ഡല്‍ഹി: നിരോധിച്ച ചൈനീസ് ആപ്പുകളില്‍ ഉള്‍പ്പെട്ട ജനപ്രിയ ഗെയിമിങ് ആപ്പ് പബ്ജിക്കു ഇന്ത്യന്‍ ബദല്‍ വരുന്നു. പേരിലും ഗെയിമിലും സമാനതകളുള്ള ഫൗജി എന്ന ഗെയിമാണ് ബെംഗളുരു ആസ്ഥാനമായ മൊബൈല്‍ ഗെയിം നിര്‍മാതാക്കളായ എന്‍കോര്‍ ഗെയിംസ് അവതരിപ്പിക്കുന്നത്. ബോളിവുഡ് നടന്‍ അക്ഷയ് കുമാറാണ് ഫൗജിയുടെ വരവ് ട്വിറ്ററില്‍ പ്രഖ്യാപിച്ചത്. ഈ ഗെയ്മിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. പബ്ജിയെ പോലെ ഷൂട്ടര്‍ ഗെയിം ആയിരിക്കുമെന്നാണ് ഊഹം. ഇന്ത്യയുടെ ദേശീയ പതാകയുടെ ബാഡ്ജുള്ള സൈനിക യൂണിഫോം അണിഞ്ഞവരാണ് പോസ്റ്ററിലുള്ളത്. ഫൗജി എന്ന വാക്കിന്റെ അര്‍ത്ഥം സൈനികന്‍ എന്നാണ്. എന്നാല്‍ ഇംഗ്ലീഷില്‍ ഫിയര്‍ലെസ് ആന്റ് യുണൈറ്റഡ് ഗാര്‍ഡ്‌സ് എന്നതിന്റെ ചുരുക്കെഴുത്തായാണ് ഫൗജി എന്നു പേരിട്ടിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ പദ്ധതിയുടെ ഭാഗമായാണ് ഫൗജി എന്ന ആക്ഷന്‍ ഗെയിം അവതരിപ്പിക്കുന്നതെന്ന് അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തു. വിനോദത്തിനു പുറമെ നമ്മുടെ സൈനികരുടെ ത്യാഗങ്ങളെ കുറിച്ചു ഈ ഗെയിമിലൂടെ പഠിക്കാമെന്നും അദ്ദേഹം പരിചയപ്പെടുത്തുന്നു. ഈ ഗെയിമിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം ഭാരത് കെ വീര്‍ ട്രസ്റ്റിനു സംഭാവനയായി നല്‍കുമെന്നും പ്രഖ്യാപനമുണ്ട്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് പതിപ്പുകളിലെത്തുന്ന ഈ ഗെയിം എന്നു മുതല്‍ ലഭ്യമാകുമെന്ന് അറിയിച്ചിട്ടില്ല.