വിശുദ്ധിയുടെ വ്രതനാളുകള്‍ സമാഗതമായി. നന്മകളുടെ വസന്തകാലത്തിന് നാടെങ്ങും വിശ്വാസികള്‍ ഒരുങ്ങി കഴിഞ്ഞു. മനസ്സും ശരീരവും ആത്മാവും ഒരുപോലെ സജീവമാകുന്ന സവിശേഷമായ കര്‍മങ്ങളില്‍ ഒന്നാണ് വ്രതം.
‘നോമ്പ് എനിക്കുള്ളതാണ് അതിന് പ്രതിഫലം നല്‍കുന്നത് ഞാനാണ്’ എന്ന ദൈവിക വാക്യം തന്നെ അതിന്റെ പ്രസക്തി ഓര്‍മപ്പെടുത്തുന്നു. മറ്റൊരാള്‍ക്ക് പരിശോധിച്ചറിയാന്‍ പ്രത്യക്ഷമായി ഒരു വഴിയും ഇല്ലാത്ത, പറയുന്നവനെ വിശ്വസിക്കുക മാത്രം നിര്‍വാഹമുള്ള ഒരു സ്വകാര്യത കൂടിയാണ് വ്രതം. അടിമയും ഉടമയും തമ്മിലുള്ള ഏറ്റവും ഹൃദ്യമായ ഒരു ഉടമ്പടിക്കാണ് ഇവിടെ തുടക്കമാകുന്നത്.
എനിക്കും എന്റെ നാഥനും മാത്രം അറിയാവുന്ന ആത്മീയ രഹസ്യം ശീലിക്കുകവഴി തന്റെ ജീവിതത്തിന്റെ സര്‍വ തലങ്ങളെയും സ്പര്‍ശിക്കുന്ന ശക്തമായ ഒരു പരിശീലന കാലത്തിനാണ് റമസാന്‍ വഴിയൊരുക്കുന്നത്. പട്ടിണികിടന്ന് ത്യാഗം സഹിക്കുകയല്ല, വിശപ്പിന്റെ വേദനയില്‍ നിന്ന് യഥാര്‍ഥ സമൃദ്ധിയെ തൊട്ടറിയുകയാണ് ഓരോ വിശ്വാസിയും. അന്നം തരുന്നവന്റെ കാരുണ്യമാണ് ജീവിതം എന്ന മഹത്തായ ബോധ്യത്തിലേക്ക് വിശ്വാസിയെ നയിക്കുന്ന വ്രതനാളുകള്‍ നാം എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതാണ് പ്രധാനം. ആയുസില്‍ ഒരുപാട് റമസാനുകള്‍ക്ക് നാം സാക്ഷ്യം വഹിച്ചു. എന്നാല്‍ ഓരോ റമസാനും എത്രകണ്ട് സ്വാധീനിച്ചു എന്നത് നാം വിലയിരുത്തേണ്ടിയിരിക്കുന്നു.
റമസാന്‍ എന്ന പദം തന്നെ വേണ്ടാത്തതിനെയൊക്കെ കരിച്ചു കളയുകയും ഗുണപരമായ ചിന്തകളിലും ശീലങ്ങളിലും മനസ് കേന്ദ്രീകരിക്കുകയും ചെയ്യുന്ന ഒരു അപൂര്‍വ വസന്തകാലത്തെ ആണ് ഓര്‍മപ്പെടുത്തുന്നത്. നമുക്ക് മാറണം.. ഈ പ്രതിസന്ധികാലത്തെ റമസാന്‍ ഫലപ്രദമായ ഒരു മാറ്റത്തിന്റേതു കൂടിയാവണം.