X

‘ഫെയ്‌സ്ബുക്കിനും വാട്‌സ്ആപ്പിനും പൂട്ടുവീണേക്കില്ല’; നിര്‍ണായക പ്രതികരണവുമായി ഫെയ്‌സ്ബുക്ക്

ഡല്‍ഹി: ഇന്ത്യയില്‍ നടപ്പാക്കിയ പുതിയ ഐ.ടി. നിയമങ്ങള്‍ പാലിക്കുന്നതിന് ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സര്‍ക്കാര്‍ നല്‍കിയ സമയപരിധി അവസാനിക്കാനിരിക്കെ നിര്‍ണായക പ്രതികരണവുമായി ഫെയ്‌സ്ബുക്ക്. ഇന്ത്യന്‍ സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ ഉടന്‍ അംഗീകരിക്കാന്‍ ഉദ്ദേശിക്കുന്നതായി ഫെയ്‌സ്ബുക്കിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

ഐടി നിയമങ്ങളിലെ വ്യവസ്ഥകള്‍ പാലിക്കാനും സര്‍ക്കാരിന്റെ കൂടുതല്‍ ഇടപഴകല്‍ വേണ്ട ചില വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും ഫെയ്‌സ്ബുക്ക് ലക്ഷ്യമിടുന്നു. ഐടി നിയമങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തും. വ്യക്തികള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ സുരക്ഷിതവും സ്വതന്ത്രവുമായി രേഖപ്പെടുത്താനുള്ള ഇടമായി നിലകൊള്ളുന്നതിന് ഫെയ്‌സ്ബുക്ക് പ്രതിജ്ഞാബദ്ധരാണെന്നും ഫെയ്‌സ്ബുക്ക് വക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടുചെയ്തു.

ഇന്ത്യയില്‍ നടപ്പാക്കിയ പുതിയ ഐ.ടി. നിയമങ്ങള്‍ പാലിക്കുന്നതിന് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്. ഇത് പാലിക്കുന്നതിനായി മൂന്ന് മാസത്തെ സമയവും അനുവദിച്ചിരുന്നു. അധികൃതര്‍ അനുവദിച്ച മൂന്ന് മസത്തെ സമയപരിധി മെയ് 25നാണ് അവസാനിക്കുന്നത്.

പുതിയ നിര്‍ദേശങ്ങള്‍ പാലിക്കാത്തപക്ഷം ഇന്റര്‍മീഡിയറി എന്ന നിലയിലുള്ള അവരുടെ പ്രൊട്ടക്ഷനും സ്റ്റാറ്റസും നഷ്ടമാകുമെന്നാണ് വിലയിരുത്തലുകള്‍. ഇതിനുപുറമെ, ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കാത്തിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരേ നിയമ നടപടികള്‍ ഉണ്ടാകുമെന്നുമാണ് സൂചന.

Test User: