റഹൂഫ് കൂട്ടിലങ്ങാടി
മലപ്പുറം: ഓരോ ഫയലും ഓരോ ജീവിതമാണ് എന്ന ആപ്തവാക്യം മനസ്സിൽ കുറിച്ച് സർവീസ് ജീവിതത്തിൽ പ്രാവർത്തികമാക്കിയപ്പോൾ അബ്ദുൽ നാസറിനെ തേടിയെത്തിയത് സംസ്ഥാന സർക്കാറിൻ്റെ അവാർഡ്.
റവന്യൂ വകുപ്പിൻ്റെ 2024 ലെ മികച്ച വില്ലേജ് ഓഫീസർക്കുള്ള അവാർഡിന് മലപ്പുറം ജില്ലയിൽ നിന്ന് കൂട്ടിലങ്ങാടി വില്ലേജ് ഓഫീസർ കെ.അബ്ദുൽ നാസർ തിരഞ്ഞെടുക്കപ്പെട്ടു.
ഓഫീസിലെ സേവനങ്ങൾ, പൊതുജനങ്ങളുമായുള്ള ഇടപെടലുകൾ, ഫയൽ തീർപ്പാക്കൽ തുടങ്ങിയവയിലെ മികവ് മുൻനിർത്തിയാണ് അവാർഡ്.
ജീവനക്കാരുടെ കുറവും കെട്ടിക്കിടക്കുന്ന ഫയൽ കൂമ്പാരവുമുള്ള കൂട്ടിലങ്ങാടി വില്ലേജ് ഓഫീസിൽ 2022 സെപ്തംബർ ഒന്നിനാണ് നാസർ ചുമതലയേൽക്കുന്നത്. ഒന്നര വർഷത്തെ ചിട്ടയാർന്ന പ്രവർത്തനത്തിൽ കെട്ടിക്കിടന്നിരുന്ന 850 ലേറെ ഓൺലൈൻ സർട്ടിഫിക്കറ്റുകളും ജനന, മരണ, തണ്ടപ്പേർ അപേക്ഷകളും നികുതി അടവുകളും തീർപ്പാക്കുകയും 150 ലേറെ ഭൂമി തരം മാറ്റ അപേക്ഷ കളിൽ നടപടി സ്വീകരികുകയും ചെയ്തു.
അർഹരായ മുഴുവൻ പട്ടികജാതി പട്ടികവർഗ്ഗ കുടുംബങ്ങൾക്കും പട്ടയം നൽകുന്നതിന് റിപ്പോർട്ട് നൽകി. 2006 മുതൽ ഭൂനികുതി അടക്കാനാകാതെ പ്രയാസപ്പെടുന്ന നൂറോളം കുടുംബങ്ങൾക്ക് ഭൂനികുതി അടവാക്കി നൽകി. അനധികൃത ഭൂമി തരം മാറ്റലിനെതിരെ നടപടിയെടുത്തു. മണൽകടത്ത്, അനധികൃത ക്വാറി പ്രവർത്തനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു.
അഴിമതി രഹിതമാക്കി വില്ലേജ് ഓഫീസിനെ മാറ്റിയതോടൊപ്പം ഓരോ ദിവസത്തെയും അപേക്ഷകളിൽ അന്ന് തന്നെ തീർപ്പാക്കി സർട്ടിഫിക്കറ്റുകൾ നൽകിയെന്നതും അവാർഡിന് പ്രത്യേകം പരിഗണിക്കപ്പെട്ടു.
പെരിന്തൽമണ്ണ താലൂക്ക് ഓഫീസിൽ 2004 ൽ ന് എൽ.ഡി.ക്ലർക്കായി ജോലിയിൽ പ്രവേശിച്ച് 2008ൽ യു.ഡി.ക്ലർക്കും 2021 ഒക്ടോബറിൽ വില്ലേജ് ഓഫീസറായും പ്രൊമോഷൻ ലഭിച്ചു. നിലമ്പൂർ താലൂക്കിലെ തിരുവാലി വില്ലേജ്, തീരൂരങ്ങാടി താലൂക്കിലെ പറപ്പൂർ വില്ലേജ് എന്നിവിടങ്ങളിൽ ജോലി ചെയ്ത ശേഷമാണ് കൂട്ടിലങ്ങാടി വില്ലേജ് ഓഫീസറായി ചുമതലയേൽക്കുന്നത്. സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ.യു) പെരിന്തൽമണ്ണ താലൂക്ക് പ്രസിഡൻ്റ്, ജില്ലാ കമ്മറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
പെരിന്തൽമണ്ണ പുലാമന്തോൾ പഞ്ചായത്തിലെ നോർത്ത് പാലൂർ സ്വദേശിയാണ് നാസർ. ഭാര്യ: ഷബ്ന ( അധ്യാപിക ജി.യു.പി.എസ് വളപുരം), പത്താം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ നിയ, ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് നാസിഹ് എന്നിവർ മക്കളാണ്.