X

വിഭവ ലാളിത്യത്തിന്റെ വ്രത മാതൃക- റാശിദ് ഗസ്സാലി

വര്‍ഷത്തിലെ പന്ത്രണ്ട് മാസങ്ങളില്‍ ഏറ്റവും വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കുന്ന മാസമേതാണ്?. സംശയലേശമന്യേ ഉത്തരം വിശുദ്ധ റമസാന്‍. വിഭവങ്ങള്‍ നേരത്തെ കാലത്തെ തയ്യാര്‍ ചെയ്ത് കാത്തിരിക്കുകയാണ് വീട്ടകങ്ങള്‍. നേരം വെളുക്കുമ്പോള്‍ മനസിലോടുന്നത് ഇന്നത്തെ ഇഫ്താറിനെ കുറിച്ചുള്ള ആസൂത്രണമാണ്. ഇഷ്ടവിഭവങ്ങള്‍കൊണ്ട് നിറഞ്ഞ്‌നില്‍ക്കുന്ന തീന്മേശകള്‍ ഒട്ടുമിക്ക വീടുകളിലെയും സാധാരണ കാഴ്ചയാണ്.

ഇഫ്താറുകള്‍ ഒരുക്കി ക്ഷണിക്കപ്പെടുന്ന ഇടങ്ങളാണെങ്കില്‍ അവ പ്രൗഢിയും പത്രാസും കാണിക്കുംവിധം ഭക്ഷണക്കൂട്ടുകളുടെ ആഘോഷമായിരിക്കും. മുത്താഴവും അത്താഴവും കൂടി ഓര്‍ത്താല്‍ ബഹുകേമമാണ് ഈ ത്യാഗ കാലം. ഒരുവേള പകലിന്റെ വിശപ്പിന് പകരം വീട്ടാന്‍ പ്രത്യേകം കല്‍പിക്കപ്പെട്ടവരെ പോലെയാണ് നമ്മുടെ അവസ്ഥ. കുടവയര്‍ കുറക്കാന്‍ ഡോക്ടറെ കണ്ട രോഗിയോട് അഞ്ചു നേരം കഴിക്കേണ്ട ഒരു സാധാരണ ഭക്ഷണ ക്രമം എഴുതിക്കൊടുത്തുകൊണ്ട് ഇനി ഈ ക്രമത്തില്‍ മാത്രമേ കഴിക്കാവൂ എന്ന് ഉപദേശിച്ചു. പുറത്തിറങ്ങിയ ഉടന്‍ സംശയം കൊണ്ട് അയാള്‍ തിരിച്ചു കയറി, കുറിപ്പൊക്കെ മനസ്സിലായി ഡോക്ടര്‍ ഈ ഭക്ഷണമൊക്കെ സാധാരണ കഴിക്കുന്നതിന്റെ മുമ്പാണോ ശേഷമാണോ കഴിക്കേണ്ടത് എന്ന് കൂടി ഒന്ന് പറഞ്ഞാല്‍ ഉപകാരമായിരുന്നു എന്ന് ചോദിച്ച പോലെയാണ് നമ്മുടെ നോമ്പ് കാലം.

വിശപ്പിന്റെ വേദന അറിയേണ്ട വ്രതനാളുകള്‍ രാജകീയ വിഭവങ്ങള്‍ കൊണ്ട് സമ്പന്നമാക്കി ആത്മീയ ചൈതന്യം കൈവരിക്കുന്നതിനുള്ള മഹത്തായ അവസരങ്ങള്‍ നഷ്ടപെടുത്തുകയാണ് നമ്മില്‍ പലരും. മിതമായ ഭക്ഷണവും ലളിതമായ ഇഫ്താറുകളും ആയിരിക്കണം നമ്മുടെ രീതി. മൂന്നിലൊന്ന് ഭാഗം ഭക്ഷണവും ഒരുഭാഗം വെള്ളവും ഒരു ഭാഗം ഒഴിഞ്ഞ വയറും ആകണം എന്ന പ്രവാചക അധ്യാപനം റമസാനിലും പ്രസക്തമാണ്. രാത്രിയിലെ ആരാധനകള്‍ കൊണ്ട് ശുദ്ധീകരിക്കപ്പെടേണ്ട ഹൃദയങ്ങള്‍ക്ക് നിറഞ്ഞ വയര്‍ ആലസ്യമാണ് പകരുക.

രാത്രിയുടെ അന്ത്യയാമങ്ങളിലെ പ്രാര്‍ഥനകള്‍ക്ക് കഴിച്ച് കുഴഞ്ഞ ശരീരങ്ങള്‍ ഒരു തടസ്സം തന്നെയാണ്. ആവശ്യത്തിനുള്ള ഭക്ഷണമെടുത്ത് ശരീരത്തെയും മനസ്സിനെയും ഉണര്‍വോടെ ദൈവിക ചിന്തയിലും ഭക്തിയിലും ജാഗ്രതയോടെ നിര്‍ത്തുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം.

കൊടിയ ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്ന പരശ്ശതം മനുഷ്യരുടെ കദന കഥകള്‍ കേള്‍ക്കുന്ന വര്‍ത്തമാന കാലത്ത് സുഖീയമായ ഇഫ്താര്‍ വിരുന്നുകളില്‍ ഭക്ഷണമാമാങ്കമൊരുക്കി എത്ര മലിനമായ ഒരു സന്ദേശമാണ് പൊതുസമൂഹത്തിനു നല്‍കുന്നത്. ഹറമുകളിലെ ഇമാമുമാരുടെ മുന്നിലെ മൂന്നു കാരക്കയും ഒരു സമൂസയും തൈരും കണ്ട് സോഷ്യല്‍ മീഡിയയില്‍ ഇതാണ് മാതൃക ഇതാണ് ഇസ്‌ലാം എന്നൊക്കെ പങ്കുവെച്ച് നിര്‍വൃതിയടയുന്ന നാം നമ്മുടെ തീന്മേശകളിലെ ഇസ്‌ലാമിനെക്കൂടി വിലയിരുത്തണം. മനസ്സും വയറും നിറയുന്ന നല്ല ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്നതും കഴിക്കുന്നതുമല്ല, മറിച്ച് അവ സുഖലോലുപതയുടെ അടയാളമാകുംവിധം വിഭവങ്ങളുടെ ആഘോഷമാക്കി വിശപ്പിന്റെയും ത്യാഗത്തിന്റെയും നാളുകളെ ഭക്ഷണത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാക്കുന്നതാണു തിരുത്തേണ്ടത്.

അടുത്ത പതിനൊന്ന് മാസത്തേക്കുള്ള ജീവിത ചിട്ടകളെ രൂപപ്പെടുത്തുന്ന വിശുദ്ധിയുടെ നാളുകള്‍ വിശ്വാസത്തിലും പ്രയോഗത്തിലും ഒരുപോലെ മാതൃകയായേ മതിയാകൂ.

Test User: