അഡ്വ. കെ.എ ലത്തീഫ്
നിക്ഷ്പക്ഷവും സ്വതന്ത്രവുമായ ജുഡീഷ്യറിക്കുമുകളില്‍ സ്വാധീനം ഉറപ്പിക്കാനും അതുവഴി മഹത്തായ ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറ ഇളക്കാനുമുള്ള ശ്രമം ഭയാനകമാംവിധം ശക്തിപ്രാപിക്കുന്നു എന്നതിന്റെ അവസാനത്തെ ഉദാഹരണങ്ങളാണ് സുപ്രീംകോടതി മുമ്പാകെ ഉള്ള ജഡ്ജി നിയമന കേസില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലവും ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് രാജ്യസഭ അധ്യക്ഷനും രാജ്യത്തിന്റെ വൈസ് പ്രസിഡണ്ടുമായ ജഗദീപ് ധന്‍കറിന്റെ വിവാദമായ പ്രസംഗവും. സുപ്രീം കോടതികളിലും ഹൈക്കോടതികളിലുമുള്ള ജഡ്ജി നിയമനത്തിനുള്ള കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധികൂടി ഉണ്ടാവണം എന്നാണ് കേന്ദ്രം ജഡ്ജി നിയമന കേസില്‍ സുപ്രീംകോടതി മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുള്ളത്.
നേരത്തെ ജഡ്ജി നിയമനത്തിലെ കൊളീജിയം സിസ്റ്റം അവസാനിപ്പിക്കാന്‍ പാര്‍ലിമെന്റ് പാസാക്കിയ നിയമത്തെ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചതും കൊളീജിയം സമ്പ്രദായം നിലനിര്‍ത്തിയതും സുപ്രീം കോടതിയാണ്. എന്നാല്‍ അതേ ആവശ്യം തന്നെയാണ് ഇപ്പോഴും നിയമ മന്ത്രിയും സര്‍ക്കാറും ഉയര്‍ത്തികൊണ്ട്‌വരുന്നത്. ഈ പശ്ചാത്തലത്തില്‍നിന്ന് വേണം ഉപരാഷ്ട്രപതിയുടെ രാജസ്ഥാന്‍ വിധാന്‍സഭയില്‍ നടന്ന 83 ാമത് അഖിലേന്ത്യ പ്രിസൈഡിങ് ഓഫീസര്‍മാരുടെ സമ്മേളനത്തിലെ പ്രസംഗം വിശകലനം ചെയ്യേണ്ടത്. ജനാധിപത്യ സംവിധാനത്തില്‍ പാര്‍ലിമെന്റാണ് പരമാധികാര സഭയെന്നും പാര്‍ലിമെന്റ് പാസാക്കുന്ന നിയമങ്ങളെ അസാധുവാക്കുന്ന സുപ്രീംകോടതി നടപടി ജനങ്ങളുടെ പരമാധികാര സഭയായ പാര്‍ലിമെന്റിനെ ശോഷിപ്പിക്കുന്ന നടപടിയാണ് എന്നുമാണ് അദ്ദേഹം പ്രസംഗിച്ചത്.
ഇക്കഴിഞ്ഞ ഡിസംബറില്‍ രാജ്യസഭ അധ്യക്ഷനായി ചുമതല ഏറ്റ ശേഷം നടത്തിയ പ്രസംഗത്തിലും സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലെയും ന്യായാധിപന്മാരുടെ നിയമനവുമായി ബന്ധപ്പെട്ട് 2015ല്‍ പാര്‍ലമെന്റ് പാസാക്കിയ ചമശേീിമഹ ഖൗറശരശമഹ അുുീശിാേലി േ(ഖചഅഇ) അര േറദ്ദാക്കിയ സുപ്രീം കോടതി വിധിയെ അതിരൂക്ഷമായി വിമര്‍ശിക്കുകയും പ്രസ്തുത വിധി ജനഹിതത്തിന് എതിരായിരുന്നു എന്നുവരെ പറയുകയുണ്ടായി. രാജസ്ഥാന്‍ നിയമസഭഹാളില്‍ നടന്ന സമ്മേളനത്തില്‍ ഇന്ത്യന്‍ ഭരണഘടനയില്‍ ഏത് വിധത്തിലുള്ള ഭേദഗതിയും വരുത്താന്‍ പാര്‍ലിമെന്റിന് അധികാരമുണ്ടെന്നും ജനാധിപത്യത്തില്‍ പരമാധികാര സഭയായ പാര്‍ലിമെന്റിന്റെ അധികാരത്തിന് മുകളില്‍ കടന്ന്കയറാന്‍ ജുഡീഷ്യറിക്ക് യാതൊരു അധികാരവും ഇല്ലെന്നും അതുകൊണ്ട്തന്നെ 1973ല്‍ സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ചിന്റെ കേശവാനന്ദ ഭാരതി കേസിലെ ഭൂരിപക്ഷ വിധി തെറ്റായിരുന്നു എന്നും അത് ഇന്ത്യാ മഹാരാജ്യത്ത് തെറ്റായ കീഴ്‌വഴക്കത്തിന് ആരംഭം കുറിച്ചതായും അദ്ദേഹം പറയുകയുണ്ടായി.
എന്തുകൊണ്ടാണ് ഉപരാഷ്ട്രപതിയും രാജ്യസഭ ചെയര്‍മാനുമായ വലിയ ഭരണഘടന പദവി വഹിക്കുന്ന ആള്‍ ഇത്രമാത്രം പ്രകോപിതനായി സംസാരിച്ചത്. സംഘ്പരിവാര്‍ ആശയങ്ങളുടെ പൂര്‍ത്തീകരണത്തിന് തടസ്സമാവുന്ന സ്വതന്ത്ര ജുഡീഷ്യറി രാജ്യത്ത് ഉണ്ടാവാന്‍ പാടില്ല എന്ന ബോധപൂര്‍വമായ തീരുമാനത്തിന്റ ഭാഗമായി തന്നെയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സുപ്രീംകോടതിയും ഗവണ്‍മെന്റും ജഡ്ജി നിയമന രീതിയുമായി ബന്ധപ്പെട്ട് അസാധാരണമായ അസ്വാരസ്യത്തിലാണ്. ജഡ്ജിമാരുടെ നിയമന അധികാരം കവര്‍ന്നെടുക്കാന്‍ ഭരണകൂടം നടത്തിയ നീക്കമായിരുന്നു 2014ലെ നാഷനല്‍ ജുഡീഷ്യല്‍ അപ്പോയ്‌മെന്റ് കമ്മിറ്റി നിയമവും അതിന് വേണ്ടിയുള്ള 99ാമത് ഭരണഘടന ഭേദഗതി നിയമവും. പ്രസ്തുത നിയമത്തിലൂടെ നിലവിലുള്ള ജഡ്ജി നിയമന കൊളീജിയം സംവിധാനം തകര്‍ത്ത് ന്യായാധിപര്‍ക്കൊപ്പം ഭരണകൂടം തീരുമാനിക്കുന്നവരെകൂടി ഉള്‍പ്പെടുത്തി ജഡ്ജി നിയമനത്തില്‍ എക്‌സിക്യൂട്ടീവിന്റെ രംഗപ്രവേശംകൂടി സാധ്യമാക്കാനായിരുന്നു സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍ പ്രസ്തുത നിയമം സുപ്രീംകോടതി 2016ല്‍ ഭരണഘടനാവിരുദ്ധമായും അസാധുവുമായി പ്രഖ്യാപിക്കുകയുണ്ടായി. അവിടെ നിന്ന് ഇങ്ങോട്ട് ഭരണകൂടം സുപ്രീംകോടതിയെ വെല്ലുവിളിക്കുന്ന രൂപത്തിലാണ് പ്രതികരിച്ചത്.
സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജി നിയമനങ്ങളിലും സ്ഥലം മാറ്റങ്ങളിലും സുപ്രീംകോടതി കൊളീജിയം നല്‍കുന്ന ശുപാര്‍ശകള്‍ക്ക് മുകളില്‍ മാസങ്ങളോളം അടയിരിക്കുന്ന സര്‍ക്കാര്‍ പ്രവണത സുപ്രീംകോടതിയെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. സുപ്രീം കോടതി കൊളീജിയം അയച്ച പട്ടിക പരിഗണിക്കാതെ ഗവണ്‍മെന്റ് തിരിച്ചയക്കുകയും പ്രസ്തുത പട്ടികതന്നെ സുപ്രീം കോടതി കൊളീജിയം രണ്ടാമതും മൂന്നാമതും ഗവണ്‍മെന്റിലേക്ക് അയക്കുകയും ചെയ്താല്‍ യാതൊരു വിമുഖതയും കാണിക്കാതെ കൊളീജിയം ശുപാര്‍ശ അംഗീകരിച്ച് ഉത്തരവിറക്കുക എന്നത് കീഴ്‌വഴക്കവും ജനാധിപത്യബോധവുമുള്ള സര്‍ക്കാരിന്റെ ബാധ്യതയുമാണ്. എന്നാല്‍ ആ കീഴ്‌വഴക്കം അടിമേല്‍മറിക്കാനും ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഇംഗിതത്തിന് അനുസരിച്ച് ജഡ്ജി നിയമനം മാറ്റിയെടുക്കാനുമുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
രണ്ട് തവണയാണ് സുപ്രീംകോടതി കൊളീജിയം കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജിയായി അഡ്വ. നാഗേന്ദ്രരാമചന്ദ്രനായിക്കിനെ നിയമിക്കാനുള്ള ശുപാര്‍ശ സര്‍ക്കാരിലേക്ക് അയച്ചത്. 2023 ജനുവരി 10ന് ചേര്‍ന്ന സുപ്രീംകോടതി കൊളീജിയം വീണ്ടും ഈ ആവശ്യം ഉന്നയിച്ചിരിക്കുകയാണ്. അതോടൊപ്പം മറ്റ് അഞ്ച് ഹൈക്കോടതികളിലെ 8 ന്യായാധിപന്മാരുടെ നിയമന ശുപാര്‍ശയും കൊളീജിയം കേന്ദ്ര സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. നാഗേന്ദ്ര രാമചന്ദ്രനായിക്കിനെ 2019 ഒക്‌ടോബര്‍ 3നാണ് കൊളീജിയം ആദ്യമായി ശുപാര്‍ശ ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശ മടക്കിയെങ്കിലും 2021 മാര്‍ച്ച് 2നും 2021 സെപ്തംബര്‍ ഒന്നിനും വീണ്ടും കൊളീജിയം ആവര്‍ത്തിച്ചു ആവശ്യപ്പെട്ടു. 2022 നവംബറില്‍ നാഗേന്ദ്ര രാമചന്ദ്രനായിക്ക് ഉള്‍പ്പെടെയുള്ള കൊളീജിയം ശുപാര്‍ശ ചെയ്ത 19 പേരുടെ പട്ടികയാണ് കേന്ദ്രസര്‍ക്കാര്‍ മടക്കിയത്.
ലജിസ്‌ലേച്ചറും എക്‌സിക്യൂട്ടീവും ജുഡീഷ്യറിയുമാണ് ജനാധിപത്യത്തിന്റെ മൂന്ന് തൂണുകള്‍. ഈ തൂണുകളെ താങ്ങി നിര്‍ത്തുന്ന അടിത്തറ ഭരണഘടനയാണ്. ആ അടിത്തറ ഭദ്രമായിരിക്കണം എന്ന ഭരണഘടന ശില്‍പികളുടെ ആഗ്രഹത്തിന്റെ നിര്‍വചനമാണ് കേശവാനന്ദ ഭാരതി കേസിന്റെ വിധിയിലൂടെ പുറത്ത്‌വന്നത്. കേശവാനന്ദ ഭാരതി കേസിലെ വിധിന്യായം ഭരണഘടനയെ സ്‌നേഹിക്കുന്ന ഓരോ ഇന്ത്യക്കാരനും വിശിഷ്യാ മത-ഭാഷ-ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ക്കും നല്‍കിയ ആത്മവിശ്വാസം വളരെ വലുതാണ്. വ്യക്തി എന്ന നിലയില്‍ തന്റെ കീഴിലുള്ള മഠത്തിന് അവകാശപ്പെട്ട മിച്ചഭൂമി ഭൂ പരിഷ്‌കരണ നിയമത്തെതുടര്‍ന്ന് നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കി എടുക്കാന്‍ കേശവാനന്ദ ഭാരതിക്ക് സാധിച്ചില്ലെങ്കിലും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയില്‍ മാറ്റം വരുത്തുന്ന ഭേദഗതികള്‍ പാര്‍ലിമെന്റിന് അസാധ്യമാണെന്ന് മേല്‍ കേസില്‍ ഭരണഘടനാബെഞ്ചിന്റെ ഭൂരിപക്ഷ വിധിയില്‍ വ്യക്തമായി പറയുകയുണ്ടായി. ജുഡീഷ്യറിയെ നിയന്ത്രിക്കാനുള്ള എക്‌സിക്യൂട്ടീവിന്റെ ശ്രമത്തിന്‌മേല്‍ വിധി ന്യായം തടസ്സമാണ് എന്ന തിരിച്ചറിവില്‍ നിന്ന് തന്നെയാണ് ഉപരാഷ്ട്രപതി പ്രകോപിതനാവുന്നത്. എത്രമാത്രം അപകടകരമായ പ്രസ്താവനയാണ് ഉപരാഷ്ട്രപതി നടത്തിയത് എന്ന് ഒരു മുഖ്യധാര മാധ്യമവും ചര്‍ച്ച ചെയ്തില്ല.
ഇന്ത്യ എന്ന വിശാലമായ രാജ്യത്ത് ജാതി-മത-വര്‍ഗ-വര്‍ണ-ഭാഷാ വൈജാത്യങ്ങള്‍ക്ക് അതീതമായി പൗരന് അവസര സമത്വവും തുല്യനീതിയും ചിന്ത-ആവിഷ്‌കാര-വിശ്വാസ-ആരാധന സ്വാതന്ത്ര്യവും സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ നീതിയും ഉറപ്പ്‌വരുത്തുക എന്നതാണ് ഭരണഘടനയുടെ കാതല്‍. മേല്‍പറഞ്ഞവയും ഭരണഘടനയുടെ ആമുഖത്തില്‍ വിശദീകരിച്ചിട്ടുള്ള ഉദ്ദേശ ലക്ഷ്യങ്ങളും തന്നെയാണ് ഭരണഘടനയുടെ അടിസ്ഥാന ഘടന. ഈ അടിസ്ഥാന ഘടനയില്‍ മാറ്റം വരുത്താന്‍ ഒരു പാര്‍ലിമെന്റിനും ഭരണകൂടത്തിനും അവകാശമില്ല. അതുകൊണ്ട് തന്നെയാണ് ഹിന്ദുത്വവാദികള്‍ ഒരിക്കലും അംഗീകരിക്കാത്ത ഭരണഘടനയിലെ പരമാധികാര (ടീ്‌ലൃലശഴി) സ്ഥിതിസമത്വ (ീെരശമഹശാെ) മതേതരത്വ (ടലരൗഹമൃ) ജനാധിപത്യ (ഉലാീരൃമര്യ) റിപ്പബ്ലിക്ക് എന്ന ഘടകം അതേപടി നിലനില്‍ക്കുന്നത്. എസ്.ആര്‍ ബൊമ്മെ കേസില്‍ മേല്‍ഘടകങ്ങള്‍ കൂടാതെ ജുഡീഷ്യല്‍ റിവ്യുവും ഭരണഘടനയുടെ അടിത്തറയാണെന്ന് അസന്നിഗ്ധമായി പറയുകയുണ്ടായി. എന്നാല്‍ ഇത്തരം വിധിന്യായങ്ങളെ മറികടന്ന് അതിര് കടക്കുന്ന പാര്‍ലിമെന്റ് ഏകാധിപത്യത്തിന് മൂക്ക്കയറിടുന്ന ‘ജൂഡീഷ്യല്‍ റിവ്യു’ എന്ന സുപ്രീംകോടതിയുടെ അധികാരം പോലും എടുത്തുമാറ്റേണ്ടതുണ്ട് എന്നതാണ് ഉപരാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ കാതല്‍. അദ്ദേഹം പറയുന്നത് ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട പാര്‍ലിമെന്റ് പാസാക്കുന്ന നിയമങ്ങളെ പരിശോധിക്കാനുള്ള അവകാശം ജുഡീഷ്യറിക്ക് ഇല്ല എന്നാണ് ചഖഅഇ ആക്ട്, കേശവാനന്ദഭാരതി കേസ് എന്നിവയുടെ വിധിന്യായം ഒക്കെയാണ് അദ്ദേഹം എടുത്ത് ഉദ്ധരിച്ചത്. ജനാധിപത്യമാര്‍ഗത്തില്‍ രൂപംകൊണ്ട പാര്‍ലിമെന്റ് എന്നത് എന്ത് തെമ്മാടിത്തരവും കാണിക്കാനുള്ള സ്ഥാപനമാണ് എന്ന് ധരിച്ചു വെക്കുന്നത്തന്നെ ഏറ്റവും വലിയ അപകടമാണ്. ജഡ്ജി നിയമന കേസിന്റെ വാദത്തിനിടയില്‍ കൊളീജിയം ശുപാര്‍ശ നടപ്പിലാക്കുന്നത് വൈകിപ്പിക്കുന്നതില്‍ സുപ്രീംകോടതിക്കുള്ള ഉത്കണ്ഠ സര്‍ക്കാരിനെ അറിയിക്കണം എന്ന് സുപ്രീംകോടതി അറ്റോര്‍ണി ജനറലിനോട് പറഞ്ഞതിലും ഉപരാഷ്ട്രപതി ആശ്ചര്യം രേഖപ്പെടുത്തുന്നുണ്ട്. ലെജിസ്ലേച്ചറിനെ ശോഷിപ്പിക്കുന്ന പ്രവര്‍ത്തനമാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശമെന്നും അതിന് കൂട്ടുനില്‍ക്കാന്‍ തനിക്കാവില്ല എന്നും പറയുന്ന അദ്ദേഹം സുപ്രീംകോടതിയെ പരിഹസിക്കുന്നുമുണ്ട്. പാര്‍ലിമെന്റാണ് പരമാധികാരി എന്ന് ധനകറിന്റെ കാഴ്ചപ്പാടിനെ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. പാര്‍ലിമെന്റ് അല്ല ഭരണഘടനയാണ് പരമാധികാരി എന്ന് അദ്ദേഹം പറഞ്ഞു. നാളെ ബി.ജെ.പി ഗവണ്‍മെന്റിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷവും പകുതിയില്‍ അധികം സംസ്ഥാനങ്ങളിലെ ഭരണവും ലഭിച്ചാല്‍ ഭരണഘടനയെ ആകെ മാറ്റിമറിക്കാന്‍ ആവുമോ. രാജ്യത്തിന്റെ മതേതര ജനാധിപത്യ-പരമാധികാര റിപ്പബ്ലിക്ക് എന്ന സങ്കല്‍പ്പം എടുത്ത് മാറ്റി രാജ്യം ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കാനോ അല്ലെങ്കില്‍ പാര്‍ലിമെന്റിന്റെ കാലാവധി അഞ്ച് വര്‍ഷം എന്നത് മാറ്റി പത്തോ ഇരുപതോ വര്‍ഷത്തേക്ക് നീട്ടി ആജീവനാന്ത ബി.ജെ.പി ഭരണത്തിന് കളമൊരുക്കാനേ സാധിക്കുമോ പാര്‍ലിമെന്റ് ഐകകണ്‌ഠ്യേന വിചാരിച്ചാലും അത് സാധിക്കില്ല. കാരണം അത് ഭരണഘടനയുടെ അടിസ്ഥാന ഘടനക്ക് എതിരാണ്. അത്തരം ഭരണഘടന ഭേദഗതികളെ തിരുത്താന്‍ ഇന്ത്യക്ക് മഹത്തായ ജുഡീഷ്യറി നിലവിലുണ്ട്. ആ ജുഡീഷ്യറിയെ തകര്‍ത്ത് ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ കൊളീജിയവുമായുള്ള ഏറ്റ്മുട്ടലും ഉപരാഷ്ട്രപതിയുടെ ജയ്പൂര്‍ പ്രസംഗവും.