X

വ്രതാനുഷ്ഠാനം തഖ്‌വയിലേക്കുള്ള പാത -പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

പരിശുദ്ധ റമസാന്‍ മാസം സമാഗതമായി. വിശ്വാസി സമൂഹം റജബ് മാസം മുതല്‍തന്നെ റമസാനെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. ഓരോ ഫര്‍ള് നമസ്‌കാര ശേഷവും റജബിന്റെയും ശഅബാന്റെയും പവിത്രത ഉള്‍ക്കൊണ്ട് റമസാനിലേക്ക് നീ ക്ഷണിക്കേണമേ എന്ന് അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നുണ്ട്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം റമസാനില്‍ ജീവിക്കുക എന്നത് ജീവിതത്തിലെ പരമമായ നേട്ടമാണ്. സര്‍വതും അല്ലാഹുവിലേക്ക് സമര്‍പ്പിക്കാനുള്ള ഒരുവേള, അതിലുപരിയായി വിശ്വാസിക്ക് വന്നുചേര്‍ന്നിട്ടുള്ള എല്ലാ വീഴ്ചകളേയും പരിഹരിച്ചുകൊണ്ട് തെറ്റുകുറ്റങ്ങള്‍ക്ക് പൊറുക്കലിനെ തേടിക്കൊണ്ടുള്ള അല്ലാഹുവിന്റെ കാരുണ്യത്തിനുവേണ്ടി യാചിക്കാവുന്ന മാസമാണ് പരിശുദ്ധ റമസാന്‍. കാരുണ്യം, പാപമോചനം ഇവയെല്ലാം റമസാന്റെ പ്രത്യേകതയാണ്. ഇബാദത്തില്‍ നിമഗ്നനായി ഇരിക്കാന്‍ വിശ്വാസിയെ റമസാന്‍ നിരന്തരം പ്രേരിപ്പിക്കുന്നുണ്ട്. റമസാനിലെ വ്രതാനുഷ്ഠാനം തഖ്‌വയിലേക്ക് ആനയിക്കുന്നതിനുള്ള ഏറ്റവും വലിയ പാതയാണ്. മനുഷ്യ ജീവിതത്തിലെ അല്ലാഹുവിലേക്ക് കൊണ്ടുപോകുന്ന പാത തഖ്‌വയുടെ പാതയാണ്. ആ പാതയാണ് റമസാനിന്റെ പ്രത്യേകതയും. വ്രതാനുഷ്ഠാനം അതിന്റെ മൂല്യവത്തായ ഒരു മാര്‍ഗവുമാണ്. തഖ്‌വയുടെ പാതയിലേക്ക് സഞ്ചരിക്കാനുള്ള വാഹനമാണ് വ്രതാനുഷ്ഠാനം.

വ്രതാനുഷ്ഠാനം മുമ്പുള്ള സമൂഹങ്ങളിലും നിര്‍ബന്ധമാക്കിയിട്ടുണ്ടായിരുന്നു. അത് ഖുര്‍ആന്‍ പറയുന്നപോലെ സൂഷ്മതയുള്ളവരാകാന്‍ വേണ്ടിയായിരുന്നു. തുടര്‍ന്നുവന്ന നമ്മുടെ സമൂഹത്തെയും സൂക്ഷ്മതയിലേക്ക് നയിക്കാന്‍ വേണ്ടി തന്നെയാണ് വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കിയത്. അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് വികാര, വിചാരങ്ങളെ നിയന്ത്രിച്ച് പരമാവധി നമ്മുടെ പെരുമാറ്റങ്ങളെ നന്നാക്കിക്കൊണ്ട്, അതാണല്ലൊ നോമ്പിന്റെ പ്രത്യേകത. നോമ്പ് അനുഷ്ഠിക്കുകയും അതേ അവസരത്തില്‍ തന്നെ നോമ്പിന്റെ സൂക്ഷ്മ തലങ്ങളിലേക്ക് നമ്മെ നയിക്കുന്ന ഘടകങ്ങളെ നിസ്സാരമായി കാണുകയും ചെയ്താല്‍, അതായത് നല്ല വാക്കുകള്‍ ഉച്ചരിക്കാതെ, വിചാര വികാരങ്ങളില്‍ നിയന്ത്രണം ഏര്‍പെടുത്താതെ വ്രതമനുഷ്ഠിക്കുന്നെങ്കില്‍, അങ്ങനെ പട്ടിണി കിടക്കുന്നതില്‍ എനിക്ക് ഒരു താല്‍പര്യവുമില്ല എന്ന് അല്ലാഹു വെളിപ്പെടുത്തുന്നുണ്ട് എന്ന് റസൂല്‍ കരീം (സ) പഠിപ്പിച്ചു തന്നിട്ടുണ്ട്. അല്ലാഹു നമ്മെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു എന്നതിന് തെളിവു കൂടിയാണത്. അല്ലാഹു നമ്മോട് നോമ്പ് അനുഷ്ഠിക്കാന്‍ പറഞ്ഞു എന്ന് മാത്രമല്ല, നാം കരുതിയിരിക്കാനുള്ള മുന്നറിയിപ്പാണ് അല്ലാഹു ആ നിരീക്ഷണത്തിലൂടെ നല്‍കിയിരിക്കുന്നത്.

സമൂഹത്തെ മനസിലാക്കാനുള്ള ഉത്തമ സമയമാണ് റമസാന്‍. മനുഷ്യന് സാമൂഹികമായ പ്രത്യേകതകളെ അന്യോന്യം തിരിച്ചറിയാന്‍ റമസാനിലെ വ്രതാനുഷ്ഠാനം സഹായിക്കുന്നുണ്ട്. മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്‌നം പട്ടിണിയാണല്ലൊ. ഭക്ഷണത്തിനു വേണ്ടിയാണല്ലൊ തര്‍ക്കങ്ങള്‍ നടക്കുന്നത്. ശ്രീലങ്കയില്‍ നടക്കുന്ന ഏറ്റവും പുതിയ കാര്യങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. അവിടത്തെ ജനങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. പട്ടിണി അവിടെ അരാജകത്വം സൃഷ്ടിക്കുകയാണ്. പറ്റിയ ഉദാഹരണമാണിത്. എല്ലാ സൗഭാഗ്യങ്ങളുമുണ്ടായിരുന്ന ഒരു സമൂഹം പട്ടിണിയിലേക്ക് എത്തിയപ്പോള്‍ അവിടെ അരാജകത്വത്തിലേക്ക് നീങ്ങി. അവിടെ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അതാണ്. നിരന്തര അക്രമങ്ങളും പോരാട്ടങ്ങളും അവിടെ നടന്നുകൊണ്ടിരിക്കുന്നു. പട്ടിണി മനുഷ്യനെ ഏത് തലത്തിലേക്കാണ് കൊണ്ടുപോകുക എന്നത് പ്രവചിക്കാന്‍ സാധ്യമല്ല. പട്ടിണി തിരിച്ചറിയുക എന്നത് മനുഷ്യനെ തിരിച്ചറിയുന്ന ഏറ്റവും നല്ലൊരു മാര്‍ഗമാണ്. അതാണ് റമസാനിലെ വ്രതാനുഷ്ഠാനത്തിലൂടെ ലഭ്യമാകുന്നത്. സഹോദരന്റെ പട്ടിണി തിരിച്ചറായാന്‍ സാധിക്കുമ്പോള്‍ അതു വഴി പട്ടിണിയെ മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ സാധിക്കുന്നു. സമൂഹത്തിന്റെ പട്ടിണി മാറ്റുക എന്നത്, സുഭിക്ഷത ഉറപ്പുവരുത്തുക എന്നത് സാമൂഹ്യമായ സമാധാനം ഉറപ്പുവരുത്താന്‍ ഏറ്റവും അനിവാര്യമായ പ്രവര്‍ത്തനമാണ്. വ്രതം അനുഷ്ഠിക്കുന്ന മനുഷ്യനില്‍ അത്തരമൊരു ബോധവത്കരണം കൂടി നടക്കുന്നു എന്നതും ചെറിയ കാര്യമല്ല.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് റമസാനിലെ മറ്റൊരു പ്രത്യേകത. ദാനധര്‍മ്മങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് റമസാനില്‍ നല്‍കപ്പെടുന്നത്. ഇതിലൂടെയൊക്കെ സാമൂഹ്യ സമാധാനവും സാമൂഹ്യ സമത്വവുമൊക്കെ ലഭിച്ചുകൊണ്ടിരിക്കുന്നു. റമസാന്‍ വിശ്വാസിയുടെ ജീവിതത്തെ ഇളക്കി പ്രതിഷ്ഠിക്കുന്നുണ്ട്. അല്ലാഹുവിനെ ആരാധിക്കാന്‍ വേണ്ടിയല്ലാതെ നിങ്ങളെ അയച്ചിട്ടില്ല എന്ന് അല്ലാഹു പറയുമ്പോള്‍ അതേക്കുറിച്ച് ഏറ്റവും കൂടുതല്‍ ഓര്‍മിക്കുന്ന ഒരു വേള കൂടിയാണ് റമസാന്‍. ആരാധന എന്ന് പറയുമ്പോള്‍ അതില്‍ ഏറ്റവും സുപ്രധാനം നമസ്‌കാരം തന്നെയാണ്. മറ്റ് സല്‍കര്‍മ്മങ്ങളെല്ലാം ആരാധനയില്‍ വരുന്നുണ്ട്. എല്ലാ നന്മകളും ആരാധനയാണ്. റമസാനില്‍ ബോധപൂര്‍വം നന്മകള്‍ ചെയ്യാന്‍ ശ്രമിക്കുകയും ബോധപൂര്‍വം തിന്മകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തയാറാവുകയും ചെയ്യുന്നു. തിന്മകളില്‍ നിന്ന് വിട്ട് നില്‍ക്കുക എന്നതു തന്നെ ആരാധനയാണ്. ഒരു തിന്മ ചെയ്യാന്‍ കരുതി പിന്നീട് അതില്‍ നിന്ന് വിട്ടുനിന്നാല്‍ അത് തന്നെ പ്രതിഫലാര്‍ഹമാണ്. നന്മയുടെ കാര്യവും ഇങ്ങനെ തന്നെയാണ്. ഒരു നന്മ ചെയ്യാന്‍ വിചാരിച്ചു എന്തോ കാരണത്താല്‍ ചെയ്യാന്‍ സാധിച്ചില്ല. എന്നാല്‍ അതിന്റെ പ്രതിഫലം കിട്ടും. നന്മക്ക് അല്ലാഹു ഏറെ പ്രധാന്യം കൊടുക്കുന്നുണ്ട്.

റമസാനിലെ ആരാധനകള്‍ക്ക് നൈരന്തര്യം കാത്തുസൂക്ഷിക്കുന്നു എന്നതാണ് പ്രത്യേകത. റമസാനിലെ തറാവീഹ് അതിന് ഏറ്റവും നല്ല ഉദാഹരമാണ്. ദീര്‍ഘ നേരത്തെ നമസ്‌കാരം എന്നത് നമസ്‌കാരത്തിലെ നൈരന്തര്യമാണ്. അതുപോലെ സുന്നത്ത് നമസ്‌കാരങ്ങള്‍ അധികരിപ്പിക്കാന്‍ ശ്രമിക്കുന്നു. കഴിയുന്നത്ര ദാന ധര്‍മങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നു. സക്കാത്ത് റമസാനില്‍ കൊടുക്കാന്‍ തയാറാകുന്നു. മറ്റ് കാരുണ്യപ്രവര്‍ത്തനങ്ങളും അങ്ങനെ തന്നെ. പാവപ്പെട്ടവരെ സഹായിക്കുന്ന കാര്യവും തഥൈവ. ഇതിലൊക്കെ ഒരു നൈരന്തര്യം കാത്തുസൂക്ഷിക്കുന്നു. നന്മകളുടെ നൈരന്തര്യം.. ആരാധനകളുടെ നൈരന്തര്യം.. റമസാന്റെ പ്രത്യേകതയാണ്.

Test User: