ഡിജിറ്റല്‍ രൂപത്തിലുള്ള ടോള്‍ പിരിവ് പ്രോത്സാഹിപ്പിക്കുന്നതിനായി 2021 ജനുവരി ഒന്ന് മുതല്‍ രാജ്യത്തെ നാല് ചക്ര വാഹനങ്ങളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. മുമ്പ് പുതിയ വാഹനങ്ങളില്‍ മാത്രമാണ് ഈ സംവിധാനം നല്‍കിയിരുന്നത്. ഈ വിജ്ഞാപനം പ്രാബല്യത്തില്‍ വരുന്നതോടെ 2017 ഡിസംബര്‍ ഒന്നിന് മുമ്പുള്ള വാഹനങ്ങളിലും ഫാസ്ടാഗ് നല്‍കണം.
2017 ഡിസംബര്‍ ഒന്ന് മുതല്‍ നിരത്തുകളില്‍ എത്തിയിട്ടുള്ള വാഹനങ്ങളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിരുന്നു. പുതിയ നിര്‍ദേശം അനുസരിച്ച് പഴയ വാഹനത്തില്‍ നല്‍കുന്നതിനൊപ്പം ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് പുതുക്കണമെങ്കിലും ഫാസ്ടാഗ് വേണം. നാഷണല്‍ പെര്‍മിറ്റ് വാഹനങ്ങളില്‍ 2019 ഒക്ടോബര്‍ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിരുന്നു.
ഇതിനൊപ്പം 2021 ഏപ്രില്‍ മാസം മുതല്‍ വാഹനങ്ങള്‍ക്ക് തേഡ് പാര്‍ട്ട് ഇന്‍ഷുറന്‍സ് അനുവദിക്കുന്നതിന് ഫാസ്ടാഗ് നിര്‍ബന്ധമാക്കുമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
പൂര്‍ണമായും ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറുന്നതോടെ ടോള്‍ പ്ലാസകളിലെ തിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നും വാഹനങ്ങള്‍ക്ക് തടസമില്ലാതെ കടന്നുപോകാന്‍ കഴിയുമെന്നുമാണ് ഗതാഗത മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
ടോള്‍ പ്ലാസകളില്‍ ഡിജിറ്റലായി പണമടയ്ക്കാനുള്ള സംവിധാനമാണിത്. പ്രീ പെയ്ഡ് സിം കാര്‍ഡ് പോലെയാണ് ഫാസ്ടാഗിന്റെ പ്രവര്‍ത്തനം. ഫാസ്ടാഗുള്ള വാഹനങ്ങള്‍ ടോള്‍ പ്ലാസകള്‍ വഴി കടന്നുപോകുമ്പോള്‍ ഫാസ്ടാഗ് വാലറ്റില്‍നിന്ന് പണം പിന്‍വലിക്കപ്പെടും. നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുമായി ചേര്‍ന്നാണ് ഫാസ്ടാഗ് നടപ്പാക്കുന്നത്.