്രശ്‌നം വിദ്യാര്‍ത്ഥി സംഘടനകള്‍ ശ്രദ്ധയില്‍ പെടുത്തിയാല്‍ അതിനെതിരെ മുഖം തിരിക്കുന്ന ജില്ലയുടെ കളക്ടര്‍ സ്വന്തം ഇമേജ് കൂട്ടാന്‍ സര്‍ക്കാറിന്റെ പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ തന്റെ പേഴ്‌സണല്‍ പി.ആര്‍ ആയി ഉപയോഗി ക്കുകയാണ്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡിലെ െ്രെഡനേജിന്റെ കവറിംഗ് തകര്‍ന്നിട്ടുണ്ടെങ്കില്‍ അത് നന്നാക്കേണ്ടത് നഗരസഭയുടെ ചുമതലയാണെന്ന് പറയുന്ന നമ്മുടെ കളക്ടറുടെ രാഷ്ട്രീയം എന്താണെന്ന് അറിയാന്‍ മഷിയിട്ട് നോക്കേണ്ട ആവശ്യമില്ല.
സര്‍.. അങ്ങ് പബ്ലിസിറ്റിക്ക് വേണ്ടി എന്ത് നാടകവും ആടിക്കോ, പക്ഷെ അത് ഈ നാടിനെയും ഇവിടത്തെ ജനങ്ങളെയും അപമാനിച്ച് കൊണ്ടാവുന്നത് അത്ര ഭൂഷണമാവില്ല.

chandrika: