രാജേഷ് കിഴിശ്ശേരി
ഇസ്ലാമിക ഭീകരർ ലോകത്ത് പലയിടങ്ങളിലായി നടത്തുന്ന സ്ഫോടനങ്ങൾക്ക് നടൻമാരായ മമ്മൂട്ടി, ഫഹദ് തുടങ്ങിയവർ എന്തെങ്കിലും പ്രതികരിക്കണമെന്നു കേൾക്കുമ്പോൾ അക്കാദമിക വിദ്യാഭ്യാസം, യോഗ്യതാ പത്രം ഇവ കൊണ്ട് മനുഷ്യന് വിവേകം ഉണ്ടാകുന്നുണ്ടോ എന്ന വസ്തുതയാണ് നാം പരിശോധിക്കേണ്ടത്.
ഹിന്ദുവായ ഞാൻ ഗുജറാത്ത് കൂട്ടക്കൊല, മുസഫർനഗർ കലാപം, അഖ്ലാഖ് , ജുനൈദ് വധം, സിഖ് വിരുദ്ധ കലാപം, മലേഗാവ്, മക്കാ മസ്ജിദ്, സംഝോതാ സ്ഫോടനങ്ങൾ ,മ്യാൻമറിലെ രോഹിംഗ്യൻ വംശഹത്യകൾ, വേലുപ്പിള്ള പ്രഭാകരൻ നടത്തിയ കൂട്ടക്കൊലകൾ, ലങ്കൻസേന നടത്തിയ തമിഴ് വംശഹത്യ ഇതിനൊക്കെ സമാധാനം പറയണമെന്ന് നാട്ടിലെ ചായക്കടയിൽ വെച്ച് എന്നോടാരെങ്കിലും ആവശ്യപ്പെട്ടാൽ ഒരു വ്യക്തി എന്ന നിലയിൽ നമ്മളനുഭവിക്കുന്ന നിസ്സഹായത എത്രത്തോളമായിരിക്കുമെന്ന് നിങ്ങളൊന്നു ഓർത്തു നോക്കൂ.
അവരുടെ മുന്നിലൂടെയാണ് ഞാൻ അമ്മയെ വണ്ടിയിൽ അമ്പലത്തിലേക്ക് കൊണ്ടുപോകാറുള്ളത്. അപ്പോൾ അയൽക്കാർ ഇങ്ങനെ വിചാരിക്കുന്നുവെന്ന് കരുതുക
” മലേഗാവ് സ്ഫോടനത്തിന് ഇവനും ഇവന്റെ അമ്മയും മറുപടി തരണം”
പക്ഷെ നാട്ടിൻ പുറത്തെ സാധാരണ ജനത ഒരിക്കലും അങ്ങനെ ചിന്തിക്കില്ല എന്നതാണ് ഒരു സമാധാനം.അവർക്ക് Ph d ഒന്നുമില്ലല്ലോ.
എന്റെ വീടിനു മുന്നിലുള്ള വഴിയിലൂടെയാണ് ആളുകൾ പള്ളിയിലേക്ക് പോകാറുള്ളത്. സുഹൃത്ത് മാനു പോകുന്നു .
“ഹായ് രാജേഷേട്ടാ എന്താ കാ ണ്ന്ന് ല്ലല്ലോ “
അപ്പോൾ ഞാനവനോട് പറയുന്നു എന്ന് സങ്കല്പിക്കുക.
“മാനു ങ്ങട്ട് വാ, അന്നോട് ഒര് കാര്യം ചോദിക്കട്ടെ, യ്യ് ന്ത് നേ ടാ ശ്രീലങ്കയിൽ സ്ഫോടനം നടത്തിയത്? ആ അല്ലെങ്കി വേണ്ട അയിനപ്പറ്റി എന്തേലും പറ”
അവൻ എന്ത് പറയും?