X
    Categories: Video Stories

യു.പി പൊലീസ് കൊന്നുതള്ളുന്നവര്‍

ആപ്പിള്‍ കമ്പനി ജീവനക്കാരന്‍ ഉത്തര്‍പ്രദേശില്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ട വാര്‍ത്ത ഇയ്യിടെ പുറത്തുവന്നിരുന്നു. പൗരന്‍മാരെ കൊന്നുതള്ളാന്‍ യോഗി ആദിത്യനാഥ് നല്‍കിയ പൂര്‍ണാനുവാദ നയത്തിന്റെ ബലത്തിലാണ് യു.പി പൊലീസ് ആ മനുഷ്യജീവനുനേര്‍ക്ക് നിഷ്‌കരുണം നിറയൊഴിച്ചത്. നിയമവാഴ്ച്ച നോക്കുകുത്തിയായി നില്‍ക്കുന്ന യോഗി സര്‍ക്കാറിനോട് ഈ അവസരത്തില്‍ ചില ചോദ്യങ്ങള്‍ ചോദിക്കേണ്ടത് ഇന്ത്യന്‍ പൗരന്‍മാര്‍ എന്ന നിലയില്‍ ഇതു വായിക്കുന്ന ഓരോരുത്തരുടെയും നിര്‍ബന്ധ ബാധ്യതയാണ്.
വിവേകിന്റെ കൊലപാതകത്തിന് ശേഷം വ്യാജ ഏറ്റുമുട്ടലുകളുടെ യാഥാര്‍ഥ്യത്തിലേക്ക് മാധ്യമങ്ങള്‍ കണ്‍ തുറന്നിട്ടുണ്ടെങ്കിലും യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിന് ശേഷം ഉത്തര്‍പ്രദേശില്‍ നടന്ന 1400ലധികം ഏറ്റുമുട്ടലുകളെ കുറിച്ച് അവരാരും സംസാരിക്കുന്നതായി കാണുന്നില്ല. യോഗി ആദിത്യനാഥ് മുഖ്യമന്ത്രി കസേരയില്‍ ഉപവിഷ്ടനായതിന് ശേഷം യു.പി പൊലിസിന്റെ തോക്കിന് ഇരയാവുന്ന 68ാമത്തെ ആളാണ് വിവേക് തിവാരി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അലിഗഡില്‍ നടന്ന വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മുസ്തഖീം (22), നൗഷാദ് (17) എന്നിവരുടെ കുടുംബങ്ങളെ #ഡിശലേറഅഴമശിേെഒമലേ കാമ്പയിന്റെ ഭാഗമായ ഞങ്ങളില്‍ ചിലര്‍ സന്ദര്‍ശിച്ചിരുന്നു. ആ രണ്ടു ചെറു പ്രായക്കാരെ കൊല്ലുക മാത്രമല്ല പൊലീസ് ചെയ്തത്, സ്ത്രീകള്‍ അടക്കമുള്ള കുടുംബാംഗങ്ങളെ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. ഞങ്ങള്‍ അവിടെ ചെല്ലുന്നതിന് മുമ്പു വരെ പൊലീസ് അവിടേക്ക് ആരെയും കടത്തിവിടാത്തതു കാരണം രണ്ടു ദിവസമായി ആ കുടുംബം ഭക്ഷണം പോലും കഴിച്ചിട്ടില്ലായിരുന്നു. യോഗി സര്‍ക്കാറിന്റെ മനുഷ്യരാഹിത്യത്തിന്റെ മറ്റൊരു മുഖമാണിത്. അവരുടെ വീടുകള്‍ റെയ്ഡ് ചെയ്ത പൊലീസ്, ആധാര്‍ കാര്‍ഡ് അടക്കമുള്ള തിരിച്ചറിയല്‍ രേഖകള്‍ പിടിച്ചെടുത്താണ് മടങ്ങിപോയത്.
വിവേകിന്റെ കൊലപാതകത്തിന് തൊട്ടുമുമ്പുവരെ നടന്ന ഓരോ ഏറ്റുമുട്ടല്‍ കൊലപാതകത്തെയും കുറ്റവാളികളെയാണ് തങ്ങള്‍ കൊന്നത് എന്ന രീതിയിലാണ് പൊലീസ് ന്യായീകരിച്ചിട്ടുള്ളത്. 2000 മുതല്‍ 2500 രൂപ മാത്രം മാസവരുമാനുള്ള, ദരിദ്ര സാഹചര്യങ്ങളില്‍നിന്നും വരുന്ന നൗഷാദിനെയും മുസ്തഖീമിനെയും അവരുടെ വീടുകളില്‍നിന്നും പിടിച്ചുകൊണ്ടുപോയതിന് ശേഷം കുറ്റവാളികളെന്ന് മുദ്രകുത്തി വെടിവെച്ചു കൊല്ലുകയാണ് പൊലീസ് ചെയ്തത്. യാതൊരുവിധ ക്രിമിനല്‍ പശ്ചാത്തലവുമില്ലാത്തവരാണ് അവരെന്ന് പൊലീസ് രേഖകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഒരാളെ കൊല്ലുകയും എന്നിട്ട് കുറ്റവാളിയെന്ന് മുദ്രകുത്തുകയും ചെയ്യുന്നത് വളരെ എളുപ്പം സാധ്യമാവുന്ന ഒന്നായി മാറിയിട്ടുണ്ട്. ഇതേ യു.പി പൊലീസ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, ഒരു മുസ്‌ലിം ചെറുപ്പക്കാരനുമായി സൗഹൃദ ബന്ധത്തിലേര്‍പ്പെട്ടതിന് ഒരു ഹിന്ദു യുവതിയെ പൊലീസ് ജീപ്പില്‍ വെച്ച് അടിക്കുന്ന ദൃശ്യങ്ങള്‍ എല്ലാവരും കണ്ടതാണ്. ഇതേ യു.പി പൊലീസാണ് ഹപൂരില്‍ ഖാസിം എന്ന മുസ്‌ലിം ചെറുപ്പക്കാരനെ സംഘ്പരിവാര്‍ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുന്നതിന് കാവല്‍നിന്നത്. സമ്പൂര്‍ണ നിയമ രാഹിത്യമാണ് യോഗിയുടെ നേതൃത്വത്തില്‍ യു.പിയില്‍ നടന്നുകൊണ്ടിരിക്കുന്നത്.
ഉത്തര്‍പ്രദേശില്‍ നടന്ന എല്ലാ ഏറ്റുമുട്ടല്‍ കേസുകളെ കുറിച്ചും സ്വതന്ത്രമായ അന്വേഷണം നടക്കേണ്ടതുണ്ട്. ബി.ജെ.പി ഭരിക്കുന്ന ഇടങ്ങളില്‍ സുതാര്യമായ അന്വേഷണം നടക്കുമെന്ന് കരുതാന്‍ നിര്‍വാഹമില്ലാത്ത അന്തരീക്ഷമാണ് ഇന്ത്യയിലുടനീളം നിലനില്‍ക്കുന്നത് എന്ന് പറയാതെ നിര്‍വാഹമില്ല. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്ക് പിന്നിലെ സത്യം പുറത്തുവരുന്നതിന് സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള സുതാര്യമായ അന്വേഷണമാണ് നടക്കേണ്ടത്. സ്വയം പ്രതിരോധാര്‍ഥമാണ് തങ്ങള്‍ വെടിവെച്ചത് എന്ന് തെളിയിക്കാനുള്ള ബാധ്യത പൊലീസിനിനാണുള്ളത്. മരിച്ചവര്‍ തിരിച്ചുവന്ന് നിരപരാധിത്വം തെളിയിക്കാത്തിടത്തോളം യോഗി ഭരിക്കുന്ന യു.പിയില്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കും.

ഉമര്‍ ഖാലിദ്
(മനുഷ്യാവകാശ പ്രവര്‍ത്തകന്‍)

ചന്ദ്രിക വെബ് ഡെസ്‌ക്‌: