ഫാറൂഖ് ട്രെയിനിംഗ് കോളേജിലെ അധ്യാപകന്‍ ജവഹര്‍ മുനവ്വറിനെതിരെ ചുമത്തിയിരിക്കുന്ന കേസിനെതിരെ ആക്ഷേപങ്ങള്‍ ഉയരുന്നു. ചുമത്തിയിരിക്കുന്ന ഐ.പി.സി 354എ, 509 വകുപ്പുകള്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗീക അക്രമങ്ങള്‍ക്കും പരാമര്‍ശങ്ങള്‍ക്കും എതിരെ കേസെടുക്കാനുള്ള വകുപ്പുകളാണെന്നാണ് ഉയര്‍ന്നുവരുന്ന വാദം. ഈ വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ അബ്ദുല്‍ കരീം ഉത്തല്‍കണ്ടിയില്‍ വ്യക്തത വരുത്തി എഴുതിയ പോസ്റ്റ് ശ്രദ്ധേയമാണ്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഫാറൂഖ് കോളേജിലെ അധ്യാപകനായ ജവഹര്‍ മുനവ്വറിനെതിരെ കേസെടുത്തിരിക്കുന്നത് ഐപിസി 354എ, 509 വകുപ്പുകള്‍ പ്രകാരമാണ് എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.
ഒരു സ്ത്രീയുടെ നേര്‍ക്ക് വാക്കാലോ പ്രവൃത്തിയാലോ സൂചനായാലോ ഒക്കെ നടത്തുന്ന ലൈംഗീക അക്രമങ്ങള്‍ക്കും പരാമര്‍ശങ്ങള്‍ക്കും എതിരെ കേസെടുക്കാനുള്ള വകുപ്പുകളാണിവ. സ്ത്രീ സമൂഹത്തെ മൊത്തത്തിലോ ഒരു പ്രത്യേക വിഭാഗം സ്ത്രീകളെ മാത്രമായോ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചാല്‍ എടുക്കാനുള്ള വകുപ്പുകളല്ല. അങ്ങനെ കേസെടുക്കാന്‍ വകുപ്പുകളൊന്നും ഇല്ല എന്നാണ് എന്റെ അറിവ്. സ്ത്രീകളുടെ മാത്രം കാര്യത്തിലല്ല, മുസ്ലീങ്ങളെ കുറിച്ചായാലും ടഇടഠ അട്രോസിറ്റി ആക്റ്റ് അനുസരിച്ചായാലും ഒക്കെ വ്യക്തികള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കും പരാമര്‍ശങ്ങള്‍ക്കും എതിരെയാണ് അതാത് വകുപ്പുകള്‍. അല്ലായിരുന്നെങ്കില്‍ കേരളം മൊത്തം ജയിലില്‍ പോയി കിടക്കേണ്ടി വരും.
എന്താണ് കുറ്റകൃത്യമെന്നോ എന്തിനാണ് നിയമങ്ങളെന്നോ അറിവില്ലാത്ത, ഭരണകൂട വിധേയത്വം നിറഞ്ഞ, വിവരംകെട്ട ഒരാള്‍ക്കൂട്ടം മുസ്ലീം വിരുദ്ധരും കൂടിയാവുന്നതിന്റെ ഭവിഷ്യത്തുകളാണ് മുസ്ലീങ്ങള്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നം. അതിരിക്കെ, പോലീസിനും ഭരണകൂടത്തിനുമൊക്കെ കാര്യങ്ങള്‍ എളുപ്പമാണ്.
കേരളത്തില്‍ മുസ്ലീങ്ങളെ ഫ്രെയിം ചെയ്യാവുന്ന ഏതു വിഷയത്തിലും എന്നപോലെ ഈ കാര്യത്തിലും ഏറ്റവും വലിയ ദ്രോഹം ചെയ്തത് ഇടതുപക്ഷ മാധ്യമങ്ങളാണ്. ഡൂള്‍ന്യൂസ്, റിപ്പോര്‍ട്ടര്‍, സൗത്ത് ലൈവ് തുടങ്ങിയ മാധ്യമങ്ങളാണ് ജവഹര്‍ പറയാത്ത വാക്കുകള്‍ തലക്കെട്ടുകളായി പ്രസിദ്ധീകരിച്ചും വളച്ചൊടിച്ചും കാമ്പയിനുകള്‍ നടത്തി ഇല്ലാത്ത പ്രശ്‌നം ഉണ്ടാക്കിയെടുത്തത്. അതിപ്പോഴും തുടരുന്നുമുണ്ട്. ഇവരുടെയൊക്കെ ഫേസ്ബുക്ക് പേജുകള്‍ സംഘപരിവാര്‍ സൈബര്‍ കൂട്ടം ആക്രമിക്കുമ്പോള്‍ രക്ഷിച്ചുകൊടുക്കാന്‍ മുസ്ലീങ്ങള്‍ തന്നെ അദ്ധ്വാനിക്കുന്നതുകണ്ട് ഞാന്‍ അമ്പരന്നിട്ടുണ്ട്.
തങ്ങളുടെ ചോര കുടിച്ചു ജീവിക്കുന്ന അട്ടകളെ എന്നാണ് സമുദായം തിരിച്ചറിയുക?