X

ഫാസിസ്റ്റുകള്‍ ഭരണഘടനയെ ചെറുതായി കാണുന്നു : സാദിഖലി ശിഹാബ് തങ്ങള്‍

കോഴിക്കോട് : ഫാസിസ്റ്റുകള്‍ ഭരണഘടനയെ ചെറുതായി കാണുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ സീതി സാഹിബ് അക്കാദമിയ പാഠശാലയില്‍ ആദ്യ ബാച്ചില്‍ പഠനം പൂര്‍ത്തിയാക്കിയവരുടെ കോൺവൊക്കേഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. ഭരണഘടനയെ ചെറുതായി കാണുന്ന ഫാസിസ്റ്റുകളെ രാജ്യം പരാജയപ്പെടുത്തും. അതിന് തെളിവാണ് കര്‍ണാടക. ഫാസിസത്തെ പരാജയപ്പെടുത്തിയ കര്‍ണാടകയിലെ ജനങ്ങള്‍ ഭരണഘടനയെയും മതേതതരത്വത്തെയും ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു. ഇന്ത്യന്‍ സമൂഹം ഉണരേണ്ട സമയത്ത് ഉണരും എന്നതിന്റെ തെളിവാണ് കര്‍ണാകയിലെ കോണ്‍ഗ്രസിന്റെ വിജയമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

സാമാജ്യത്വത്തിന്റെ പകര്‍പ്പുകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. ഇതിനെതിരെ ശബ്ദമുയര്‍ത്തേണ്ടതുണ്ട്. ഇതിന് ഏറ്റവും നല്ല പാഠശാല ചരിത്രമാണ്. ചരിത്രത്തെ വീണ്ടെടുക്കുകയും അതില്‍ നിന്നും പാഠം ഉള്‍കൊള്ളുകയും വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മരണ വക്്ത്രത്തില്‍ പോലും പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ താത്പര്യം കാണിച്ച ജ്ഞാനികളെ പോലെയാണ് യുവാക്കള്‍.

സീതി സാഹിബ് അക്കാദമിയ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ യൂത്ത് ലീഗിന്റെ നോളജ് ബാങ്ക് ആണെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അധ്യക്ഷനായി. സീതി സാഹിബ് അക്കാദമിയ പാഠശാലയില്‍ പഠനം പൂര്‍ത്തിയാക്കിയ എണ്ണൂറോളം പഠിതാക്കള്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. രാഷ്ട്രത്തിന്റെയും സമുദായത്തിന്റെയും പുരോഗതയില്‍ മുസ്ലിം ലീഗ് പ്രസ്ഥാനം വഹിച്ച പങ്കിനെ കുറിച്ചും ഇന്ത്യന്‍ ഭരണഘടനയും വിവിധ രാഷ്ട്രീയ ചിന്താധാരകളെയും സംബന്ധിച്ച് പുതിയ തലമുറയില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് പാഠശാല പകര്‍ന്നത്. ഇന്ത്യന്‍ ഭരണഘടന, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും നായകരും, ബഹുസ്വരത, ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സമ്പ്രദായം, ഫാസിസം, മുന്നണി രാഷ്ട്രീയം, കേരളീയ നവോത്ഥനം, തീവ്രവാദത്തിന്റെ ഭവിഷ്യത്തുകള്‍, ജനാധിപത്യ ശാസ്ത്രീകരണം തുടങ്ങിയ വിവിധ വിഷയങ്ങള്‍ സിലബസ്സിന്റെ ഭാഗമായിരുന്നു. പഞ്ചായത്ത് തലത്തില്‍ ആണ് പാഠശാല സംഘടിപ്പിച്ചത്.

മുസ്ലിം ലീഗ് സ്ഥാപക നേതാവും മുന്‍ സ്പീക്കറുമായ സീതി സാഹിബിന്റെ നാമത്തിലായി നടന്ന പാഠശാലയുടെ ആദ്യ ബാച്ചിന്റെ കോണ്‍വൊക്കേഷന്‍ ആണ് നടന്നത്. പാഠശാല ജില്ല തല കോർഡിനേറ്റർമാരിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച മലപ്പുറം ജില്ല കോർഡിനേറ്റർ എൻ. കെ അഫ്സൽ റഹ്‌മാൻ, കാസർഗോഡ് ജില്ല കോർഡിനേറ്റർ നൂറുദ്ദീൻ ബെളിഞ്ച എന്നിവരെ പരിപാടിയിൽ വെച്ച് അനുമോദിച്ചു. കോഴ്‌സ് പൂര്‍ത്തീകരിച്ച പഠിതാക്കള്‍ക്ക് പുറമേ സംസ്ഥാന കമ്മിറ്റി നല്‍കിയ നാല് റിഫ്രഷ്‌മെന്റ് കോഴ്‌സ്‌കളില്‍ പങ്കെടുത്ത ഫാക്കല്‍റ്റി അംഗങ്ങള്‍ക്കും, പാഠശാലയുടെ ആറ് ക്ലാസ്സുകളും പൂര്‍ത്തീകരിച്ച വിവിധ തലങ്ങളിലെ ഒബ്‌സര്‍വര്‍മാര്‍ക്കും മെഡലും സര്‍ട്ടിഫിക്കറ്റും നല്‍കി. ക്ലാസ്സ് പുൂര്‍ത്തീകരിച്ച പഞ്ചായത്ത്, മണ്ഡലം കമ്മറ്റികളെ ആദരിക്കുകയും ചെയ്തു.

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷററും സീതി സാഹിബ് അക്കാദമിയ പാഠശാല സംസ്ഥാന കോര്‍ഡിനേറ്ററുമായ പി. ഇസ്മായില്‍ സ്വാഗതം പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് ദേശിയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി.പി അഷ്‌റഫലി, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ ഫൈസല്‍ ബാഫഖി തങ്ങള്‍, അഷറഫ് എടനീര്‍, കെ.എ മാഹീന്‍, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍ പ്രസംഗിച്ചു. മിസ്ഹബ് കീഴരിയൂര്‍, ടി. മൊയ്തീന്‍ കോയ, അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, പി.സി നസീര്‍, എം.പി നവാസ്, സി.എച്ച് ഫസല്‍, ശരീഫ് കുറ്റൂര്‍ സംബന്ധിച്ചു.

webdesk13: