നാഗ്പൂര്‍ സംഘര്‍ഷത്തില്‍ അറസ്റ്റിലായ വി.എച്ച്.പി, ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ക്ക് അതിവേഗ ജാമ്യം

ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ വിശ്വഹിന്ദു പരിഷത്, ബജ്രംഗ് ദൾ പ്രവർത്തകർക്ക് അറസ്റ്റിന് പിന്നാലെ ജാമ്യം. എട്ട് പ്രവർത്തകർക്കാണ് ജാമ്യം ലഭിച്ചത്. കൊട്വാലി പൊലീസിന് മുമ്പാകെ കീഴടങ്ങിയ ഇവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

നാഗ്പൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 3000 രൂപ കെട്ടിവെച്ചതിനെ തുടർന്നാണ് ഇവർക്ക് ജാമ്യം ലഭിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ മൈനോറിറ്റി ഡെമോക്രാറ്റിക് പാർട്ടി നേതാവ് നാഗ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. കേസിൽ പിടിയിലായ ഖാനെ വെള്ളിയാഴ്ച വരെ കോടതി റിമാൻഡ് ചെയ്തിരുന്നു.

അതേസമയം, ഔറംഗസീബിന് ഇപ്പോൾ ഒരു പ്രസക്തിയുമില്ലെന്ന് ആർ.എസ്.എസിന്‍റെ ദേശീയ പ്രചാരണ ചുമതലയുള്ള നേതാവ് സുനിൽ അംബേദ്കർ പറഞ്ഞിരുന്നു. ഔറംഗസീബിന്‍റെ ശവകുടീരം പൊളിക്കണമെന്ന ആവശ്യവുമായി നാഗ്പൂരിലുണ്ടായ സംഘർഷത്തെ അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 21ന് ബംഗളൂരുവിൽ നടക്കാനിരിക്കുന്ന ആർ.എസ്.എസ് അഖില ഭാരതീയ പ്രതിനിധി സഭയുടെ മുന്നോടിയായി നടത്തിയ വാർത്തസമ്മേളനത്തിലാണ് സുനിൽ അംബേദ്കറുടെ വാക്കുകൾ.

300 വർഷം മുമ്പ് മരിച്ച ഔറംഗസീബിന് ഇപ്പോൾ പ്രസക്തിയുണ്ടോയെന്നും ശവകുടീരം നീക്കേണ്ടതുണ്ടോയെന്നും മാധ്യമപ്രവർത്തകർ ചോദിച്ചു. ‘ഔറംഗസീബിന് ഇപ്പോൾ പ്രസക്തിയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല’ എന്നായിരുന്നു മറുപടി. ഒരു തരത്തിലുള്ള അക്രമവും സമൂഹത്തിന് നല്ലതല്ല എന്നായിരുന്നു നാഗ്പൂർ അക്രമങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി.

webdesk13:
whatsapp
line