മഞ്ചേരി: 12കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ പിതാവിന് മഞ്ചേരി സ്‌പെഷല്‍ പോക്‌സോ കോടതി 96 വര്‍ഷം കഠിന തടവും 8.11 ലക്ഷം രൂപ പിഴയും വിധിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ 42കാരനെയാണ് ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്.
പോക്‌സോ ആക്‌ട്, ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ ജയില്‍ശിക്ഷ 40 വർഷമായിരിക്കും. പ്രതി പിഴയടക്കുന്നപക്ഷം തുക പീഡനത്തിനിരയായ കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു. സര്‍ക്കാറിന്റെ വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍നിന്ന് കുട്ടിക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കോടതി ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിക്ക് നിര്‍ദേശവും നല്‍കി.
പീഡനത്തിനിരയായ കുട്ടി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാവ് സൈക്കോളജിസ്റ്റിനെ കാണിച്ചിരുന്നു. കുട്ടിയില്‍നിന്ന് വിവരമറിഞ്ഞ സൈക്കോളജിസ്റ്റ് അരീക്കോട് പൊലീസിന് വിവരം കൈമാറുകയായിരുന്നു. 2022 ജൂണ്‍ 18ന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പിറ്റേന്നുതന്നെ പ്രതിയെ അറസ്റ്റ് ചെയ്തു.