X

ഫാറൂഖ് കോളേജ് സ്ഥാപകൻ്റെ കുടുംബത്തിൽ നിന്ന് തന്നെ പ്രഥമ വനിതാ പ്രിൻസിപ്പലെത്തുന്നത് ചരിത്ര നിയോഗം

ഷെരീഫ് സാഗർ

”അന്ന് ഞാൻ മദ്രാസ് മുഹമ്മദൻസ് ആർട്‌സ് കോളേജിൽ പ്രൊഫസറായിരുന്നു. മുഹമ്മദ് ഇസ്മാഈൽ സാഹിബും ബി. പോക്കർ സാഹിബും കൂടി എന്നെ സമീപിച്ച് ഫാറൂഖ് കോളേജിന്റെ പ്രിൻസിപ്പൽ ആകണമെന്ന് ആവശ്യപ്പെട്ടു. മൂന്നിലകം ഹൗസിൽ കോളേജിന്റെ ഒന്നാമത്തെ പ്രവൃത്തി ദിവസം തന്നെ ഞാൻ പ്രിൻസിപ്പലായി ചാർജ്ജെടുത്തു. 1948 സെപ്തംബർ 15നായിരുന്നു അത്. ഇന്റർമീഡിയറ്റിന് ഇരുപത്തെട്ടും ബി.എക്ക് നാലും കൂട്ടി 32 കുട്ടികളും ഏഴ് അധ്യാപകരുമാണ് അന്നുണ്ടായിരുന്നത്”.

ഫാറൂഖ് കോളേജിന്റെ ആദ്യത്തെ പ്രിൻസിപ്പൽ സെയ്ദ് മൊഹിദീൻ ഷാ സാഹിബ് എഴുതിയ വരികളാണിത്. വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട പ്രിൻസിപ്പലായിരുന്നു അദ്ദേഹം. അഞ്ച് വർഷത്തെ ഡെപ്യൂട്ടേഷനിൽ എത്തിയ അദ്ദേഹത്തെ കാലാവധിക്ക് ശേഷവും നിലനിർത്താൻ വിദ്യാർത്ഥികൾ പ്രക്ഷോഭം നടത്തിയിരുന്നു. 1948 ഓഗസ്റ്റ് 12ന് സ്ഥാപിതമായ ഫാറൂഖ് കോളേജിൽ ഔദ്യോഗികമായി ക്ലാസ്സുകൾ തുടങ്ങുന്നത് സെപ്തംബർ 15നാണ്. ഓരിക്കുറുക്കന്മാർ മേയുന്ന വിജനമായ കുന്നിൽ ഫാറൂഖ് കോളേജ് സ്ഥാപിക്കുന്നതിനായി മുൻഗാമികൾ സഹിച്ച ത്യാഗം വളരെ വലുതായിരുന്നു. ഒരു സ്വപ്‌നം പോലെ ഓർത്തെടുക്കാവുന്ന ചരിത്രസന്ധികളിലൂടെയാണ് ഫാറൂഖ് കോളേജ് കടന്നുപോയത്. അലാവുദ്ദീന്റെ അത്ഭുതവിളക്കിൽ ഊതിയപ്പോൾ ഉണ്ടായ വിസ്മയമായിരുന്നില്ല അത്. ഞെക്കുവിളക്ക് പോലുമില്ലാത്ത കാലത്ത് ചൂട്ടും ചിമ്മിനി വിളക്കുമായി ഇരുട്ടിൽനിന്ന് വെളിച്ചത്തെ കീറിയുണ്ടാക്കിയ കഥയാണ്. പുളിയാളി അബ്ദുല്ലക്കുട്ടി ഹാജി ഫാറൂഖ് കോളേജിന് ദാനം ചെയ്ത കുന്നിലേക്ക് ഒരു ദിവസം വൈകുന്നേരം യാത്രതിരിച്ച കഥ സി.എൻ അഹമ്മദ് മൗലവി പറയുന്നുണ്ട്. ബസ്സിൽ അടുത്തിരിക്കുന്ന വ്യക്തി വെപ്രാളത്തോടെ ഈ സമയത്ത് അങ്ങോട്ട് പോകരുതെന്ന് പറഞ്ഞ് മൗലവിയെ രാമനാട്ടുകരയിലുള്ള സ്വന്തം വീട്ടിൽ പാർപ്പിച്ച കഥ. പിറ്റേന്നാണ് മൗലവി കുന്നിൻ മുകളിലേക്ക് പോയത്.

1948ൽ സ്ഥാപിതമായ ഫാറൂഖ് കോളേജിന്റെ പടികടന്ന് ഒരു പെൺകുട്ടി കയറി വരാൻ പിന്നെയും ഒമ്പത് വർഷം കാത്തിരിക്കേണ്ടി വന്നു. 1957ലാണ് ആ അത്ഭുതം സംഭവിച്ചത്. 1959ൽ ആകെ 13 പെൺകുട്ടികളാണ് പ്രവേശനം നേടിയത്. അതിൽ ഒരാൾ മാത്രമായിരുന്നു മുസ്‌ലിം. മലപ്പുറം നെടിയിരുപ്പിലെ കെ.വി ജമീലയായിരുന്നു അത്. പ്രൊഫ. കെ.എ ജലീൽ പ്രിൻസിപ്പലായ സമയത്തായിരുന്നു ഇതെല്ലാം. 1979ൽ കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസലറാകുന്നത് വരെ 22 വർഷക്കാലം പ്രൊഫ. കെ.എ ജലീലാണ് പ്രിൻസിപ്പൽ സ്ഥാനം അലങ്കരിച്ചത്. നീണ്ട എഴുപത്തഞ്ച് വർഷങ്ങൾക്ക് ശേഷം, ഈ പ്ലാറ്റിനം ജൂബിലി വർഷത്തിൽ ഫാറൂഖ് കോളേജിൽ മറ്റൊരു ചരിത്രം കൂടി പിറന്നിട്ടുണ്ട്. പ്രിൻസിപ്പൽ ഡോ. കെ.എം നസീർ കാലാവധി പൂർത്തിയാക്കി മടങ്ങുമ്പോൾ ആ സ്ഥാനത്തേക്ക് ഡോ. കെ.എ ആയിഷ സ്വപ്‌ന തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഫാറൂഖ് കോളേജിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രിൻസിപ്പൽ.

രാജാ ഗേറ്റ് കടക്കുന്നവരുടെയെല്ലാം മനസ്സിലേക്ക് വരേണ്ട ഒരു ചിത്രമുണ്ട്. 1947 സെപ്തംബറിൽ മദ്രാസിലെ വിദ്യാഭ്യാസ ഡയരക്ടറെ കാണാൻ വിയർത്തൊലിച്ച് കയറിച്ചെന്ന ഖദർ വസ്ത്രം ധരിച്ച സീതി സാഹിബിന്റെ ചിത്രം. ഡയരക്ടർ അവധിയിൽ ആയതിനാൽ ഡെപ്യൂട്ടി ഡയരക്ടറായ ഡോ. അബ്ദുൽ ഹഖിനെ കാണുകയും മലബാറിൽ ഒരു കോളേജ് സ്ഥാപിക്കാൻ അദ്ദേഹം സീതി സാഹിബിനെ പ്രേരിപ്പിക്കുകയും ചെയ്ത ചരിത്രം. അതായിരുന്നു തുടക്കം. സീതി സാഹിബ് അവിടെനിന്ന് നേരെ പോയത് മൗണ്ട് റോഡിലെ ഗവൺമെന്റ് ഹോസ്റ്റലിലേക്കാണ്. എം.വി ഹൈദ്രോസ് വക്കീലിനെ കാണാൻ. പിന്നെ റൗളത്തുൽ ഉലൂം അസോസിയേഷന്റെ പ്രസിഡന്റ് അബുസ്സബാഹ് മൗലവിക്ക് കമ്പിയടിക്കുന്നു. അധികം വൈകാതെ അദ്ദേഹം മദ്രാസിലേക്ക് വണ്ടികയറുന്നു. ഖാഇദെ മില്ലത്തിനെയും പോക്കർ സാഹിബിനെയും കാണുന്നു. ഖാഇദെ മില്ലത്ത് തന്നെ കോളേജ് തുടങ്ങാനുള്ള അപേക്ഷ നൽകുന്നു. ഖാഇദെ മില്ലത്തിന്റെ അധ്യക്ഷതയിൽ ആദ്യ യോഗം ചേരുന്നു. മദ്രാസ് സർവ്വകലാശാല വൈസ് ചാൻസലർ എ. ലക്ഷ്മണ സ്വാമി മുതലിയാർ എല്ലാ പിന്തുണയും നൽകി കൂടെ നിൽക്കുന്നു. പതിയെപ്പതിയെ ആ സ്വപ്നം യാഥാർത്ഥ്യമാകുന്നു.

ആലുവയിൽ കോളേജുണ്ടാക്കാൻ 1913ൽ തിരുവിതാംകൂർ ദിവാൻ ശൈഖ് ഹമദാനി തങ്ങൾക്ക് എട്ടേക്കർ ഭൂമി സൗജന്യമായി നൽകിയിരുന്നു. 1920കളിൽ വിദ്യാർത്ഥിയായിരിക്കെ ആലുവാ കോളേജിനുവേണ്ടി സീതി സാഹിബ് കേരളമാകെ ഓടിനടന്ന് പ്രസംഗിച്ചു. എന്നിട്ടും പൂർത്തീകരിക്കാൻ സാധിച്ചില്ല. ആ സ്വപ്‌നം പൂവണിയാത്തതിന്റെ നോവ് സീതി സാഹിബിന്റെ മനസ്സിലുണ്ടായിരുന്നു. ഫാറൂഖ് കോളേജ് യാഥാർത്ഥ്യമാക്കാൻ കയ്യും മെയ്യും മറന്ന് ഇറങ്ങിത്തിരിച്ചത് അതുകൊണ്ടാണ്.

സീതിസാഹിബിന്റെ സഹോദരി ആയിഷകുഞ്ഞി സാഹിബയുടെയും അന്നമനട കണ്ടരുമഠത്തിൽ കുഞ്ഞ് മുഹമ്മദ് മേത്തരുടെയും പേരക്കുട്ടിയാണ് ഇപ്പോൾ പ്രിൻസിപ്പലായി ചുമതലയേറ്റ ആയിഷ സ്വപ്ന. ചരിത്രത്തിന്റെ നിയോഗമാണിത്. സീതി സാഹിബിന്റെ സ്വപ്‌ന സാഫല്യം. സ്വപ്‌ന സാഫല്യങ്ങളുടെ നിറവിൽ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ഫാറൂഖ് കോളേജിന് ലഭിച്ച സൗഭാഗ്യങ്ങളിലൊന്നാണ് പുതിയ പ്രിൻസിപ്പൽ ആയിഷ സ്വപ്‌ന. എറണാകുളത്താണ് സ്വദേശം. ഇംഗ്ലീഷ് വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറായിരുന്നു. 2008ലാണ് ഫാറൂഖ് കോളേജിലെത്തിയത്. അതിന് മുമ്പ് വാഴയൂർ സാഫിയിലായിരുന്നു. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ആദ്യകാലത്ത് ആർക്കിടെക്ച്ചറൽ എഞ്ചിനീയറിംഗ് പാസ്സായ അമാനുള്ള സാഹിബിന്റെയും ഫാത്തിമബിയുടെയും മകളാണ്. എറണാകുളം സെന്റ് തെരേസാസ് കോളേജിൽനിന്നും ബിരുദവും മഹാരാജാസ് കോളേജിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയ ആയിഷ സ്വപ്‌ന 2017ൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽനിന്ന് പി.എച്ച്.ഡി നേടി. ജെ.ഡി.റ്റി ഇസ്ലാം കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിന്റെ പ്രിൻസിപ്പൽ ഡോ. ടി.കെ മഖ്ബൂലാണ് ഭർത്താവ്. അദ്‌നാൻ, അഫ്രിൻ എന്നീ രണ്ടു മക്കൾ. ദേശീയ, അന്തർദേശീയ ജേണലുകളിൽ നിരവധി പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മികച്ച സംഘാടകയും പ്രഭാഷകയുമാണ്.

സമുദായത്തിലും സമൂഹത്തിലും വിദ്യാഭ്യാസ വിപ്ലവം സ്വപ്‌നം കണ്ട ഒട്ടനേകം മഹാന്മാരുടെ വിയർപ്പിൽ പടുത്തുയർത്തിയ കലാലയത്തിന്റെ മേധാവി എന്ന നിലയിൽ ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള പ്രിൻസിപ്പലാണ് ആയിഷ. ആയിഷ സ്വപ്‌ന പറയുന്നു. ”സമൂഹം മുന്നോട്ട് കുതിക്കുകയാണ്. മാറ്റങ്ങൾ അനിവാര്യമാണ്. പ്രോഗ്രസ്സീവായ ഒരു മാനേജ്‌മെന്റ് കമ്മിറ്റി ഉള്ളത് കൊണ്ടാണ് ഫാറൂഖ് കോളേജിന് ഇത്രയും മുന്നേറാൻ സാധിച്ചത്. വിദ്യാർത്ഥികൾക്ക് ഉന്നതമായ ഭാവി വാഗ്ദാനം ചെയ്തുകൊണ്ടാണ് ഫാറൂഖ് കോളേജ് അതിന്റെ പ്രവർത്തനത്തെ ക്രമീകരിക്കുന്നത്. മുഴുവൻ അധ്യാപകരുടെയും അനധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെ ഫാറൂഖ് കോളേജിനെ ഉന്നതിയിലെത്തിക്കാൻ ശ്രമിക്കും. പുതിയ ടെക്‌നോളജിയെ ഉൾക്കൊണ്ടു കൊണ്ടാണ് ലൈബ്രറി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ മുന്നോട്ട് പോകുന്നത്. വിദ്യാർത്ഥികളുടെ ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരാൻ സൗകര്യപ്പെടുന്ന കോഴ്‌സുകൾ ഡിസൈൻ ചെയ്യാനും കലാ, സാഹിത്യ മേഖലകളെ പ്രോത്സാഹിപ്പിക്കാനും ഫാറൂഖ് കോളേജ് പ്രതിജ്ഞാബദ്ധമാണ്”.

പുതിയ കാലത്തെ വിദ്യാർത്ഥികളെ കുറിച്ചും അവർക്ക് പറയാനുണ്ട്. ”ന്യൂ ജെൻ വിദ്യാർത്ഥികൾ മൊബൈലിൽ ഒതുങ്ങുന്നവരല്ല. അവർ വളരെ ലൈവാണ്. നമ്മൾ വിചാരിക്കുന്നതിനേക്കാൾ മുന്നിലാണ് കുട്ടികൾ. ഫാറൂഖ് കോളേജ് വിദ്യാർത്ഥികളെ ജാതിയുടെയോ മതത്തിന്റെയോ ജെന്ററിന്റെയോ പേരിൽ വേർതിരിച്ച് നിർത്തുന്നില്ല. എല്ലാവർക്കും തുല്യാവസരങ്ങൾ നൽകാനും അവരെ ഓരോരുത്തരെയും ഉന്നതിയിൽ എത്തിക്കാനുമാണ് ഞങ്ങൾ ശ്രമിക്കുന്നത്. സമൂഹത്തിലെ പെൺകുട്ടികളിൽ മാറ്റം വരുന്നത് ആ പെൺകുട്ടിയുടെ കുടുംബത്തിന് വരുന്ന മാറ്റം കൊണ്ടാണ്. എല്ലാ അർത്ഥത്തിലും ഇതൊരു പ്രതീക്ഷയുടെ കാലമാണ്”.

2009ൽ മൈനോരിറ്റി പദവി നേടിയ ഫാറൂഖ് കോളേജ് 2015ൽ സ്വയംഭരണ സ്ഥാപനമായി മാറുകയും പല തവണ നാക് അക്രഡിറ്റേഷൻ നേടുകയും ചെയ്തു. കാലത്തിന്റെ വെല്ലുവിളികളെ നേരിട്ടുകൊണ്ട് ഫാറൂഖ് കോളേജ് മുന്നേറ്റം തുടരുകയാണ്. മുസ്‌ലിംലീഗ് നേതാക്കളുടെ സ്വപ്‌നത്തോടൊപ്പം ചന്ദ്രിക ദിനപത്രവും ഫാറൂഖ് കോളേജിന്റെ വളർച്ചക്കു വേണ്ടി കോളങ്ങൾ നീക്കിവെച്ചു. ‘ഫാറൂഖ് കോളേജ് ഫണ്ടിലേക്ക് നിങ്ങൾക്ക് കഴിയുന്ന ഏറ്റവും വലിയ സംഖ്യ ഇന്നു തന്നെ അയക്കുക. മാപ്പിള സമുദായത്തിന്റെ ഭാവി നിങ്ങൾ നൽകുന്ന ഓരോ ഉറുപ്പികയെയും ആശ്രയിച്ചിരിക്കുന്നു’. സി.എച്ചിന്റെ പ്രത്യേക താൽപര്യ പ്രകാരം എം.വി ഹൈദ്രോസ് വക്കീലിന്റെ പേരിൽ തികച്ചും സൗജന്യമായി ചന്ദ്രിക പ്രസിദ്ധീകരിച്ച പരസ്യവാചകങ്ങൾ ഇങ്ങനെയായിരുന്നു.

കോളേജ് തുടങ്ങുന്നതും അഡ്മിഷൻ കാര്യങ്ങളുമെല്ലാം ചന്ദ്രികയിലൂടെ വായിച്ചറിഞ്ഞ് നിരവധി പേർ ഫാറൂഖാബാദിലെത്തിയിരുന്നു. അവരെല്ലാം പിൽക്കാലത്ത് ഉയർന്ന പദവികൾ നേടി. ഫാറൂഖ് കോളേജിന് സംഭാവന നൽകുന്നവരുടെ പേര് വിവരങ്ങൾ അക്കാലത്ത് ചന്ദ്രിക പ്രസിദ്ധീകരിച്ചിരുന്നു. കൂടുതൽ ഉദാരമതികൾ ഫാറൂഖ് കോളേജിനെ സഹായിക്കാൻ രംഗത്തുവരുന്നത് ഇതിന്റെ ഭാഗമായിട്ടാണ്. മലബാർ ജില്ലാ മുസ്‌ലിംലീഗിന്റെ സെക്രട്ടറി കൂടിയായ കെ.എം സീതി സാഹിബിന്റെ താൽപര്യ പ്രകാരം പാർട്ടി ഫണ്ടിൽനിന്ന് 25,000 രൂപയും പാർട്ടിയുടെ പേരിൽ ആകെയുണ്ടായിരുന്ന ഒരു കാറും കോളേജിന് നൽകി.

മരിക്കുന്നത് വരെ ഫാറൂഖ് കോളേജിന്റെ സെക്രട്ടറിയായിരുന്ന സീതി സാഹിബ് സി.എച്ചിനോട് പറഞ്ഞ അവസാനത്തെ കാര്യം ഫാറൂഖ് കോളേജിനെക്കുറിച്ചായിരുന്നു. സി.എച്ച് എഴുതുന്നു. ”സീതി സാഹിബിന് ഫാറൂഖ് കോളേജ് എന്നു പറഞ്ഞാൽ ജീവനായിരുന്നു. എപ്പോൾ കണ്ടാലും കോളേജിനെപ്പറ്റി സംസാരിക്കണം. അദ്ദേഹം സ്പീക്കറും ഞാൻ നിയമസഭാ പാർട്ടി നേതാവുമായിരുന്ന കാലത്ത് ഞങ്ങൾ തമ്മിൽ നടന്ന അവസാനത്തെ സംഭാഷണം കോളേജിനെപ്പറ്റി ആയിരുന്നു. കോളേജ് വക മുനമ്പത്തുള്ള സ്വത്ത് ചില പി.എസ്.പിക്കാർ കയ്യേറിയിരുന്നു. അവിടെനിന്ന് അവരെ ഇറക്കുന്നതിനെപ്പറ്റി മന്ത്രിമാരുമായി സംസാരിക്കാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. ഇതുസംബന്ധമായി സംസാരിക്കാൻ അന്ന് പ്രിൻസിപ്പൽ ആയിരുന്ന ജലീൽ സാഹിബ് തിരുവനന്തപുരത്ത് വന്നിരുന്നു. ഇതിനു ശേഷം മറ്റൊരു കാര്യത്തെപ്പറ്റിയും സീതി സാഹിബ് എന്നോട് സംസാരിച്ചിട്ടില്ല”.

കേൾവിയും കേൾപ്പോരുമില്ലാത്ത ഒരു ജനതയുടെ അതിജീവനത്തിനു വേണ്ടി മരണക്കിടക്കയിൽ പോലും സ്വപ്നങ്ങൾ നെയ്ത സീതി സാഹിബിനെ പോലുള്ള മഹാന്മാരുടെ പാദസ്പർശമേറ്റ് അനുഗൃഹീതമായ മണ്ണാണ് ഫാറൂഖാബാദ്. അവർ പാകിയ വിത്തുകളാണ് മുളച്ചുപൊന്തി വൃക്ഷങ്ങളായി സമൂഹത്തിന് തണലേകി നിൽക്കുന്നത്. നിറം മങ്ങാത്ത ആ ഓർമകളിൽനിന്നാണ് ഫാറൂഖ് കോളേജ് മുന്നോട്ട് കുതിക്കാനുള്ള ഊർജ്ജം സംഭരിക്കേണ്ടത്.

ഫാറൂഖ് കോളേജിലെ പ്രിൻസിപ്പൽമാർ

1. സയ്യിദ് മൊഹിദ്ദീൻ ഷാ സാഹിബ് (സ്ഥാപക പ്രിൻസിപ്പൽ – 1948-55)
2 എൻ.വി ബീരാൻ സാഹിബ് (1955-1957 പ്രിൻസിപ്പൽ ഇൻചാർജ് )
3 പ്രാഫ. കെ.എ.ജലീൽ (1957- 1979)
4. പ്രൊഫ. വി. മുഹമ്മദ് (1979-1983. )
5. പ്രൊഫ. യു. മുഹമ്മദ് (1983-1988)
6 പ്രൊഫ. ടി. കെ.മുഹമ്മദ്. (1988-1989)
7. പ്രൊഫ. വി. വി. കുഞ്ഞബ്ദുള്ള (1989-1996)
8. ഡോ. മുബാറക്ക് പാഷ (1996-2004)
9 പ്രൊഫ. എ. കുട്ട്യാലിക്കുട്ടി (2004-2011)
10. പ്രൊഫ. ഇ.പി ഇമ്പിച്ചിക്കോയ (2011- 2018)
11. ഡോ: കെ.എം നസീർ (2018-2023)
12. ഡോ. ആയിശ സ്വപ്‌ന (2023 -തുടരുന്നു)

വിവരങ്ങൾക്ക് കടപ്പാട്:
ഡോ. അസീസ് തരുവണ, കെ.എം അൽതാഫ്, കെ.കെ ആലിക്കുട്ടി
ഫാറൂഖ് കോളേജ് പബ്ലിക്കേഷൻ ഡിവിഷൻ പ്രസിദ്ധീകരിച്ച ‘ഫാറൂഖ് കോളേജ്, ഓർമ്മ, അനുഭവം’.

webdesk15: