X

ഭീകരര്‍ മോശമായി പെരുമാറിയിട്ടില്ലെന്ന് ഫാ. ടോം ഉഴുന്നാലില്‍

 

വത്തിക്കാന്‍: ഭീകരര്‍ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും യെമനിലെ ഐ.എസ് പിടിയില്‍ നിന്നും മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍. തട്ടിക്കൊണ്ട് പോയ ഭീകരര്‍ മൂന്ന് തവണ തന്നെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിയെന്നും സെലേഷ്യന്‍ സഭയുടെ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഏദനിലെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ചാപ്പലില്‍ പ്രാര്‍ത്ഥനയ്ക്കിടെയാണ് കഴിഞ്ഞ വര്‍ഷം തീവ്രവാദികള്‍ തന്നെ തട്ടിക്കൊണ്ടു പോയത്. അറബിയും ഇംഗ്ലീഷും സംസാരിക്കുന്നവരായിരുന്നു അവര്‍. തടവില്‍ കഴിഞ്ഞ ഒന്നരവര്‍ഷത്തില്‍ ഒരിക്കല്‍പ്പോലും മോശമായ പെരുമാറ്റം അവരില്‍ നിന്നുണ്ടായിട്ടില്ല. എന്നാല്‍ ജീവിതം അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതായിരുന്നു. തടവില്‍ കഴിഞ്ഞ കാലമത്രയും ഒരേ വസ്ത്രമായിരുന്നു ധരിച്ചത്. ശരീരഭാരം ക്രമാതീതമായി കുറയാന്‍ തുടങ്ങിയപ്പോള്‍ പ്രമേഹത്തിനുള്ള മരുന്നുകള്‍ അവര്‍ തന്നു. തട്ടിക്കൊണ്ടു പോയശേഷം മൂന്ന് തവണ തീവ്രവാദികള്‍ താവളം മാറ്റി.
പക്ഷേ ഓരോ തവണ സ്ഥലം മാറുമ്പോഴും അവരെന്റെ കണ്ണുകെട്ടിയാണ് കൊണ്ടു പോയിരുന്നത്. ഒരിക്കലും കൊല്ലപ്പെടുമെന്ന ഭീതി തനിക്കുണ്ടായിരുന്നില്ലെന്നും ഒടുവില്‍ ദൈവം തന്റെ രക്ഷക്കെത്തിയെന്നും ഉഴുന്നാലില്‍ പറഞ്ഞു. അതേസമയം മോചനം സംബന്ധിച്ച ഇന്ത്യന്‍ ഇടപെടലുകളെക്കുറിച്ച് അദ്ദേഹം പരാമര്‍ശിക്കാത്തത് ശ്രദ്ധേയമായി.
ഭീകരരുടെ തടവില്‍ നിന്നും ഒമാന്‍ രാജാവിന്റെ ഇടപെടലിനെ തുടര്‍ന്ന് മോചിതനായ അദ്ദേഹം ഇപ്പോള്‍ വത്തിക്കാനിലെ സെലേഷ്യന്‍ സഭയുടെ ആസ്ഥാനത്താണ്. ചൊവ്വാഴ്ച വൈകിട്ട് വത്തിക്കാനില്‍ എത്തിയ അദ്ദേഹത്തെ കേരളീയ രീതിയില്‍ പൊന്നാട അണിയിച്ചാണ് സഭാ നേതൃത്വം സ്വാഗതം ചെയ്തത്. കേരളീയ ശൈലിയിലുള്ള ഭക്ഷണവും ഒരുക്കിയിരുന്നു. വത്തിക്കാനില്‍ എത്തിയ ഉടന്‍ തന്നെ ചാപ്പലില്‍ ചെന്ന് പ്രാര്‍ത്ഥിക്കാനും കുര്‍ബാന അര്‍പ്പിക്കാനുമുള്ള താത്പര്യം അദ്ദേഹം പ്രകടിപ്പിച്ചെങ്കിലും ചികിത്സയ്ക്കും പരിശോധനകള്‍ക്കും വിധേയനാവേണ്ടിയിരുന്നതിനാല്‍ അത് അനുവദിച്ചില്ല. എന്നാല്‍ കുമ്പസാരിക്കണമെന്ന ആവശ്യം അനുവദിച്ചു. 2016 മാര്‍ച്ച് മൂന്നിനാണ് ഏദനില്‍ നിന്നും ഐ.എസ് തീവ്രവാദികള്‍ ഫാദറിനെ തട്ടിക്കൊണ്ടു പോയത്.

മോചനദ്രവ്യം നല്‍കിയല്ല
മോചിപ്പിച്ചത്: വി.കെ സിങ്
തിരുവനന്തപുരം: സിറിയയില്‍ ഐ.എസ് തീവ്രവാദികളുടെ തടവിലായിരുന്ന ഫാദര്‍ ടോം ഉഴുന്നാലിനെ മോചിപ്പിക്കാന്‍ മോചന ദ്രവ്യം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിങ്. ശബ്ദകോലാഹലങ്ങള്‍ക്കാതെ നിശബ്ദമായാണ് വിദേശകാര്യ മന്ത്രാലയം ഫാ.ടോമിന്റെ മോചനത്തിനായി പ്രവര്‍ത്തിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ മോചനത്തിനായി സ്വീകരിച്ച മാര്‍ഗങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ സാധിക്കില്ല. മോചനത്തിന് ശേഷം ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുമായി ഫാദര്‍ ടോം ബന്ധപ്പെട്ടിട്ടില്ല. അദ്ദേഹം എന്നാണ് ഇന്ത്യയിലേക്ക് മടങ്ങി എത്തുക എന്നതു സംബന്ധിച്ച് ഒന്നുമറിയില്ലെന്നും വി.കെ.സിങ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് നാലിനാണു തെക്കന്‍ യെമനിലെ ഏഡനില്‍നിന്നു പാലാ രാമപുരം സ്വദേശി ഫാ.ടോം ഉഴുന്നാലിനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. ഫാദറിന്റെ മോചനത്തിനായി മൂന്ന് ലക്ഷം ഡോളര്‍ ഭീകരര്‍ ആവശ്യപ്പെട്ടിരുന്നെന്നും പിന്നീട് ഒരു കോടി ഡോളര്‍ മോചനദ്രവ്യം നല്‍കിയാണ് അദ്ദേഹത്തെ മോചിപ്പിച്ചതെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

chandrika: