ഡോ. റഷീദ ബീഗം
സീനിയര്‍ കണ്‍സട്ടന്റ് & ഹെഡ്.
Obstetrics & Gynaecology
Aster MIMS, Calicut.
റമദാന്‍ വ്രതം അടുത്ത് കഴിഞ്ഞാല്‍ അഭിമുഖീകരിക്കുന്ന ചോദ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മുലയൂട്ടുന്നതുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍. നോമ്പെടുക്കുന്ന ഉമ്മയ്ക്ക് മുലയൂട്ടുവാന്‍ സാധിക്കുമോ? നോമ്പെടുക്കുന്നത് മൂലം മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞിന് ദോഷമുണ്ടാകുമോ എന്ന് തുടങ്ങി നിരവധിയായ സംശയങ്ങള്‍ അനുബന്ധമായി ഉണ്ടാകാറുണ്ട്.
മുലയൂട്ടുന്ന അമ്മമാര്‍ക്ക് നോമ്പെടുക്കാന്‍ സാധിക്കുമോ എന്നുള്ളത് പ്രാഥമികമായി അവരുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് കിടക്കുന്ന കാര്യമാണ്. ശരീരം സ്വീകരിക്കുന്ന പൊതുവായ ഭക്ഷണ ശീലങ്ങളും മാറ്റങ്ങളുമായി പൊരുത്തപ്പെടാനുള്ള സ്വാഭാവികമായ കഴിവ് ശരീരത്തിനുണ്ട്. അതുകൊണ്ട് തന്നെ നോമ്പുകാലത്തെ ഭക്ഷണ ക്രമങ്ങളുമായി സ്വാഭാവികമായ പൊരുത്തപ്പെടല്‍ ഉണ്ടാകും. ഉമ്മയ്ക്ക് വലിയ ശാരീരികമായ ബുദ്ധിമുട്ടുകളൊന്നും ഇല്ലാതിരിക്കുകയും നോമ്പെടുക്കാന്‍ മാനസികമായി തയ്യാറുമാണെങ്കില്‍ ഡോക്ടറെ സന്ദര്‍ശിച്ച് ഉപദേശം സ്വീകരിച്ച ശേഷം നോമ്പെടുക്കാവുന്നതാണ്.
നോമ്പെടുക്കുന്നു എന്നത് കൊണ്ട് മാത്രം മുലപ്പാലിന്റെ അളവില്‍ ഏതെങ്കിലും തരത്തിലുള്ള കുറവുണ്ടാകുവാനുള്ള സാധ്യതയില്ല. കടുത്ത നിര്‍ജ്ജലീകരണം (ഡീ ഹൈഡ്രേഷന്‍) ഉണ്ടെങ്കിലാണ് ഈ കാര്യത്തില്‍ കൂടുതല്‍ ആശങ്ക ആവശ്യമായി വരുന്നുള്ളൂ. എങ്കിലും നോമ്പെടുക്കുകയും സമീകൃതാഹാരം കഴിക്കാതിരിക്കുകയും ചെയ്യുന്ന ഉമ്മമാരുടെ മുലപ്പാലില്‍ മഗ്‌നീഷ്യം, സിങ്ക്, പൊട്ടാസ്യം എന്നിവയുടെ കുറവ് കാണപ്പെടുന്നുണ്ട് എന്ന് ചില പഠനങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വ്രതം തുറന്നതിന് ശേഷമുള്ള ഭക്ഷണത്തില്‍ സമീകൃതാഹാരം ഉള്‍ക്കൊള്ളിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതായത് വൃതം ആരംഭിക്കുന്നതിന് മുന്‍പുള്ള സമയപരിധിയില്‍ (സന്ധ്യയ്ക്കും പ്രഭാതത്തിനും ഇടയില്‍) ആവശ്യമായ പോഷക സമൃദ്ധമായ ഭക്ഷണം ആവശ്യമായ അളവില്‍ കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ധാരാളം വെള്ളവും (കുറഞ്ഞത് 2.5 ലിറ്റര്‍) നിര്‍ബന്ധമായും കുടിച്ചിരിക്കണം.
ഉപവാസം സ്വീകരിക്കുന്ന അമ്മമാര്‍ സ്വന്തം ആരോഗ്യത്തിലും കുഞ്ഞിന്റെ ആരോഗ്യത്തിലും പ്രത്യേകം ശ്രദ്ധയും നിരീക്ഷണവും പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.
തലവേദന, തലകറക്കം, വരണ്ട വായും ചുണ്ടുകളും, ഇരുണ്ട നിറത്തിലുള്ള മൂത്രം, കുറഞ്ഞ അളവിലുള്ള മൂത്രം, കടുത്ത ഗന്ധമുള്ള മൂത്രം എന്നിവയെല്ലാം നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങളാണ്. ഇത് മൂത്രാശയ സംബന്ധമായ അണുബാധ ഉള്‍പ്പെടെയുള്ള രോഗാവസ്ഥകളിലേക്ക് നയിക്കുവാനോ, പാലിന്റെ അളവ് കുറയുവാനോ, പാലിലെ പോഷകം കുറയുവാനോ കാരണമാകും. മാത്രമല്ല കുഞ്ഞ് മൂത്രമൊഴിക്കുന്നത് കുറയുകയും കരച്ചില്‍ വര്‍ദ്ധിക്കുകയും കൂടുതല്‍ തവണ മുലപ്പാലിനായി ആവശ്യപ്പെടുകയും ചെയ്യും, ദിവസങ്ങള്‍ പിന്നിടുമ്പോള്‍ കുഞ്ഞിന് ശരീരഭാരം കുറയുവാനും സാധ്യതയുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഡോക്ടറുടെ സന്ദര്‍ശനം ഉറപ്പ് വരുത്തണം.
ഉപവാസം ഓരോ വ്യക്തിയുടേയും ശാരീരികമായ പ്രത്യേകതകള്‍ക്കനുസരിച്ചുള്ള പ്രതിഫലനങ്ങളാണ് അതത് വ്യക്തികളില്‍ സൃഷ്ടിക്കുക. അതുകൊണ്ട് തന്നെ ഉപവാസം തുടങ്ങണോ എന്ന തീരുമാനമെടുക്കും മുന്‍പ് ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്.