ഡല്‍ഹി: കോവിഡ് വ്യാപനം ഉള്‍പ്പെടെയുള്ള വിവിധ കാരണങ്ങളാല്‍ തുടര്‍ച്ചയായി നീട്ടിവെച്ച ഫാസ്ടാഗ് നിര്‍ബന്ധമാക്കല്‍ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍. തിങ്കളാഴ്ച മുതല്‍ ദേശീയപാതയിലെ ടോള്‍ പ്ലാസ കടക്കണമെങ്കില്‍ ഫാസ്ടാഗ് നിര്‍ബന്ധമാണ്. അല്ലാത്തപക്ഷം കനത്ത പിഴ ഒടുക്കേണ്ടതായി വരും.
ടോള്‍ പ്ലാസകളെ ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഫാസ്ടാഗ് സംവിധാനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കൊണ്ടുവന്നത്. 2020ന്റെ തുടക്കത്തില്‍ നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ വിവിധ കാരണങ്ങളാല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നത് നീട്ടിവെയ്ക്കുകയായിരുന്നു. അവസാനമായി ജനുവരി ഒന്നുമുതല്‍ നടപ്പാക്കാനാണ് തീരുമാനിച്ചത്. പിന്നീട് ഇത് ഫെബ്രുവരി 15 വരെ നീട്ടുകയായിരുന്നു.
ഇതിനകം ദേശീയപാതകളിലൂടെ ശേഖരിക്കുന്ന ടോളിന്റെ 80 ശതമാനവും ഫാസ്ടാഗ് വഴിയാണ്. വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ ഒട്ടിക്കുന്ന ഒരു സ്റ്റിക്കര്‍ അല്ലെങ്കില്‍ ടാഗ് ആണ് ഫാസ്ടാഗ്.ടോള്‍ പ്ലാസയില്‍ ഇന്‍സ്റ്റാള്‍ ചെയ്ത സ്‌കാനറുമായി ആശയവിനിമയം നടത്താന്‍ ഉപകരണം റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍എഫ്‌ഐഡി) സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. വാഹനം ടോള്‍ പ്ലാസ കടന്നുകഴിഞ്ഞാല്‍ ആവശ്യമായ ടോള്‍ തുക ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നോ ഫാസ്ടാഗിലേക്ക് ലിങ്ക് ചെയ്ത പ്രീപെയ്ഡ് തുകയില്‍ നിന്നോ ഓട്ടോമാറ്റിക്കായി ടോള്‍ ഇനത്തിലേക്കു പോവും.
ഇതിലൂടെ വാഹനങ്ങള്‍ക്ക് ടോള്‍ പ്ലാസകളിലൂടെ നിര്‍ത്താതെ വാഹനമോടിക്കാം. ടാഗ് ഒരു വാലറ്റ് അല്ലെങ്കില്‍ ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡ് പോലുള്ള പ്രീപെയ്ഡ് അക്കൗണ്ടുമായി ലിങ്കുചെയ്തിട്ടുണ്ടെങ്കില്‍, ഉടമകള്‍ ടാഗ് റീചാര്‍ജ് / ടോപ്പ് അപ്പ് ചെയ്യേണ്ടതുണ്ട്. ഇത് ഒരു സേവിങ്‌സ് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍, ബാക്കി തുക മുന്‍കൂട്ടി നിര്‍വചിച്ച പരിധിക്ക് താഴെയായിക്കഴിഞ്ഞാല്‍ പണം ഓട്ടോമാറ്റിക്കായി കുറയ്ക്കും. ഒരു വാഹനം ടോള്‍ പ്ലാസ കടന്നുകഴിഞ്ഞാല്‍, പണം കുറഞ്ഞതായി ഉടമയ്ക്ക് ഒരു എസ്എംഎസ് അലര്‍ട്ട് ലഭിക്കും. അക്കൗണ്ടുകളില്‍ നിന്നോ വാലറ്റുകളില്‍ നിന്നോ പണം ഡെബിറ്റ് ചെയ്യുന്നത് പോലെയാണ് അലര്‍ട്ട് വരുന്നത്.
ആമസോണ്‍, പേടിഎം, സ്‌നാപ്ഡീല്‍ തുടങ്ങിയ എല്ലാ പ്രധാന റീട്ടെയില്‍ പ്ലാറ്റ്‌ഫോമുകളിലും ഫാസ്ടാഗ് ഓണ്‍ലൈനില്‍ ലഭ്യമാണ്.