X
    Categories: Video Stories

നിങ്ങള്‍ പരിഹസിക്കുന്ന രാഹുല്‍ ഗാന്ധിയുടെ യഥാര്‍ത്ഥ മുഖം ഇങ്ങനെയൊക്കെയാണ്‌

ആര്യന്‍ മിത്രന്‍

രാഹുൽ എങ്ങനെയാണ് സംഘപരിവാറിനും നിഷ്കളങ്ക സഖാക്കൾക്കുമൊക്കെ “പപ്പു”വായത്..? ഏതൊരു സംവാദത്തിലും തർക്കത്തിലും രക്ഷയില്ലെന്നു കണ്ടാൽ വരം പോലെ കോൺഗ്രസ് വിരുദ്ധർ എടുത്തെറിയുന്ന ആദ്യത്തെ വെറുപ്പിന്റെ ശരമാണ് രാഹുൽ പപ്പുവാണെന്നത്. മൈറ്റി മസ്കുലാർ ആണുങ്ങളുടെ രാഷ്ട്രീയം മാത്രം കൂടുതലായി കണ്ടും കേട്ടും പരിചയിച്ച, ശീലിച്ച ഇന്ത്യൻ വോട്ടർക്ക് രാഹുൽ എപ്പോഴും വ്യത്യസ്തനായിരുന്നു. ആണുങ്ങളെ നിഴൽ പോലുമാകാൻ സമ്മതിക്കാതെ വളർന്നു പന്തലിച്ച തമിഴ്‌മണ്ണിലെ ‘അമ്മ ജയലളിതയും കമ്മ്യൂണിസ്റ്റ് പാർട്ടിയെ നോക്കുകുത്തിയാക്കി ബംഗാൾ പിടിച്ചടക്കിയ ദീദി മായും യുപി വൻശക്തി മായവതിയുമടക്കമുള്ള വനിതാ നേതാക്കളേക്കാൾ എത്രയോ ഉയരത്തിൽ യുപിഎ മുന്നണിയുണ്ടാക്കി പ്രധാനമന്ത്രി സ്ഥാനം വേണ്ടെന്ന് വെച്ച് മൻമോഹൻ സിംഗിനെ പി എം ആയി നിർദ്ദേശിച്ച സോണിയാ ഗാന്ധിയുടെ കഴിവും ധൈര്യവുമൊന്നും എവിടെയും പ്രശംസിക്കുന്നതും കണ്ടിട്ടില്ല. അമ്മയുടെ നിഴലായി മാറി നടന്നാണ് രാഹുൽ രാഷ്ട്രീയത്തിലിറങ്ങിയത്. പ്രിയങ്കയാണ് തനിക്കെന്നും ധൈര്യം തന്നിട്ടുള്ളതെന്ന് രാഹുൽ പലപ്പോഴും തുറന്നു സമ്മതിച്ചിട്ടുണ്ട്. മുത്തശ്ശിയുടെയും അച്ഛന്റെയും കൊലപാതകങ്ങളോടെ തന്നെ സാമാന്യം എരിഞ്ഞു തീരേണ്ട ശരാശരി ബാല്യകാലം രാഹുൽ എങ്ങനെയാവും കടന്നു വന്നിട്ടുണ്ടാവുക എന്ന് പലപ്പോഴും ചിന്തിച്ചിട്ടുള്ള കാര്യമാണ്. സോണിയ ഗാന്ധിയും പ്രിയങ്കയും നൽകിയ കരുതലും ചേർത്തു നിർത്തലും ശീലിച്ചു തന്നെയാണ് രാഹുലിലെ വ്യക്തിത്വം രൂപീകൃതമായിട്ടുണ്ടാവുക. അതീവ സുരക്ഷയുള്ള ബാല്യം, കൗമാരം, പുറം രാജ്യത്തെ പഠിത്തം, എസ് പി ജിയുടെ മനം മടുപ്പിക്കുന്ന സുരക്ഷാവലയം, സ്വന്തം സ്വത്വം തന്നെ മറച്ചു വെച്ചുള്ള യൗവ്വന ജീവിതം ഒക്കെ രാഹുലിനെ വാർത്തെടുത്ത ഘടങ്ങളിൽ സുപ്രധാന സ്വാധീനം ചെലുത്തിയിട്ടുണ്ടാവും. ഇന്ത്യൻ രാഷ്ട്രീയത്തിൽ ആണുങ്ങളുടെ ഗർജ്ജന സ്വരങ്ങളോട് ഒട്ടും ചേർന്നു നിൽക്കാത്ത വളരെ പതിഞ്ഞ താളത്തിലെ ശബ്ദം, ഓമനത്തം തുളുമ്പുന്ന മുഖം, വൈദേശീയത ഓർമ്മിപ്പിക്കുന്ന സ്കിൻ കളർ ഇതൊക്കെ തന്നെ രാഹുലിനെ അപമാനിക്കാൻ കാരണം തേടിയവർക്ക് കാര്യങ്ങൾ എളുപ്പമാക്കി നൽകി. ഹിന്ദുവിനെ രക്ഷിക്കാൻ ഉദയം ചെയ്തവനെന്ന മാസ്സ് ഹിസ്റ്റീരിയ ഇന്ത്യൻ ഹിന്ദുക്കളിൽ നിറച്ചു കൊടുത്ത 56 ഇഞ്ചിന്റെ കരുത്തനെന്നു വിളിച്ചു കൂവിയ നരേന്ദ്ര മോഡിക്കും, ബ്രണ്ണൻ കോളേജിലെ ഇടനാഴികളിൽ ആർ എസ് എസ് ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നൂണ്ടു പോയ പിണറായി വിജയനും സൃഷ്ടിച്ചു വെച്ച ആണുങ്ങളുടെ മസിൽ പവർ പൊളിറ്റിക്സിൽ രാഹുലിന്റെ സ്ഥാനം എന്തായിരിക്കും എന്നൊരു തോന്നൽ സമൂഹത്തിൽ നിർമ്മിച്ചെടുക്കുക എന്നതാണ് ഇരുകൂട്ടരുടെയും ബ്രയിൻ ഡെഡ് ഫാനരക്കൂട്ടങ്ങൾ ഇതുവരെ ചെയ്തു വന്നത്. മുൻ പറഞ്ഞതു പോലെ തന്നെ രാഹുൽ എപ്പോഴും വ്യത്യസ്തനായിരുന്നു. കോൺഗ്രസ് സ്ഥിരം ഭരിച്ചിരുന്ന കാലത്തൊക്കെ രാഹുൽ അന്തർമുഖനായിരുന്നു. അമേത്തിയിൽ നിന്നും ആദ്യം എംപിയായി ജയിച്ചു കയറുമ്പോൾ രാഹുലിന് കുഞ്ഞുങ്ങളുടെ മനസായിരുന്നിരിക്കണം. പതിവായി രാഷ്ട്രീയ വനവാസം ശീലമാക്കിയ രാഹുൽ. എങ്ങോട്ടെന്നില്ലാതെ ഒളിച്ചോടിയിരുന്ന രാഹുൽ. വ്യക്തി ജീവിതത്തിൽ ഒരു ശതമാനം കളങ്കം പോലും ഉണ്ടാക്കിയിട്ടില്ലാത്ത രാഹുൽ. ദു:സ്വഭാവങ്ങളോ സ്ത്രീകളുമായി ഏതെങ്കിലും തരത്തിലെ അടുപ്പങ്ങളോ ആഡംബര ജീവിതമോ യാതൊരു സ്വാധീനവും ഉണ്ടാക്കിയിട്ടില്ലാത്ത, അങ്ങനെയൊന്നും എതിരാളികൾക്ക് പോലും ആരോപിക്കാൻ കഴിയാത്ത ക്രിസ്റ്റൽ ക്ലിയർ ജീവിതമുള്ള രാഹുൽ മറ്റുള്ളവരിൽ നിന്നൊക്കെ പാടെ വ്യത്യസ്തമായ രീതികളുടെ ഉടമയായിരുന്നു. രാഹുൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ യാതൊരു മടിയും കാണിച്ചിട്ടില്ല. ക്രിമിനൽ കേസ് ഉള്ളവർക്കും പാർലമെന്റിലേക്ക് മത്സരിക്കാമെന്ന നിയമം ഓർഡിനൻസ് ആയി
യു പി എ കൊണ്ടുവന്നപ്പോൾ ആ അസംബന്ധ ഓർഡിനൻസ് കീറിയെറിയണമെന്ന് രോഷം കൊണ്ട രാഹുൽ. ഏതൊരു പ്രസംഗത്തിലും “വെൽക്കം മൈ ഡിയർ ഫ്രണ്ട്സ് ഫ്രം ദി പ്രസ്” എന്നൊരു സന്തോഷ വാചകത്തോടെ മുന്നിലെ ക്യാമറകളെ നോക്കി പുഞ്ചിരിക്കുന്ന രാഹുൽ. തന്റെ നേരെ നീട്ടിയ ഏതൊരു കയ്യിനെയും ചേർത്തു പിടിച്ച രാഹുൽ. തീരെ ലളിതമായ വസ്ത്രങ്ങൾ മാത്രം ശീലമാക്കിയ രാഹുൽ. ഉത്തരേന്ത്യൻ വെയിലുപൊള്ളുന്ന ഗ്രാമങ്ങളിൽ സ്ഥിരം സന്ദർശനം നടത്തുന്ന രാഹുൽ. എതിരാളികൾ എന്നെ അധിക്ഷേപിച്ചോട്ടെ, പകരം ഒറ്റ അക്ഷരം അവർക്കെതിരെ പറയാൻ ഞാൻ തയ്യാറല്ല എന്നു വിനയത്തോടെ പറയുന്ന രാഷ്ട്രീയ മാന്യത. ഊർജ്ജസ്വലതയോടെ ചോദ്യങ്ങളെ നേരിട്ട രാഹുൽ. രാജ്യത്തെ കൊള്ളയടിച്ചു കടന്നു കളഞ്ഞ കോർപ്പറേറ്റ് ഭീകരരെ ഏതിടത്തു വെച്ചും പേര് എടുത്തു പറഞ്ഞു തന്നെ അടയാളപ്പെടുത്തിയ രാഹുൽ. രാജ്യത്തിന്റെ പ്രധാനമന്ത്രി കള്ളനാണെന്ന് സധൈര്യം പ്രഖ്യാപിച്ച രാഹുൽ. ഇന്ത്യയെന്ന പലനിറങ്ങളെ എന്നും ചേർത്തു പിടിക്കുക തന്നെ ചെയ്യുമെന്ന് ദുബായിൽ ഇന്ത്യക്കാരെ അഭിവാദ്യം ചെയ്തു പറഞ്ഞ രാഹുൽ. ഗാന്ധിയെ കൊന്നത് ആർ എസ് എസ് ആണെന്ന് പറഞ്ഞതിന് കോടതി കയറേണ്ടി വന്ന രാഹുൽ. പ്രധാനമന്ത്രി രാജ്യത്തിന്റെ തെക്കൻ ഭാഗത്തെ ഒഴിവാക്കുന്നതും അകറ്റി നിർത്തുന്നതും തന്നെ വേദനിപ്പിച്ചുവെന്നും തെക്കേ ഇന്ത്യയും രാജ്യത്തിന്റെ ഭാഗമെന്ന് പ്രഖ്യാപിക്കാനാണ് താൻ വയനാട്ടിൽ മത്സരിക്കുന്നതെന്നും തുറന്ന മനസ്സോടെ പറഞ്ഞ രാഹുൽ. 2014 ലെ കോണ്ഗ്രസ്സിന്റെ വൻപരാജയമാണ് തന്നെ വീണ്ടു വിചാരത്തിനു പ്രേരിപ്പിച്ചതെന്ന് മടിയില്ലാതെ സമ്മതിച്ച രാഹുൽ. ബിജെപി ഇല്ലാത്ത ഇന്ത്യ സൃഷ്ടിക്കാനല്ല, ബിജെപിയുടെ പ്രത്യയശാസ്ത്രത്തെ എതിരിട്ടു പരാജയപ്പെടുത്തി ജയിക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ രാഹുൽ. അധികാരത്തിൽ കയറി പത്തു മണിക്കൂറിനുള്ളിൽ കാർഷിക കടം എഴുതി തള്ളുമെന്നു പറഞ്ഞത് തന്നെ നടപ്പിൽ വരുത്തിയ രാഹുൽ. വയനാട് തന്റെ അച്ഛനുറങ്ങുന്ന മണ്ണാണ്, ഞാൻ ഉപേക്ഷിച്ചു പോവില്ലെന്നു ഹൃദയത്തിൽ നിന്നും വിളിച്ചു പറഞ്ഞ രാഹുൽ. രാഹുൽ എന്നും എപ്പോഴും വ്യത്യസ്തനായിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ചും രാഷ്ട്രീയക്കാരെക്കുറിച്ചും സമൂഹം ധരിച്ചു വച്ചിരുന്ന പരമ്പരാഗത വാർപ്പു മാതൃകകളും പൊതുബോധ നിർമിതികളും രാഹുൽ പൊളിച്ചടുക്കി. അപ്പോൾ പിന്നെ എതിരാളികൾ പണിപ്പെട്ട് ഒരു തോന്നലുണ്ടാക്കിയെടുത്തു. ഇതെന്തൊരു മനുഷ്യനാണ്. ഇങ്ങനെയൊക്കെ ഒരാൾക്ക് രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ കഴിയുമോ. ഇവനൊരു പപ്പുവാണ്. ഇവനൊരു ആണാണോ. ഇങ്ങനെയും ആണുങ്ങളുണ്ടോ എന്നൊക്കെ ചോദ്യങ്ങൾ സൃഷ്ടിച്ചപ്പോൾ രാഹുൽ നിവർന്നു നിന്നു തന്നെ പറഞ്ഞു, എന്നെ പപ്പുവെന്നു വിളിച്ചോളൂ. പകരം ഞാൻ മോദിയെ ആലിംഗനം ചെയ്ത് സ്നേഹം പ്രകടിപ്പിക്കും. രാഹുൽ നിങ്ങളുടെ കൈൻഡ് ഓഫ് പൊലിറ്റീഷ്യൻ അല്ലടോ. അയാളെ വിട്ടേക്ക്. അയാൾ സ്നേഹം വിതറുന്ന പുഞ്ചിരിയോടെ ഇവിടെ പോരാടട്ടെ. പോരാടി വിജയിക്കട്ടെ…

ചന്ദ്രിക വെബ് ഡെസ്‌ക്‌: