റാശിദ് ഗസ്സാലി
‘നോമ്പ് ഒരു പരിചയാണ്’ എന്ന പ്രവാചക വചനം വര്‍ത്തമാന കാലത്തെ സങ്കീര്‍ണതകളില്‍ മനംമടുത്ത വിശ്വാസികള്‍ക്ക് വലിയ പ്രതീക്ഷയാണ്. അധാര്‍മികമായ ചിന്തകളും പ്രവര്‍ത്തികളും തന്റെ മനസ്സിനെ ഒട്ടും സ്വാധീനിക്കാതെ ആത്മ സംരക്ഷണത്തിന്റെ കവചമൊരുക്കുകയാണ് വ്രതം.
പ്രഭാതം മുതല്‍ പ്രദോഷം വരെ വിശപ്പ് സഹിച്ച്, മനസ്സിനെയും ശരീരത്തെയും പാകപ്പെടുത്തി, അരുതായ്മകളില്‍നിന്ന് വിട്ടൊഴിഞ്ഞ് ജീവിത വിജയത്തിന്റെ പുതുവഴികള്‍ കണ്ടെത്തുകയാണ് വിശുദ്ധ റമസാനിലൂടെ വിശ്വാസികള്‍.
തിന്മകള്‍ അരങ്ങുവാഴുന്ന കാലത്ത് കരുതലോടെ മാറി നടക്കുക എന്നത് അത്ര എളുപ്പമല്ല. എന്നാല്‍ ദൈവിക തൃപ്തിയുടെ അവാച്യമായ അനുഭൂതിയെ കൊതിക്കുന്ന വിശ്വാസികള്‍ നന്മയുടെ ആകാശങ്ങള്‍ തേടി എത്ര വലിയ ത്യാഗം സഹിക്കാനും ഒരുക്കമായിരിക്കും.
കാലം അങ്ങനെയാണ്, ഇതൊക്കെ സാധാരണമാണ് എന്ന ഒഴുക്കന്‍ മട്ടിലുള്ള ന്യായവാദങ്ങളാണ് നമ്മളില്‍ പലരും നേര്‍വഴിയില്‍നിന്ന് മാറിസഞ്ചരിക്കാന്‍ ഇടവരുത്തുന്നത്.
ചരിത്രത്തിലെ ഏറ്റവും ദുഷിച്ച അജ്ഞതയുടെ കാലത്താണ് പ്രിയ തിരുമേനി സത്യവും നീതിയുമുള്ള ഒരു സമൂഹത്തെ ചിട്ടയോടെ വളര്‍ത്തിയെടുത്തത്. മദ്യപിച്ച് മദോന്മത്തരായി മദിരാക്ഷികളുടെ മടിത്തട്ടില്‍ തലചായ്ച്ച് കിടന്നുറങ്ങിയിരുന്ന ഒരു ജനതയെയാണ് ലോകത്തിന്റെ നേതാക്കളും ജേതാക്കളുമാക്കി പരിവര്‍ത്തിപ്പിച്ചെടുത്തത്. കെട്ട കാലമല്ല കെട്ട മനുഷ്യരാണ് എല്ലാകാലത്തെയും പ്രശ്‌നം. അറബി കവി എഴുതിയത് പോലെ, ‘നാം കാലത്തെ പഴിക്കുന്നു, കുറ്റം നമ്മളിലായിരിക്കെ.. കാലത്തിനാകട്ടെ നമ്മള്‍ ഈ കാലത്താണ് ജീവിക്കുന്നത് എന്നതല്ലാത്ത ഒരു മോശവുമില്ല.’ ഏത് മലിനമായ കാലത്തും മനുഷ്യന്‍ വേണമെന്ന് കരുതിയാല്‍ ഉല്‍കൃഷ്ട ഗുണങ്ങളോടെ ജീവിച്ച് മാതൃക തീര്‍ക്കാന്‍ കഴിയുമെന്നതിന്റെ ഏറ്റവും മഹിതമായ ഉദാഹരണമാണ് ആണ്ടിലൊരിക്കല്‍ ആവേശപൂര്‍വം വരവേല്‍ക്കുന്ന റമസാന്‍. അതുകൊണ്ട് തന്നെയാണ് കാലത്തിന്റെ തിന്മകളെ ഉശിരോടെ പ്രതിരോധിക്കുന്ന പരിചയായി വൃതാനുഷ്ഠാനത്തെ പരിചയപ്പെടുത്തുന്നതിന്റെ പൊരുള്‍ പ്രസക്തമാകുന്നത്.
ആരെയും തോല്‍പിക്കാനല്ല, പോറലേല്‍ക്കാതെ സംരക്ഷിക്കാനാണ് നാം കരുത്ത് കാണിക്കേണ്ടത്. ലഹരിയും ലൈംഗിക അരാജകത്വവും അരങ്ങ് വാഴുന്ന വര്‍ത്തമാന ലോകത്ത് സര്‍വ തിന്മകളുടെയും വാതിലുകള്‍ കൊട്ടിയടച്ച് ശരിയായ ആനന്ദം നൈമിഷികമായ വൈകാരിക തള്ളിച്ചയല്ല മറിച്ച് ശാശ്വതമായ വിജയം സമ്മാനിക്കുന്ന ആത്മീയ ചൈതന്യമാണ് എന്ന് തിരിച്ചറിയുന്ന അനുഗ്രഹീത നാളുകളിലാണ് നമ്മള്‍.
തുടര്‍ന്നുള്ള ജീവിതത്തില്‍ മരണം വരെ തുടരേണ്ടുന്ന വിവേക പൂര്‍ണമായ വിശ്വാസിയുടെ നിലപാട് കൂടിയാവണം ഇത്.