X

‘യു.പിയിലെ ഫത്തേപൂര്‍ സിക്രി ദര്‍ഗ കാമാഖ്യദേവി ക്ഷേത്രം’; അവകാശവാദവുമായി അഭിഭാഷകന്‍, കേസ്

ഉത്തര്‍പ്രദേശിലെ ചരിത്രപ്രസിദ്ധമായ ഫത്തേപൂര്‍ സിക്രി ദര്‍ഗ ക്ഷേത്രമായിരുന്നുവെന്ന് അവകാശവാദവുമായി അഭിഭാഷകന്‍. മുഗള്‍ ഭരണകാലത്ത് ജീവിച്ച സൂഫി ഗുരു സലീം ചിഷ്തിയുടെ ദര്‍ഗയിലാണ് അവകാശവാദവുമായി ആഗ്ര സ്വദേശിയായ അഡ്വ. അജയ് പ്രതാപ് സിങ് രംഗത്തെത്തിയിരിക്കുന്നത്. ദര്‍ഗ മുന്‍പ് കാമാഖ്യദേവി ക്ഷേത്രമായിരുന്നുവെന്നു വാദിച്ച് ആഗ്രയിലെ സിവില്‍ കോടതിയില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

ദര്‍ഗ കാമാഖ്യദേവിയുടെ ശ്രീകോവിലായിരുന്നുവെന്നാണ് അജയ് പ്രതാപ് വാദിക്കുന്നത്. ഇക്കാര്യം ആഗ്രയിലെ സിവില്‍ കോടതി അംഗീകരിച്ചിട്ടുണ്ടെന്നും പറയുന്നു. ദര്‍ഗയോട് ചേര്‍ന്നുള്ള ജമാമസ്ജിദിനു താഴെ ശ്രീകൃഷ്ണ വിഗ്രഹമുണ്ടെന്നും അവകാശവാദമുണ്ട്. ഫത്തേപൂര്‍ സിക്രി നഗരം മുഗള്‍ ചക്രവര്‍ത്തിയായ അക്ബര്‍ നിര്‍മിച്ചതല്ലെന്നും മുന്‍പ് വിജയ്പൂര്‍ സിക്രിയായിരുന്നു ഈ സ്ഥലമെന്നും ഇദ്ദേഹം അവകാശപ്പെട്ടു.

നിലവില്‍ പുരാവസ്തു വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് ദര്‍ഗ പ്രവര്‍ത്തിക്കുന്നത്. മുന്‍പ് ആര്‍ക്കിയോളജി സൂപ്രണ്ടായിരുന്ന ഡി.ബി ശര്‍മയുടെ നേതൃത്വത്തില്‍ ദര്‍ഗയിലും പരിസരത്തും ഉത്ഖനനങ്ങള്‍ നടന്നിരുന്നു. ഇതില്‍ 1000 എ.ഡിയിലെ ഹിന്ദു-ജൈന കരകൗശലവസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് അജയ് പ്രതാപ് പറഞ്ഞു. പള്ളിയുടെ തൂണുകളിലും മേല്‍ക്കൂരയിലുമെല്ലാം ഹിന്ദു ശില്‍പങ്ങളുണ്ടായിരുന്നുവെന്ന് ബ്രിട്ടീഷ് ഓഫിസറായ ഇ.ബി ഹോവല്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നുമെല്ലാം ഇദ്ദേഹത്തിന്റെ വാദങ്ങള്‍ പോകുന്നു.

1527ല്‍ നടന്ന ഖാന്‍വ യുദ്ധത്തിന്റെ കാലത്ത് സിക്രി രാജാവായിരുന്ന റാവു ധാംദേവ് കാമാഖ്യദേവിയുടെ പ്രാണപ്രതിഷ്ഠ ചെയ്ത വിഗ്രഹം ഗാസിപൂരിലെ സുരക്ഷിതമായ സ്ഥാനത്തേക്കു മാറ്റുകയായിരുന്നുവെന്ന് അജയ് പ്രതാപ് വാദിച്ചു. ഇക്കാര്യം ചരിത്രത്തിലുള്ളതാണെന്നും സ്ഥലത്തെ ക്ഷേത്രത്തിന്റെ വേരുകള്‍ വ്യക്തമാക്കുന്നതാണ് ഇതെല്ലാമെന്നും ഇദ്ദേഹം പറയുന്നു. ഒരിക്കല്‍ ക്ഷേത്രമായി നിര്‍മിക്കപ്പെട്ട നിര്‍മിതിയുടെ രൂപം മാറ്റാന്‍ പറ്റില്ലെന്നാണ് നിയമം പറയുന്നതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

കേസില്‍ ആഗ്ര സിവില്‍ കോടതി ജഡ്ജിയായിരുന്ന മൃത്യുഞ്ജയ് ശ്രീവാസ്തവ ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടിസ് അയച്ചിരുന്നു. നേരത്തെ ജമാമസ്ജിദിനു താഴെ ശ്രീകൃഷ്ണ വിഗ്രഹമുണ്ടെന്നു വാദിച്ചും ഇദ്ദേഹം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ആസ്ഥാന മാതാ കാമാഖ്യ, ആര്യ സംസ്‌കൃതി പ്രിസര്‍വേഷന്‍ ട്രസ്റ്റ്, യോഗേശ്വര്‍ ശ്രീകൃഷ്ണ കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ട്രസ്റ്റ്, ക്ഷത്രിയ ശക്തിപീഠ വികാസ് ട്രസ്റ്റ് എന്നിവരും കേസില്‍ പരാതിക്കാരായി കക്ഷി ചേര്‍ന്നിട്ടുണ്ട്. യു.പി സുന്നി വഖഫ് ബോര്‍ഡും സലീം ചിഷ്തി ദര്‍ഗ-ജമാമസ്ജിദ് കമ്മിറ്റിയും കേസില്‍ കക്ഷികളാണ്.

webdesk13: