കോഴിക്കോട്: എം.ഇ.എസ് കോളജുകളില്‍ നിഖാബ് ധരിക്കുന്നത് വിലക്കിയതിനു പിന്നാലെ സുരക്ഷാ പ്രശ്‌നം മുന്‍നിര്‍ത്തി നിഖാബ് ധരിക്കുന്നത് നിരോധിക്കണമെന്ന മുറിവിളികള്‍ ഉയര്‍ന്നിരുന്നു. ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. സുരക്ഷ മുന്‍നിര്‍ത്തിയാണ് നിഖാബ് നിരോധിക്കുന്നത് എങ്കില്‍ നോര്‍ത്ത് ഇന്ത്യയിലെ ഘുണ്ഘട്ട് ഉള്‍പ്പെടെ മുഖം മറക്കുന്ന എല്ലാ വസ്ത്രവും നിരോധിക്കണമെന്ന് തഹ്ലിയ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഫാത്തിമ തഹ്ലിയയുടെ ഫെയ്‌സ്ബുക് കുറിപ്പ്:
സുരക്ഷാ പ്രശ്‌നങ്ങളും സ്ത്രീ വിരുദ്ധതയും ആരോപിച്ചാണ് ചിലര്‍ നിഖാബ് നിരോധനത്തിന് വേണ്ടി വാദിക്കുന്നത്. സുരക്ഷ മുന്‍നിര്‍ത്തിയാണ് നിഖാബ് നിരോധിക്കുന്നത് എങ്കില്‍ നോര്‍ത്ത് ഇന്ത്യയിലെ ഘുണ്ഘട്ട് ഉള്‍പ്പെടെ മുഖം മറക്കുന്ന എല്ലാ വസ്ത്രവും നിരോധിക്കണം. പൊതു സ്ഥലത്ത് മുഖം മറച്ചു പ്രത്യക്ഷപ്പെടുന്നത് പോലും നിരോധിക്കേണ്ടി വരും. കാരണം നിഖാബ് ഉയര്‍ത്തുന്ന അതേ ‘സുരക്ഷാ ഭീഷണി’ മുഖം മറയ്ക്കുന്ന മറ്റ് വസ്ത്രങ്ങളും ഉയര്‍ത്തുന്നുണ്ട്. മുഖം മറക്കുന്ന മറ്റ് വസ്ത്രങ്ങളില്‍ സുരക്ഷാ ഭീഷണി കാണാതെ നിഖാബില്‍ മാത്രം സുരക്ഷാ ഭീഷണി കണ്ടെത്തുന്നത് മനസില്‍ അടങ്ങിയിരിക്കുന്ന ഇസ്ലാമോഫോബിയ ആണെന്ന് പറയേണ്ടി വരുന്നത് ഇത് കൊണ്ടാണ്. സുരക്ഷാ പരിശോധനക്കിടയിലോ മറ്റ് അടിയന്തര സന്ദര്‍ഭങ്ങളിലോ മുഖം വെളിവെക്കാന്‍ നിഖാബ് ധരിക്കുന്നവര്‍ ഒരുക്കമാണ് എന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും നിഖാബ് രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് പറയുന്നത് ഇസ്ലാമോഫോബിയ അല്ലാതെ മറ്റെന്താണ്.
നിഖാബ് സ്ത്രീ വിരുദ്ധമാണ് എന്ന് കരുതുന്നവര്‍ക്ക് അത് ധരിക്കാതിരിക്കാന്‍ സ്വാതന്ത്ര്യം ഉള്ളത് പോലെ നിഖാബ് ധരിക്കുന്നത് പുണ്യം ആണെന്ന് കരുതുന്നവര്‍ക്ക് അത് ധരിക്കാനും സ്വാതന്ത്ര്യം വേണം. മറിച്ചു നിഖാബ് നിരോധിക്കുന്നത് സ്ത്രീയുടെ വസ്ത്രധാരണ അവകാശത്തിലേക്കുള്ള കൈകടത്തല്‍ ആണ്. എന്താണ് സ്ത്രീക്ക് ഗുണം എന്ന് തീരുമാനികേണ്ടത് അതത് സ്ത്രീകളാണ്. അല്ലാതെ ലെഫ്റ്റ് ലിബറല്‍ ആങ്ങളമാരല്ല. സ്ത്രീക്ക് വേണ്ടി തീരുമാനം എടുക്കാന്‍ ഭരണകൂടം ഉള്‍പ്പടെ ആരും വരേണ്ടതില്ല. അത് സ്ത്രീകള്‍ തന്നെ എടുത്തോളും.