മോസ്‌കോ: ഫലസ്തീനില്‍ ഫത്തഹ് പാര്‍ട്ടിയും ഹമാസും ചേര്‍ന്ന് സംയുക്തി ഗവണ്‍മെന്റ് രൂപീകരിക്കാന്‍ ധാരണയായി. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ മൂന്നു ദിവസത്തോളം നടന്ന ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനം. ഫത്തഹിന്റെ കീഴിലുള്ള ഫലസ്തീന്‍ അതോറിറ്റിയും ഗസ്സയുടെ ആധിപത്യമുള്ള ഹമാസും ചേര്‍ന്ന് പുതിയ നാഷണള്‍ കൗണ്‍സില്‍ രൂപീകരിക്കാനും പുറംരാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന ഫലസ്തീനികളെക്കൂടി ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് നടത്താനും തീരുമാനമായതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
2006-ലെ ഗസ്സ തെരഞ്ഞെടുപ്പില്‍ ജയിക്കുകയും 2007-ല്‍ ഗസ്സയില്‍ അധികാരം പിടിച്ചെടുക്കുകയും ചെയ്ത ശേഷം ഹമാസ് ഫത്തഹ് പാര്‍ട്ടിയുമായി ചര്‍ച്ചക്ക് തയാറായിരുന്നില്ല. വെസ്റ്റ് ബാങ്കിലും ഗസ്സയിലും കഴിഞ്ഞ വര്‍ഷം ഫലസ്തീന്‍ ഗവണ്‍മെന്റ് മുനിസിപ്പില്‍ തെരഞ്ഞെടുപ്പ് നടത്തിയെങ്കിലും ഹൈക്കോടതി ഇതിന്റെ ഫലം പ്രസിദ്ധീകരിക്കുന്നത് നീട്ടിയിരുന്നു.
ഫത്തഹും ഹമാസും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഇസ്രാഈല്‍ അധിനിവേശത്തിനെതിരായ ഫലസ്തീനികളുടെ ചെറുത്തുനില്‍പ്പിനെ വലിയൊരളവോളം ദുര്‍ബലപ്പെടുത്തിയിരുന്നു. ഗസ്സയ്ക്കു മേല്‍ ഇസ്രാഈല്‍ ഏകപക്ഷീയമായ ആക്രമണം നടത്തിയപ്പോഴും വെസ്റ്റ്ബാങ്കില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തി ഇസ്രാഈല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടപ്പോഴും ഇരുകക്ഷികള്‍ക്കും ഒന്നിച്ച് ഇതിനെതിരെ നിലപാടെടുക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍, റഷ്യയുടെ മധ്യസ്ഥതയിലാണ് ഇരു കക്ഷികളും തമ്മിലുള്ള ഐക്യ ചര്‍ച്ച നടന്നത്. അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഇസ്രാഈലിനെ വിമര്‍ശിച്ചു കൊണ്ടുള്ള യു.എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം പാസായ സാഹചര്യത്തില്‍ ഫത്തഹ് – ഹമാസ് യോജിപ്പിന് പ്രസക്തിയുണ്ട്.