ഷരീഫ് സാഗര്‍
ഭൂരിഭാഗവും മുസ്‌ലിംകള്‍ മാത്രമുള്ള മുസ്‌ലിംലീഗ് പാര്‍ട്ടിക്ക് ഹിന്ദുക്കളുടെ ശബരിമലയില്‍ എന്തു കാര്യം എന്നാണ് സുനിത ദേവദാസിന്റെ ചോദ്യം. ഭൂരിഭാഗവും അവിശ്വാസികള്‍ മാത്രമുള്ള സി.പി.എമ്മിന് ഹിന്ദുക്കളുടെ ശബരിമലയില്‍ എന്തു കാര്യം എന്ന ചോദ്യം പോലെ പ്രസക്തമായ ഒരു ചോദ്യമാണത്. പോയിന്റുകള്‍ മാത്രമായി ചില കാര്യങ്ങള്‍ പറഞ്ഞ് അവസാനിപ്പിക്കാം.
1. മുസ്‌ലിംലീഗ് നിന്നത് സംഘ്പരിവാറിനൊപ്പമല്ല. ശബരിമലയിലെ ആചാരം സംരക്ഷിക്കപ്പെടണം എന്നാഗ്രഹിക്കുന്ന വിശ്വാസികള്‍ക്കൊപ്പമാണ്. അവരില്‍ സംഘികള്‍ മാത്രമാണ് ഉള്ളതെന്ന കണ്ടെത്തല്‍ കേരളത്തിലെ ഹിന്ദുക്കളെ സംഘികളുടെ ആലയിലേക്ക് ആട്ടിത്തെളിക്കാനുള്ള കരാറു പണിയാണ്.
2. വൈവിദ്ധ്യമാര്‍ന്ന വിശ്വാസങ്ങളും ആചാരങ്ങളും ഇന്ത്യയുടെ ആത്മാവിന്റെ ഭാഗമാണ്. ഇതിനോട് വിയോജിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംഘടന ആര്‍.എസ്.എസ്സാണ്. അതായത് ഇന്ത്യയിലെ എല്ലാവര്‍ക്കും ഒരു ധര്‍മ്മവും ഒരു നിയമവും മതി എന്നതാണ് അവരുടെ കാഴ്ചപ്പാട്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി ആര്‍.എസ്.എസ്സിന്റെ പെണ്ണുങ്ങള്‍ കോടതി കയറിയത് അതുകൊണ്ടാണ്. അല്ലാതെ ശബരിമല കയറാനുള്ള പൂതി കൊണ്ടല്ല.
3. ആചാരവും അനാചാരവും ഒന്നല്ല. വലിയ അനാചാരങ്ങള്‍ നിലനിന്നിരുന്ന കേരളത്തിലെ ഹിന്ദുക്കളെ അതില്‍നിന്ന് മോചിപ്പിച്ചത് ഹിന്ദു നവോത്ഥാന നേതാക്കള്‍ തന്നെയാണ്. അവരാരും ആചാര വൈവിദ്ധ്യങ്ങളില്‍ ഇടപെട്ടില്ല. അനാചാരങ്ങളെയാണ് അവര്‍ എതിര്‍ത്തത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയും പറഞ്ഞിട്ടില്ല. സ്വാതന്ത്ര്യം ലഭിച്ച് ഏഴുപതാണ്ടിനിടെ ഒരു കമ്യൂണിസ്റ്റ് നേതാവെങ്കിലും ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ അഭിപ്രായം പറഞ്ഞതായി അറിയില്ല.
4. കോടതിവിധി വന്നതിനു ശേഷം വലിയ വായില്‍ നവോത്ഥാനത്തിന്റെ നേരവകാശം പതിച്ചുവാങ്ങിയവരോടാണ്. നിങ്ങളോ നിങ്ങളുടെ അച്ഛനോ മുത്തച്ഛനോ ശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്ന് ആവശ്യപ്പെട്ട് ഇന്നേവരെ ഒരു ധര്‍ണ്ണ പോലും നടത്തിയിട്ടില്ല. ഈ ഭീകര വിവേചനത്തിനെതിരെ വിശ്വാസികളാരും പരാതിയുമായി തെരുവിലിറങ്ങിയിട്ടില്ല.
5. ടി.ജി മോഹന്‍ദാസിനെപ്പോലുള്ള ആര്‍.എസ്.എസ്സുകാര്‍ ഇപ്പോഴും കോടതിവിധിയെ അനുകൂലിക്കുന്നവരാണ്. (വലിയ ഹിന്ദു വക്താവായിരുന്ന അയാളെ ഇപ്പോള്‍ ഒരു ചാനല്‍ ചര്‍ച്ചയിലും കാണാനില്ല). സി.പി.എമ്മുകാരുടെ യുക്തി വെച്ച് ചിന്തിച്ചാല്‍ കോടതി വിധിയെ അനുകൂലിച്ച ആര്‍.എസ്.എസ്സും സി.പി.എമ്മും തമ്മില്‍ അന്തര്‍ധാരയുണ്ടെന്ന് പറയേണ്ടിവരും. എന്തെന്നാല്‍, രണ്ടുകൂട്ടരും ആഗ്രഹിക്കുന്ന ഒന്നുണ്ട്. ഏക സിവില്‍കോഡ്. അതൊരു ഒന്നൊന്നര അന്തര്‍ധാരയാണ്. (വേറൊരു പോസ്റ്റില്‍ പറയാം)
6. ലീഗുകാര്‍ നാമജഥ യാത്രക്ക് അഭിവാദ്യമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടി നിലപാടിന്റെ ഭാഗമാണ്. നാമജപയാത്ര നടത്തിയവരില്‍ കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകാരുമായ അയ്യപ്പ വിശ്വാസികളുണ്ട്. അവരെയെല്ലാം ആര്‍.എസ്.എസ്സാക്കാനുള്ള കരാര്‍ ഏറ്റെടുത്ത പോലെയാണ് ഇപ്പോള്‍ സി.പി.എമ്മുകാരുടെ കവല പ്രസംഗങ്ങള്‍.
7. ഞാന്‍ നേരിട്ടറിയുന്ന എത്രയോ സി.പി.എമ്മുകാരും കോണ്‍ഗ്രസുകാരും അയ്യപ്പ വിശ്വാസികളും ആചാര സംരക്ഷണം ആഗ്രഹിക്കുന്നവരാണ്. അവരെയെല്ലാം സംഘി പാളയത്തിലേക്ക് തെളിച്ചുകൊണ്ടു പോകാനേ ഈ സാമാന്യവല്‍ക്കരണം ഉപകരിക്കുകയുള്ളൂ എന്ന സാമാന്യബോധം ഇല്ലാത്തവരാണോ സി.പി.എമ്മുകാര്‍?
8. എന്തുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വളര്‍ച്ച പടവലങ്ങ പോലെയാകുന്നു എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഇപ്പോഴത്തെ നിലപാട്. ഇന്ത്യയിലെ സങ്കീര്‍ണ്ണമായ ജാതി, വര്‍ഗ്ഗ, ആചാര വൈവിദ്ധ്യങ്ങളെ ക്രിയാത്മകമായി അഭിസംബോധന ചെയ്യാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഇപ്പോഴെന്നല്ല, എപ്പോഴും. അയ്യപ്പന്മാര്‍ നിരത്തിലിറങ്ങിയപ്പോള്‍ കൂടെനിന്നത് ബി.ജെ.പിയാണ്. ഹിന്ദുക്കളുടെ രക്ഷകരാണെന്ന ബി.ജെ.പിയുടെ അവകാശവാദത്തെ ബലപ്പെടുത്തുകയാണ് ഇപ്പോള്‍ സി.പി.എം.
9. ആദ്യം വിധിയെ സ്വാഗതം ചെയ്ത ബി.ജെ.പി അയ്യപ്പ ഭക്തരുടെ നാമജപ പ്രതിഷേധങ്ങള്‍ ഏറ്റെടുത്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. അത് മുന്‍കൂട്ടി കാണാതെ ടൂറിസ്റ്റുകളെ പോലെ ശബരിമല കയറാന്‍ സ്ത്രീകളെ അനുവദിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ആക്ടിവിസ്റ്റുകളെ കടത്തിവിടില്ലെന്ന ദേവസ്വം മന്ത്രിയുടെ ഇന്നത്തെ പ്രസ്താവന അന്നായിരുന്നെങ്കില്‍ ബി.ജെ.പിക്ക് ഇത്ര മൈലേജുണ്ടാകുമായിരുന്നില്ല.
10. വിശ്വാസികളെ പ്രകോപിപ്പിക്കാതെ തന്നെ സര്‍ക്കാറിന് കാര്യങ്ങള്‍ കൈകാര്യം ചെയ്യാമായിരുന്നു. എന്നാല്‍ അവര്‍ ബി.ജെ.പിക്ക് ചിത്രം വരയ്ക്കാനുള്ള ചുമരുണ്ടാക്കാനാണ് ഉത്സാഹിച്ചത്. ഈ ഒത്തുകളി കരുതിക്കൂട്ടിയാണ്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബി.ജെ.പിയുടെ അതേ ആശയം കേരളത്തില്‍ പ്രാവര്‍ത്തികമാക്കാനാണ് സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കുന്നത്. കണ്ണൂരിലെ കളിക്കു സമാനമാണത്. കൊല്ലാനും ചാകാനും നമ്മള്‍ മതി, കോണ്‍ഗ്രസുകാരെ കാഴ്ചക്കാരാക്കി അപ്രസക്തമാക്കണമെന്ന നിലപാട്. ഇതൊരു ഗൂഢാലോചനയായിട്ടാണ് എനിക്കു തോന്നുന്നത്.
ഇനി സുനിത ദേവദാസിനോടാണ്
മാറാട് കലാപാനന്തരം സാദിഖലി തങ്ങള്‍ ശ്രീധരന്‍പിള്ളയുമായി ചര്‍ച്ച നടത്തിയതാണ് ലീഗ്ബി.ജെ.പി അന്തര്‍ധാരയായി ചൂണ്ടിക്കാട്ടുന്നത്. ഒരു കലാപം ആറിത്തണുക്കാന്‍ പകല്‍വെളിച്ചത്തില്‍ നടത്തിയ ചര്‍ച്ച എങ്ങനെയാണ് രഹസ്യ ചര്‍ച്ചയും രഹസ്യ ബാന്ധവവും ആകുന്നത്?
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.പി.എം തന്റെ നിയമോപദേശം തേടിയിരുന്നതായും പാര്‍ട്ടി ചുമതലയുള്ളപ്പോള്‍ തന്നെ പബ്ലിക് പ്രോസിക്യൂട്ടറായി സി.പി.എം തന്നെ നിയമിച്ചിട്ടുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരിക്കുന്നു. ഇത് അന്തര്‍ധാരയല്ലേ?
കെ.എം മാണി വിഷയത്തില്‍ നിയമസഭയില്‍ പ്രശ്‌നമുണ്ടായപ്പോള്‍ സി.പി.എമ്മിന് സ്വകാര്യ അന്യായം കൊടുക്കാനുള്ള നിയമോപദേശം കൊടുത്തത് താനാണെന്നു ശ്രീധരന്‍പിള്ള പറയുന്നു. ഇത് അന്തര്‍ധാരയല്ലേ?
ഒരു കേസില്‍ സി.പി.എം സംസ്ഥാന കമ്മിറ്റി തനിക്ക് മാപ്പ് എഴുതിത്തന്ന വിവരവും ശ്രീധരന്‍പിള്ള വെളിപ്പെടുത്തുന്നു. ഇത് മുട്ടിലിഴയലല്ലേ?
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ നിരവധി കാമ്പസുകളില്‍ എസ്.എഫ്.ഐഎ.ബി.വി.പി സഖ്യമുണ്ടായിരുന്നതായി ശ്രീധരന്‍പിള്ളയെന്ന സംഘിയുടെ പുസ്തകപ്രകാശനം നിര്‍വ്വഹിച്ച ശേഷം പഴയ എസ്.എഫ്.ഐക്കാരനായ മന്ത്രി എ.കെ ബാലന്‍ പറയുന്നു. ഇത് അന്തര്‍ധാരയല്ലേ? ആര്‍.എസ്.എസ്സുകാരന്റെ പുസ്തകം പ്രകാശനം ചെയ്യാനൊക്കെ മന്ത്രിക്ക് പോകാമോ?
അടിയന്തരാവസ്ഥക്കാലത്ത് കോഴിക്കോട് ലോ കോളേജില്‍ എസ്.എഫ്.ഐഎ.ബി.വി.പി മുന്നണിയുടെ സംയുക്ത സ്ഥാനാര്‍ത്ഥിയായിരുന്നു ശ്രീധരന്‍പിള്ളയെന്നു പറഞ്ഞത് എ.കെ ബാലനാണ്. ഇതെന്തു ബന്ധമാണ്?
രാജഗോപാല്‍ എന്ന തനിത്തങ്കമായ സംഘിക്ക് പിറന്നാള്‍ മധുരം വായില്‍ വെച്ചു കൊടുത്ത ശേഷം അയാളെ ഗൗരിയമ്മയോടും വി.എസ്സിനോടും ഉപമിച്ച എ.കെ ബാലന്‍ ഇപ്പോഴും സി.പി.എമ്മിലില്ലേ?
ബി.ജെ.പിക്ക് വളക്കൂറുള്ള മണ്ണൊരുക്കി കേരളത്തെ കോണ്‍ഗ്രസ് മുക്തമാക്കാനുള്ള കരാര്‍ പണിയിലാണ് സി.പി.എം എന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. അതിന്റെ കൂലി എത്രയാണെന്നു മാത്രമേ ഇനി അറിയാനുള്ളൂ.
.
.
അതിരാവിലെ കട്ടന്‍ചായയോടൊപ്പം കേള്‍ക്കാന്‍ ആ വീഡിയോ പ്രതീക്ഷിക്കുന്നു. ഈ അന്തര്‍ധാരയെ പൊളിച്ചടുക്കുന്ന വീഡിയോ. വെറുതെ, ഒരു പൂതികൊണ്ടാണ്. നടക്കുമോ? എബടെ?