X
    Categories: Video Stories

ഇരുട്ടില്‍ തപ്പുന്ന സര്‍ക്കാര്‍

ഫാത്തിമ തഹ്‌ലിയ

ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാരും പോലീസും തീര്‍ത്തും നിസ്സഹായരായി ഇരുട്ടില്‍ തപ്പുന്നതായാണ് കാണുന്നത്. വലിയ തോതില്‍ ലാത്തിചാര്‍ജോ വെടിവെപ്പോ നടത്താതെ ശബരിമലയിലേക്ക് യുവതികളെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്ന് വളരെ വൈകിയാണെങ്കിലും സി.പി.എമ്മിന് ഇപ്പോള്‍ മനസിലായിട്ടുണ്ട്. ശബരിമല പോലെ ലക്ഷങ്ങള്‍ തിങ്ങിനിറഞ്ഞ് നില്‍ക്കുന്ന ഒരു സ്ഥലത്ത് പോലീസ് നടപടി ഉണ്ടായാല്‍ കുട്ടികള്‍ ഉള്‍പ്പെടുന്ന നിരപരാധികളായ ഒരുപാട് തീര്‍ത്ഥാടകരുടെ ജീവിതം കുരുതികൊടുക്കേണ്ടി വരും എന്ന് പൊലീസിന് നന്നായി അറിയാം. ശബരിമല പോലെ ഒരു പുണ്യഭൂമിയില്‍ പോലീസ് നടപടി ഉണ്ടായാല്‍ ക്രമസമാധാനം തകര്‍ന്നു എന്നാരോപിച്ച് സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രം പിരിച്ചു വിടും എന്നും സര്‍ക്കാര്‍ ഭയപ്പെടുന്നു. ഇത് കൊണ്ട് തന്നെ കടുത്ത പോലീസ് നടപടി എടുക്കാന്‍ പിണറായി മുതിരില്ല. എന്നുവെച്ചു ശബരിമല വിഷയത്തിലെ പ്രഖ്യാപിത നിലപാടില്‍ നിന്ന് പിന്തിരിയാനും സി.പി.എമ്മിന് സാധിക്കില്ല. മുന്‍പിന് ആലോചിക്കാതെ എടുത്ത് ചാടി ഒരു നിലപാട് എടുത്തത് കൊണ്ട് മാത്രമാണ് സി.പി.എം ചെകുത്താനും കടലിനും ഇടയില്‍ പെട്ടത്. കണ്ണൂര്‍ മോഡല്‍ വെട്ടൊന്ന് കഷ്ണം രണ്ട് നിലപാട് എടുക്കാതെ മുഖ്യമന്ത്രി അല്പം നയതന്ത്രം കാണിച്ചിരുന്നേല്‍ ഈ പ്രതിസന്ധി ഉണ്ടാകില്ലായിരുന്നു. ഇതിപ്പോള്‍ മുഖ്യമന്ത്രിയുടെ പിടിവാശി മൂലം സമാനത ഇല്ലാത്ത വിധം കേരളത്തില്‍ സാമുദായിക ധ്രുവീകരണം നടക്കുന്നു. ഉമ്മന്‍ ചാണ്ടി ആയിരുന്നു ഇപ്പോള്‍ മുഖ്യമന്ത്രി എങ്കില്‍ സംഘപരിവാറിന് നിറഞ്ഞു കളിക്കാന്‍ അവസരം നല്‍കാതെ ഈ പ്രതിസന്ധി കൈകാര്യം ചെയ്യുമായിരുന്നു. പിണറായിയെ പോലെ ഓടി നടന്ന് മാസ്സ് ഡയലോഗ് പറയുന്നതിന് പകരം വിഷയം തന്ത്രപരമായി കൈകാര്യം ചെയ്തു മുഴുവന്‍ പഴിയും നൈസ് ആയി കേന്ദ്ര സര്‍ക്കാരിന്റെ പിരടിക്ക് വെച്ചു കൊടുക്കുമായിരുന്നു ഉമ്മന്‍ ചാണ്ടി. വലിയൊരു ജനവിഭാഗത്തിന്റെ വികാരം വൃണപ്പെടുത്തുന്ന വിഷയത്തില്‍ സ്വീകരിക്കേണ്ട ജാഗ്രത സര്‍ക്കാര്‍ ഈ വിഷയത്തില്‍ കൈകൊണ്ടില്ല. ആദ്യഘട്ടത്തില്‍ തന്നെ ഒരു സര്‍വ്വകക്ഷി യോഗം വിളിച്ചു ഒരു സമവായം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ല. മതവികാരം ഉയര്‍ത്തി വിടാന്‍ സംഘപരിവാര്‍ ഇതൊരു അവസരം ആയി എടുക്കും എന്ന് മുന്‍കൂട്ടി കാണാനും അത് പ്രതിരോധിക്കാന്‍ വേണ്ട നടപടികള്‍ എടുക്കാനും സര്‍ക്കാരിനായില്ല. വിധി നടപ്പിലാക്കാന്‍ സാവകാശം വേണമെന്ന് ആദ്യമേ സുപ്രീം കോടതിയോട് അവശ്യപ്പെടാമായിരുന്നു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണപരാജയത്തിന്റെ അവസാന ഉദാഹരണമാണ് കീറാമുട്ടിയായി കിടക്കുന്ന ശബരിമല പ്രതിസന്ധി. സെക്രട്ടറിയുടെ ചുമതലയില്‍ ഇരുന്ന് പാര്‍ട്ടിയെ ഭരിക്കുന്ന ശൈലിയില്‍ സംസ്ഥാനം ഭരിക്കാന്‍ മിനക്കെട്ടാല്‍ ഇന്ന് കൊച്ചിയില്‍ കണ്ട പോലെ ക്രമസമാധാനപാലനം സംഘപരിവാര്‍ കയ്യാളുമെന്ന് പിണറായി വിജയന്‍ എന്നാണ് തിരിച്ചറിയുക.?

ചന്ദ്രിക വെബ് ഡെസ്‌ക്‌: