X

തലശ്ശേരി ഫസല്‍വധക്കേസില്‍ തുടരന്വേഷണമില്ല

കൊച്ചി: തലശ്ശേരിയിലെ ഫസല്‍ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ നല്‍കിയ ഹര്‍ജി സി.ബി.ഐ കോടതി തള്ളി. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ സുബീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം തുടരന്വേഷണം നടത്താനാകില്ലെന്ന് കോടതി പറഞ്ഞു.

സുബീഷ് പോലീസിന് കൊടുത്ത മൊഴിയും പോലീസിന്റെ കണ്ടെത്തലും തമ്മില്‍ വൈരുദ്ധ്യമുണ്ട്. മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം തുടരന്വേഷണം നടത്താന്‍ കഴിയില്ല. കുറ്റപത്രത്തില്‍ നിന്ന് വ്യത്യസ്ഥമാണ് മൊഴി. പോലീസിന്റെ മുമ്പില്‍ ഒരു പ്രതി നല്‍കുന്ന മൊഴിക്ക് നിയമസാധുതയില്ലെന്നും ആ മൊഴി കണക്കിലെടുത്ത് പുനരന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഫസലിനെ കൊലപ്പെടുത്തിയത് താനും കൂട്ടുകാരുമാണെന്ന് ആര്‍.എസ്.എസ് നേതാവിനോട് സുബീഷ് പറയുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം സുബീഷ് സി.ബി.ഐ കോടതിയില്‍ നിഷേധിച്ചിരുന്നു. കേസിലെ പ്രതികള്‍ സി.പി.എം പ്രവര്‍ത്തകരാണെന്നാണ് സി.ബി.ഐ കണ്ടെത്തല്‍. നാട്ടില്‍ കലാപമുണ്ടാക്കാനുള്ള ശ്രമമായിരുന്നുവെന്നുമാണ് സി.ബി.ഐ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഫസലിന്റെ സഹോദരന്‍ ഇതിനെതിരെ രംഗത്തെത്തുകയും അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ചൂണ്ടിക്കാട്ടി തുടരന്വേഷണത്തിന് ഹര്‍ജി നല്‍കുകയുമായിരുന്നു.

chandrika: