X
    Categories: indiaNews

ഫാസ്ടാഗ് ഇന്നു മുതല്‍ നിര്‍ബന്ധം; ഇല്ലെങ്കില്‍ ഇരട്ടി ടോള്‍ നല്‍കണം

കൊച്ചി: ദേശിയ പാതകളിലെ ടോള്‍ പ്ലാസകളില്‍ ഇന്നു മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കി. ഇനിമുതല്‍ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ ഇരട്ടിത്തുക ടോള്‍ നല്‍കേണ്ടതായി വരും. മൂന്ന് മാസമായി നീട്ടി നല്‍കിയ ഇളവാണ് ഇതോടെ അവസാനിക്കുന്നത്. ഇനി നീട്ടി നല്‍കില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയിരുന്നു.

2021 ജനുവരി ഒന്നു മുതല്‍ ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ നേരത്തെയുള്ള ഉത്തരവ്. പിന്നീടത് ഫെബ്രുവരി 15-ലേക്ക് നീട്ടുകയായിരുന്നു. വാഹനങ്ങളില്‍ ഫാസ്ടാഗ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കിലും പ്രവര്‍ത്തിക്കാത്ത ഫാസ്ടാഗാണെങ്കിലും പിഴ നല്‍കേണ്ടി വരും. ഇരട്ടി നിരക്കിന് തുല്യമായ പിഴയായിരിക്കും ചുമത്തുകയെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

വാഹന ഉടമകള്‍ മുന്‍കൂര്‍ പണമടച്ച് എടുക്കുന്ന പ്രത്യേക അക്കൗണ്ടാണ് ഫാസ്ടാഗ്. വാഹനം ടോള്‍ പ്ലാസയുടെ നിശ്ചിത ദൂരത്തെത്തുമ്പോള്‍, വിന്‍ഡ് സ്‌ക്രീനില്‍ പതിപ്പിച്ച ഇലക്ട്രോണിക് ചിപ്പിലൂടെ ടോള്‍ പ്ലാസയിലെ സ്‌കാനര്‍ വിവരങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന് റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷനിലൂടെ ടോള്‍ തുക ഈടാക്കും. വാഹനം ടോള്‍ പ്ലാസ കടക്കുമ്പോള്‍ത്തന്നെ ഈടാക്കിയ തുകയുടെ വിവരം ഉടമയുടെ മൊബൈലിലെത്തും. ഇതിലൂടെ മൂന്ന് സെക്കന്റുകൊണ്ട് പണമടച്ച് ടോള്‍പ്ലാസ കടക്കാനാവും.

 

 

Test User: