ഇന്ത്യയെ കാര്‍ഷിക സ്വയംപര്യാപ്തതയിലേക്കു നയിച്ച പ്രതിഭ എം.എസ്.സ്വാമിനാഥന്‍ (98) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കില്‍ മങ്കൊമ്പ് എന്ന സ്ഥലത്ത് 1925 ഓഗസ്റ്റ് 7നു ജനിച്ച മങ്കൊമ്പ് സാംബശിവന്‍ സ്വാമിനാഥന്‍ എന്ന എം.എസ്.സ്വാമിനാഥന്‍ ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവായാണ് അറിയപ്പെടുന്നത്. ബോര്‍ലോഗിന്റെ ഗവേഷണങ്ങള്‍ക്ക് ഇന്ത്യന്‍ സാഹചര്യങ്ങളില്‍ തുടര്‍ച്ച നല്‍കിയ അദ്ദേഹം, നമ്മുടെ പരിസ്ഥിതിക്ക് ഇണങ്ങുന്ന അത്യുല്‍പാദന ശേഷിയുള്ള വിത്തിനങ്ങള്‍ വികസിപ്പിച്ചെടുക്കുകയും കര്‍ഷകര്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
ടൈം മാഗസിന്‍ അവലോകനം അനുസരിച്ച് ഇരുപതാം നൂറ്റാണ്ടില്‍ ഏഷ്യ കണ്ട ഏറ്റവും സ്വാധീനശക്തിയുള്ള 20 പേരില്‍ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തെ കൂടാതെ മഹാത്മാ ഗാന്ധിയും രവീന്ദ്രനാഥ ടഗോറും മാത്രമാണ് ഇന്ത്യയില്‍നിന്ന് 20 പേരില്‍ ഉള്‍പ്പെട്ടിരുന്നത്. സ്ഥിരം ഭക്ഷ്യസുരക്ഷയ്ക്ക് ഉതകുന്ന സുസ്ഥിര കൃഷിക്കുവേണ്ടി ഹരിതവിപ്ലവം, നിത്യഹരിതവിപ്ലവം ആക്കേണ്ടതുണ്ടെന്ന അദ്ദേഹത്തിന്റെ ശുപാര്‍ശ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.
1972 മുതല്‍ 79 വരെ അദ്ദേഹം ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ഡയറക്ടര്‍ ജനറലായിരുന്നു. ഇന്ത്യന്‍ കാര്‍ഷിക മന്ത്രാലയത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, രാജ്യാന്തര നെല്ലുഗവേഷണ കേന്ദ്രത്തില്‍ ഡയറക്ടര്‍ ജനറല്‍, ഇന്റര്‍നാഷനല്‍ യൂണിയന്‍ ഫോര്‍ ദ് കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്‍ഡ് നാച്ചുറല്‍ റിസോഴ്‌സസ് പ്രസിഡന്റ്, ദേശീയ കര്‍ഷക കമ്മിഷന്‍ ചെയര്‍മാന്‍ തുടങ്ങി ഒട്ടേറെ നിലകളില്‍ അദ്ദേഹം മികവു തെളിയിച്ചിട്ടുണ്ട്.
1943ലെ ബംഗാള്‍ മഹാക്ഷാമകാലത്ത് ലക്ഷക്കണക്കിനു മനുഷ്യര്‍ പട്ടിണിമൂലം മരിക്കുന്നതിനു സാക്ഷിയാകേണ്ടിവന്ന അദ്ദേഹം, ലോകത്തെ വിശപ്പ് നിര്‍മാര്‍ജനം ചെയ്യുന്നതിനായി ജീവിതം അര്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇന്നത്തെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ആയി മാറിയ പഴയ മഹാരാജാസ് കോളജില്‍നിന്നു ജന്തുശാസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം ജനറ്റിക്‌സ് ആന്‍ഡ് പ്ലാന്റ് ബ്രീഡിങ്ങില്‍ തുടര്‍പഠനം നടത്തി ലോകത്തെ അറിയപ്പെടുന്ന കാര്‍ഷിക ശാസ്ത്രജ്ഞനായി വളരുകയായിരുന്നു. പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, റമണ്‍ മാഗ്സസെ അവാര്‍ഡ്, പ്രഥമ ലോക ഭക്ഷ്യ സമ്മാനം, ബോര്‍ലോഗ് അവാര്‍ഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.